''ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്'', പിന്നെ ഒരു രാജ്യം, ഒറ്റ പാർട്ടി?

തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിന് അനുകൂലമായി ഉയർത്തുന്ന വാദങ്ങൾ പ്രധാനമായും രണ്ടാണ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും.File photo

അജയൻ

ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുക എന്ന നിർദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും കുറച്ചുകാലമായി മുന്നോട്ടുവയ്ക്കുന്നതാണ്. ഒടുവിൽ, 'ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്' എന്ന ആശയത്തിൽ മോദി ഒരു ചുവട് കൂടി മുന്നോട്ടു വച്ചിരിക്കുന്നു, ഇതെക്കുറിച്ചു പഠിക്കാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ അധ്യക്ഷതയിൽ ഒരു സമിതിയെ നിയോഗിച്ചുകൊണ്ട്.

തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിന് അനുകൂലമായി ഉയർത്തുന്ന വാദങ്ങൾ പ്രധാനമായും രണ്ടാണ്:

1. അഞ്ച് വർഷം തടസങ്ങളില്ലാത്ത തുടർഭരണം ഉറപ്പാക്കുക.

2. തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കുക.

സംസ്ഥാന സർക്കാരുകൾ നിരന്തരം നിലംപതിക്കുകയും ഇടയ്ക്കിടെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുകയും ചെയ്തിരുന്ന കാലം കഴിഞ്ഞു പോയി എന്നതിനാൽ ആദ്യത്തെ വാദത്തിനു പ്രസക്തി കുറവാണ്. അതുമാത്രമല്ല, തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ വരുന്ന മുന്നണിയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ഉൾപ്പെടണമെന്നു പോലുമില്ല.

രണ്ടാമത്തെ കാരണത്തിലേക്കു വരുമ്പോൾ, ഇന്ത്യ ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കണമെന്നു നിർദേശിക്കുന്ന ഭരണഘടന, അതിനു വരുന്ന ചെലവ് കാര്യമായെടുക്കുന്നതേയില്ല എന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഏറ്റവും കൂടുതൽ പണമൊഴുക്കുന്നത് ഇപ്പോൾ കോർപ്പറേറ്റുകളുമാണ്. ഇലക്‌ഷൻ ബോണ്ട് എന്ന ആശയം തന്നെ ഇതിനുദാഹരണം.

അതേസമയം, ഒരേ സമയം ഇത്രയധികം തെരഞ്ഞെടുപ്പുകൾ നടത്തേണ്ടി വരുമ്പോൾ, അതിനാവശ്യമായ വോട്ടിങ് യന്ത്രങ്ങളുടെ എണ്ണവും ബൃഹത്തായിരിക്കും. രാജ്യം മുഴുവൻ ഒരേ സമയത്ത് പല തലങ്ങളിലായി തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വവും സർക്കാരിനു മേൽ വന്നുചേരുന്നു. ഇതെല്ലാം യഥാർഥത്തിൽ പൊതു ഖജനാവിനു മേൽ ഭാരം വർധിപ്പിക്കുന്ന കാര്യങ്ങളാണ്. നിലവിൽ ഓരോ സമയത്തെ തെരഞ്ഞെടുപ്പുകൾക്കായി വോട്ടിങ് യന്ത്രങ്ങൾ മാറിമാറി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അതുപോലെ, സുരക്ഷാ ഉദ്യോഗസ്ഥരെയും ആവശ്യാനുസരണം മാറ്റി മാറ്റി വിന്യസിക്കുന്നു.

ഒന്നിച്ചു നടത്തിത്തുടങ്ങിയ തെരഞ്ഞെടുപ്പുകൾ പലപ്പോഴായി ചിതറി മാറി, ഇന്ത്യൻ ജനാധിപത്യം ഇന്നത്തെ ഘടനയിലേക്ക് രൂപാന്തരം പ്രാപിച്ചത് എങ്ങനെയാണെന്നു വ്യക്തമാകാൻ കുറച്ചു ചരിത്രം കൂടി പരിശോധിക്കേണ്ടി വരും.

1952ൽ രാജ്യം ജനാധിപത്യ സംവിധാനം സ്വീകരിച്ചപ്പോൾ എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ചു തന്നെയാണ് നടത്തിയത്. ദേശീയ തലത്തിൽ കോൺഗ്രസ് പാർട്ടിക്കുണ്ടായിരുന്ന അപ്രമാദിത്വം സംസ്ഥാന നിയമസഭകളിലും പ്രതിഫലിച്ചിരുന്നു. കാലക്രമേണ കോൺഗ്രസിന്‍റെ ശക്തി ക്ഷയിച്ചുതുടങ്ങുകയും, വിവിധ സംസ്ഥാനങ്ങളിൽ മറ്റു പാർട്ടികളും മുന്നണികളും അധികാരത്തിലെത്തുകയും ചെയ്തുതുടങ്ങി. നിലവിലുള്ള സാഹചര്യത്തിൽ തെരഞ്ഞെടുപ്പുകൾ വീണ്ടും ഒരേ സമയത്താക്കിയാൽ അതിന്‍റെ ഗുണം ഒരൊറ്റ പാർട്ടിക്കു മാത്രമായിരിക്കും എന്ന് ഇതിൽ നിന്നു വ്യക്തമാണ്. അതൊരിക്കലും അധികാര വികേന്ദ്രീകരണം എന്ന ജനാധിപത്യത്തിലെ അടിസ്ഥാന സങ്കൽപ്പത്തിന് അനുഗുണമായിരിക്കുകയുമില്ല.

രാജ്യം പ്രസിഡൻഷ്യൽ ഭരണ സമ്പ്രദായത്തിനു പകരം ഫെഡറൽ സമ്പ്രദായമാണു സ്വീകരിച്ചിട്ടുള്ളത്. അതിനാൽ ഒരുമിച്ചുള്ള തെരഞ്ഞെടുപ്പ് ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്ത അടിസ്ഥാന ദർശനത്തിനു തന്നെ വിരുദ്ധമായി മാറും. ഓരോ സംസ്ഥാനത്തെയും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും പ്രത്യേകം ജനാധിപത്യ യൂണിറ്റുകളായാണ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്; ഫെഡറലിസത്തിന്‍റെ അടിത്തറയും ഇതേ ആശയത്തിൽ തന്നെയാണ്.

ഇതിനു പുറമേ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിന്നു വ്യത്യസ്തമായി, പ്രാദേശിക വിഷയങ്ങൾക്കായിരിക്കും പ്രധാന്യം. രാജ്യത്തിന്‍റെ ജനാധിപത്യ ചട്ടക്കൂടിനുള്ളിൽ വൈവിധ്യം സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്.

ഒറ്റ തെരഞ്ഞെടുപ്പ് രീതി വന്നാൽ, സംസ്ഥാന സർക്കാരിന് നിയമസഭയുടെ വിശ്വാസം നഷ്ടപ്പെടുന്നതു പോലുള്ള സ്ഥിതിവിശേഷങ്ങളും പരിഗണിക്കപ്പെടേണ്ടതുണ്ട്. പകരം സർക്കാർ ജനാധിപത്യരീതിയിൽ ഉരുത്തിരിയുന്നില്ലെങ്കിൽ, അഞ്ച് വർഷ കാലാവധി പൂർത്തിയാകുന്നതു വരെ സംസ്ഥാനം ഗവർണർ ഭരണത്തിൽ തുടരേണ്ട സാഹചര്യമുണ്ടാകും. ഗവർണർ ഭരണമെന്നാൽ, പ്രായോഗിക തലത്തിൽ കേന്ദ്ര സർക്കാർ നേരിട്ട് സംസ്ഥാനം ഭരിക്കുക എന്നതു തന്നെ. സംസ്ഥാനത്തെ ജനത വോട്ട് ചെയ്തത് കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കെതിരാണെങ്കിൽപ്പോലും അതേ പാർട്ടി സംസ്ഥാനം ഭരിക്കുന്ന അവസ്ഥയുണ്ടാകും. സംസ്ഥാനവും യൂണിയനും രണ്ടാണെന്നും, രണ്ടും ഒന്നാക്കാനുള്ള ഏതു ശ്രമവും ഫെഡറൽ ജനാധിപത്യത്തിന് എതിരാണെന്നും മനസിലാക്കേണ്ടതുണ്ട്.

വ്യത്യസ്ത രാഷ്‌ട്രീയ പാർട്ടികൾ ഉൾപ്പെടുന്നതും, അന്താരാഷ്‌ട്ര, ദേശീയ, സംസ്ഥാന, പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതുമായ ജനാധിപത്യ പ്രക്രിയയാണ് തെരഞ്ഞെടുപ്പ്. ജനാധിപത്യത്തിന്‍റെ മഹത്വവും ഇതു തന്നെയാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ജനങ്ങളോട് ഉത്തരവാദിത്വമുണ്ട്, അവരോടു മറുപടി പറയാൻ ബാധ്യസ്ഥരുമാണ്. ജനപിന്തുണ നഷ്ടമാകുമെന്ന ബോധ്യമാണ് അവരെ ജാഗരൂകരാക്കി നിർത്തുന്നത്. ഏകവത്കരണത്തിലൂടെ ഈ രീതി അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്‍റെ ഫലം ദുരന്തമായിരിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com