ദുബായ്: റഷ്യയും ഉക്രെയ്നും തമ്മിലുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിൽ 230 തടവുകാരെ മോചിപ്പിച്ചു. യുഎഇയുടെ മധ്യസ്ഥതയിലാണ് കൈമാറ്റം നടത്തിയതെന്ന് ദേശീയ വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു.
യുദ്ധം ചെയ്യുന്ന രാജ്യങ്ങൾ തമ്മിലുള്ള തടവുകാരുടെ കൈമാറ്റത്തിന് യുഎഇ മധ്യസ്ഥത വഹിക്കുന്നത് ഇത് ഏഴാം തവണയാണ്. ഓഗസ്റ്റ് ആറിന് റഷ്യയിൽ യുക്രെയ്ൻ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഒരു പ്രദേശം പിടിച്ചെടുത്ത ശേഷമുള്ള തടവുകാരുടെ ആദ്യ കൈമാറ്റമാണിത്. ഉക്രെയ്ൻ വാർഷിക സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് കരാർ പ്രഖ്യാപിച്ചത്.
ഇതോടെ, മധ്യസ്ഥതയിലൂടെ ഇരു രാജ്യങ്ങളും തമ്മിൽ കൈമാറ്റം ചെയ്ത തടവുകാരുടെ എണ്ണം 1,788 ആയി. യുഎഇ മാധ്യസ്ഥത്തിൽ 190 തടവുകാരെ മോചിപ്പിച്ചതായി ജൂലൈയിൽ വിദേശ കാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
റഷ്യൻ - യുക്രൈൻ സർക്കാരുകളുടെ സഹകരണത്തിന് വിദേശ കാര്യ മന്ത്രാലയം അഭിനന്ദനം അറിയിച്ചു. 2022 ഡിസംബറിൽ യുഎസിനും റഷ്യയ്ക്കുമിടയിൽ രണ്ട് തടവുകാരെ കൈമാറുന്നതിനും യുഎഇ മധ്യസ്ഥത വഹിച്ചു.