ചോരപ്പുഴയൊഴുകുന്ന പലസ്തീൻ

മനുഷ്യത്വരഹിതമായ ഒരു പ്രതിസന്ധിയിലൂടെയാണ് പലസ്തീനിലെ ജനങ്ങൾ കടന്നുപോകുന്നത്
A view from Gaza, Palestine, which was hit by Israel air force
A view from Gaza, Palestine, which was hit by Israel air force

അഡ്വ. പി.എസ് . ശ്രീകുമാർ

മനുഷ്യത്വരഹിതമായ ഒരു പ്രതിസന്ധിയിലൂടെയാണ് പലസ്തീനിലെ ജനങ്ങൾ കടന്നുപോകുന്നത്. വെടിയൊച്ചകളുടെയും ബോംബ് സ്ഫോടനങ്ങളുടെയും നടുവിൽ, ആശ്രയമില്ലാതെ എല്ലാമുപേക്ഷിച്ചു പലായനം ചെയ്യുകയാണവർ. കഴിഞ്ഞ ഒക്റ്റോബർ 7നു ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന്‍റെ പേരിൽ പലസ്തീൻ ജനതയ്ക്കെതിരേ ഇസ്രയേൽ ഏകപക്ഷീയമായി നടത്തുന്ന നിഷ്‌ഠൂരമായ സൈനികാക്രമണം സമാനതകളില്ലാത്ത ക്രൂരതയോടെ തുടരുകയാണ്. ഹമാസ് അന്നു നടത്തിയ ആക്രമണങ്ങളിൽ 1,400ലേറെപ്പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്. നിരവധി കുട്ടികളും സ്ത്രീകളും അതിലുണ്ടായിരുന്നു. 250ഓളം ഇസ്രേലികളെയും വിദേശികളെയും ബന്ദികളാക്കി.

ഇതിനു പ്രതികാരമായി ഇസ്രയേൽ അഴിച്ചുവിട്ട ആക്രമണങ്ങളിൽ 10,000 ൽപ്പരം പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. അതിൽ കുട്ടികൾ മാത്രം 4,000ത്തിനു മേൽ വരും. ഇസ്രയേലിന്‍റെ ബോംബാക്രമണങ്ങളിൽ ആശുപത്രികളും സ്കൂളുകളും ഉൾപ്പെടെ നശിപ്പിക്കപ്പെടുന്നു. കരളലിയിക്കുന്ന ചിത്രങ്ങളാണ് യുദ്ധമേഖലയിൽ നിന്നു പുറത്തുവരുന്നത്. പലസ്തീനിലെ ഊഷരഭൂമിയിലൂടെ ഒഴുകുന്നത് സ്ത്രീകളും, കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ളവരുടെ രക്തപ്പുഴയാണ്. പച്ചയായ മനുഷ്യാവകാശ ധ്വംസനമാണ് ഇസ്രയേൽ ഗാസയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരേ ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവർത്തകരും, ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കുകയാണ്.

ഒക്റ്റോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തെ നിശിതമായി വിമർശിച്ച നരേന്ദ്ര മോദി സർക്കാർ ഇസ്രയേൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ തള്ളിപ്പറയാൻ ഇതുവരെയും തയാറായിട്ടില്ല എന്നത് തികച്ചും ലജ്ജാകരമാണ്. അവിടെ നടക്കുന്ന കൊടും ക്രൂരതകൾക്ക് അറുതിവരുത്താൻ വെടിനിർത്തൽ അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒക്റ്റോബര് 26ന് ഐക്യരാഷ്‌ട്രസഭാ പൊതു സഭയിൽ വന്ന പ്രമേയത്തിൽ 120 രാജ്യങ്ങൾ അനുകൂലിച്ചു വോട്ടു ചെയ്തു. അമേരിക്കയും, ബ്രിട്ടനും ഉൾപ്പെടെ 14 രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു. മുൻ നിലപാടുകളിൽ നിന്നും വ്യത്യസ്‍തമായി ഇന്ത്യ ഈ പ്രമേയത്തെക്കുറിച്ചുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുകയാണ് ചെയ്തത്.

ഇന്ത്യ കൈക്കൊണ്ട ഈ നടപടിയെ പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ അപലപിച്ചപ്പോൾ, വിദേശകാര്യ മന്ത്രി എസ്‌. ജയശങ്കർ പറഞ്ഞത്, ഒക്റ്റോബർ 7ന് "ഹമാസ് നടത്തിയ തീവ്രവാദി ആക്രമണങ്ങളിൽ' 1,405 ഇസ്രേലികൾ കൊല്ലപ്പെട്ടെന്നും ആ കാര്യം പ്രമേയത്തിൽ ഉൾപ്പെടുത്താത്തതു കൊണ്ടാണ് ഇന്ത്യ വിട്ടുനിന്നതെന്നുമാണ്. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി പൗരന്മാരുടെ മോചനം ഉടനടി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇന്ത്യയുടെ ആവശ്യം ശക്തമായി പൊതു സഭയിലെ ചർച്ചയിൽ ഉന്നയിക്കുന്നതിനൊപ്പം വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് അവതരിപ്പിച്ച പ്രമേയത്തിൽ അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു മോദി സർക്കാർ ചെയ്യേണ്ടിയിരുന്നത്. പക്ഷേ അത് ചെയ്യാതെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത് സ്വതന്ത്ര ഇന്ത്യ ഇത്രയും വർഷം പിന്തുടർന്ന നിലപാടുകളിൽ നിന്നുമുള്ള വ്യതിയാനമായിരുന്നു.

90 വർഷങ്ങൾക്ക് മുമ്പ്, 1933 മേയ് 29ന്, ജവാഹർലാൽ നെഹ്‌റു മകൾ ഇന്ദിരയ്ക്ക് അയച്ച കത്തിൽ പലസ്തീനിന്‍റെ ചരിത്രം വളരെ വിശദമായി എഴുതി. യഹൂദരും അറബികളും തമ്മിൽ ഇടയ്ക്കിടെയുണ്ടാകുന്ന ഏറ്റുമുട്ടലുകളെക്കുറിച്ചു പരാമർശിച്ച ശേഷം അദ്ദേഹം ഒരു കാര്യം വളരെ വ്യക്തമായി പറഞ്ഞു. "But we must remember that Palestine is essentially an Arab country, and must remain so, and the Arabs must not be crushed and suppressed in their own homelands. The two peoples could well co-operate together in a free Palestine, without encroaching on each other's legitimate interests, and help in building up a progressive country'. [Glimpses of World History]. സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോഴും ഈ നിലപാടിൽ നിന്നും അദ്ദേഹം അണുവിട മാറിയില്ല.

പലസ്തീൻ വിഭജിച്ച് ഇസ്രയേൽ രാജ്യം രൂപീകരിക്കാനായി 1947ൽ അമെരിക്കയുടെ നേതൃത്വത്തിൽ ഐക്യരാഷ്‌ട്രസഭയിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ അതിനെതിരേ വോട്ട് ചെയ്യുകയായിരുന്നു അന്നത്തെ നെഹ്‌റു സർക്കാർ ചെയ്തത്. അമെരിക്കയുടെ നേതൃത്വത്തിൽ ഐക്യരാഷ്‌ട്ര സഭ എതിർപ്പുകളെയെല്ലാം അവഗണിച്ച് ഇസ്രയേൽ

രാജ്യത്തിന് അംഗീകാരം നല്കിയപ്പോഴും ഇന്ത്യ അതിനെ എതിർത്തു. പിന്നീട്, ഇറാനും തുർക്കിയും ഉൾപ്പെടെ ചില അറബ് രാജ്യങ്ങൾ ഇസ്രയേലിന് അംഗീകാരം നൽകിക്കഴിഞ്ഞപ്പോൾ മാത്രമാണ്, ആ രാജ്യത്തെ ഇന്ത്യ അംഗീകരിച്ചത്. അതിനുശേഷം 1956ൽ ഉണ്ടായ സൂയസ് കനാൽ പ്രശ്നത്തിൽ ബ്രിട്ടനും ഫ്രാൻസും ഇസ്രയേലും ചേർന്നാണ് ഈജിപ്തിനെ ആക്രമിച്ചത്‌. ഈജിപ്റ്റിന്‍റെ പരമാധികാരത്തെ കടന്നുകയറിയുള്ള ആക്രമണത്തെ പ്രധാനമന്ത്രി നെഹ്‌റു നിശിതമായി വിമർശിച്ചു. മാത്രമല്ല, ഈജിപ്റ്റിന്‍റെയും അതിന്‍റെ പ്രസിഡന്‍റ് ആയിരുന്ന ഗമാൽ അബ്ദുൽ നാസറിന്‍റെയും നേതൃത്വത്തിനു പിന്നിൽ ഇന്ത്യ അടിയുറച്ചു നിന്നു. അതിനുമുപരി മറ്റു ചേരിചേരാ രാജ്യങ്ങളെയും ഈജിപ്തിന് അനുകൂലമായി മാറ്റുവാൻ നെഹ്രുവിനും വിദേശകാര്യ മന്ത്രിയായിരുന്ന വി.കെ. കൃഷ്ണ മേനോനും സാധിച്ചു.

പിന്നീട്, 1948ലും 1967ലും ഇസ്രയേൽ പലസ്തീനെ ആക്രമിച്ച് സിനായ്, ഗാസ മുനമ്പ്, വെസ്റ്റ് ബാങ്ക്, ജറുസലേം, ഗോലാൻ കുന്നുകൾ തുടങ്ങിയ പ്രദേശങ്ങൾ കീഴടക്കി. മാത്രമല്ല, പുതുതായി പിടിച്ചെടുത്ത സ്ഥലങ്ങളിലേക്ക് ഇസ്രയേലികളെ കുടിയേറ്റി. ഇന്നും ഈ കുടിയേറ്റം ഇസ്രയേൽ തുടർന്നുകൊണ്ടിരിക്കുന്നു. 1982ൽ ഗാസയും സിനായ് ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളും ഒത്തുതീർപ്പു ഭാഗമായി ഇസ്രയേൽ തിരിച്ചു നല്കാൻ നിർബന്ധിതരായെങ്കിലും, മറ്റു പ്രദേശങ്ങളിലുള്ള ആധിപത്യം ഇപ്പോഴും ഇസ്രയേലിന്‍റെ നിയന്ത്രണത്തിലാണ്. അന്ന് നടത്തിയ ഈ അക്രമങ്ങളെയും ഇന്ത്യ അതിശക്തമായി എതിർത്തു.

അതുപോലെ പലസ്തീൻ ജനതയുടെ പ്രാതിനിധ്യമുള്ള പലസ്തീൻ ലിബറഷൻ ഓർഗനൈസേഷനെ അമേരിക്ക 1987ൽ തീവ്രവാദി സംഘടനയായി പ്രഖ്യാപിച്ചു. എന്നാൽ, പിഎൽഒയെ 1988ൽ ആദ്യം അംഗീകരിച്ച അറബ്- ഇതര രാജ്യം ഇന്ത്യയായിരുന്നു. 2014ൽ മോദി സർക്കാർ അധികാരത്തിൽ വരുന്നതുവരെ, ഐക്യരാഷ്‌ട്ര സഭ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര വേദികളിൽ പലസ്തീൻ അനുകൂല നിലപാടായിരുന്നു ഇന്ത്യ എന്നും എടുത്തിരുന്നത്.

പലസ്തീനി ജനങ്ങളെ സംബന്ധിച്ചേടത്തോളം, ഒരു സ്വതന്ത്ര രാജ്യമെന്നത് അവരുടെ അവകാശമാണ്. പിറന്ന മണ്ണിൽപ്പോലും സ്വതന്ത്രമായി ജീവിക്കാൻ സാധിക്കാത്ത ദുഃഖകരവും ദയനീയവുമായ അവസ്ഥയിലാണ് അവിടത്തെ ജനങ്ങൾ. അവിടെയാണ് അമെരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്രയേലുമായി ചേർന്ന് ഒളിച്ചുകളിക്കുന്നത്. സ്വതന്ത്ര പലസ്തീൻ ഉണ്ടായെങ്കിൽ മാത്രമേ പശ്ചിമേഷ്യയിലെ ഈ പ്രധാന പ്രശ്നത്തിന് പരിഹാരം ഉണ്ടാകൂ.

മോദി സർക്കാരും ഇപ്പോഴത്തെ ഇസ്രയേൽ അനുകൂല നിലപാട് മാറ്റി, 1947 മുതൽ ഇന്ത്യ പിന്തുടർന്ന് വന്ന നിലപാടിലേക്കു മടങ്ങണം. അടിയന്തരമായി വേണ്ടത് പാവപ്പെട്ട പലസ്തീൻ ജനതയുടെ ജീവൻ രക്ഷിക്കുക എതാണ്. അതിനു വെടിനിർത്തൽ നടപ്പിലാക്കണം. ജി20യുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ഇന്ത്യ വെടിനിർത്തൽ ഉടനടി നടപ്പിലാക്കാൻ മറ്റുള്ള രാജ്യങ്ങളുമായി ചേർന്ന് ശ്രമിക്കണം.

(ലേഖകന്‍റെ ഫോൺ- 9847173177)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com