ആർക്കും കേവല ഭൂരിപക്ഷമില്ല; തുർക്കി രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക്

ആദ്യ ഘട്ടത്തിൽ ആർക്കും 50 ശതമാനം വോട്ട് ലഭിച്ചില്ല
റജബ് തയ്യിപ് ഉർദുഗാൻ, കെമാൽ കിലിദരോഗ്ലു
റജബ് തയ്യിപ് ഉർദുഗാൻ, കെമാൽ കിലിദരോഗ്ലു

അങ്കാര: പ്രസിഡന്‍റ് തെരെഞ്ഞെടുപ്പിൽ ആർക്കും അമ്പത് ശതമാനം വോട്ട് നേടാൻ സാധിക്കാഞ്ഞതിനാൽ തുർക്കി രണ്ടാം ഘട്ട വോട്ടെടുപ്പിനു തയാറാകുന്നു. മേയ് 28നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.

20 വർഷമായി തുർക്കിയുടെ ഭരണം കൈയാളുന്ന പ്രസിഡന്‍റ് റജബ് തയ്യിപ് ഉർദുഗാൻ 49.04 ശതമാനം വോട്ടാണ് നേടിയത്.

99.4 ശതമാനം ആഭ്യന്തര വോട്ടുകളും 84 ശതമാനം പ്രവാസി വോട്ടുകളും എണ്ണിത്തീർന്നപ്പോൾ 49.4 ശതമാനം വോട്ടുകളാണ് ഉർദുഗാൻ സ്വന്തമാക്കിയത്. ആറു പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർഥിയായ കെമാൽ കിലിദരോഗ്ലു 45 ശതമാനം വോട്ട് സ്വന്തമാക്കിയിട്ടുണ്ട്.

മറ്റൊരു സ്ഥാനാർഥിയായ സിനാൻ ഓഗൻ 5.2 ശതമാനം വോട്ടും നേടി. രണ്ടാം ഘട്ടത്തിൽ ഉർദുഗാനും കിലിദരോഗ്ലുവും മാത്രമായിരിക്കും മത്സരരംഗത്ത്. ആദ്യ ഘട്ടത്തിൽ ഓഗനു ലഭിച്ച വോട്ടുകൾ രണ്ടാം ഘട്ടത്തിൽ എങ്ങനെ വിഭജിക്കപ്പെടും എന്നതിനെ ആശ്രയിച്ചായിരിക്കും അന്തിമ ഫലം.

തിങ്കളാഴ്ച രാവിലെയും താൻ വിജയിക്കുമെന്ന പ്രതീക്ഷ ഉർദുഗാൻ പ്രകടിപ്പിച്ചു. രാജ്യത്തിന്‍റെ തീരുമാനം എന്തു തന്നെയായാലും താനത് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തിൽ കിലിദോരോഗ്ലു നേരിയ ഭൂരിപക്ഷം നേടുമെന്നാണ് ചില എക്സിറ്റ് പോളുകൾ പ്രവചിച്ചിരിക്കുന്നത്. ചിലരുടെ വിലയിരുത്തൽ ഉർദുഗാനൊപ്പവും നിന്നു. ആർക്കും കാര്യമായ ഭൂരിപക്ഷം പ്രവചിക്കപ്പെട്ടിരുന്നില്ല.

600 സീറ്റുകളുള്ള പാർലമെന്‍റിൽ ഭൂരിപക്ഷം നേടാനുള്ള ശ്രമങ്ങളും തുടരുകയാണ്. വോട്ടെണ്ണൽ ഫലം ഉർദുഗാന് അനുകൂലമായാണ് പുറത്തു വിടുന്നതെന്ന ആരോപണം കിലിദോരോഗ്ലു ഉന്നയിക്കുന്നുണ്ട്. ഉർദുഗാന്‍റെ വോട്ടിങ് ശതമാനം ഊതിപ്പെരുപ്പിച്ചതാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

നിലവിലുള്ള തരംഗമനുസരിച്ച് രണ്ടാം ഘട്ട വോട്ടെടുപ്പിൽ ഉർദുഗാൻ വിജയം കൊയ്യാനുള്ള സാധ്യത ശക്തമാകുന്നുണ്ട്. എന്തായാലും രാജ്യത്ത് ശക്തമായ രാഷ്ട്രീയ ധ്രുവീകരണം നടന്നുവെന്നതിൽ സംശയമില്ലെന്ന് നിരീക്ഷകർ പറയുന്നു.

പുടിന്‍റെ അടുപ്പക്കാരനായ ഉർദുഗാൻ വീണ്ടും തുർക്കിയിൽ അധികാരത്തിലേറിയാൽ റഷ്യയ്ക്ക് അതൊരു ശുഭവാർത്തയായിരിക്കും. എന്നാൽ യുഎസ് പ്രസിഡന്‍റ് ബൈഡനെ അതു നിരാശനാക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com