ഗ്രോ വാസുവും പൊലീസും

"കുറ്റം സമ്മതിക്കുന്നോ' എന്ന കോടതിയുടെ ചോദ്യത്തോട് താൻ ഒരു പ്രതിഷേധത്തിലാണ് എന്നായിരുന്നു മറുപടി
ഗ്രോ വാസു
ഗ്രോ വാസു

അതീതം | എം.ബി. സന്തോഷ്

"ഗ്രോ വാസു ഉൾപ്പടെ അനേകം

നീതിവാദികൾ തടവറയിൽ;

അതിലേറെ കൊടും കുറ്റവാളികൾ

സിംഹാസനങ്ങളിൽ.

ഇങ്ങനെയൊരു ദേശം

ആഘോഷിക്കണോ ഓണം?'

- ചോദ്യം "കെജിഎസ്' എന്ന കെ.ജി. ശങ്കരപ്പിള്ളിയുടേത്.

തൊഴിലാളി സംഘടനാ പ്രവർത്തകനും അറിയപ്പെടുന്ന മനുഷ്യവകാശ പ്രവർത്തകരിൽ‌ ഒരാളുമാണ് 94കാരനായ ഗ്രോ വാസു. തൊഴിലാളി പ്രസ്ഥാനമായ സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡന്‍റ്. ദേശീയ മനുഷ്യവകാശ ഏകോപന സമിതി സംസ്ഥാന അധ്യക്ഷനുമായിരുന്നു. മുൻ നക്സൽ നേതാവ് കൂടിയായ ഇദ്ദേഹത്തിന്‍റെ പൂർണമായ പേര് അയിനൂർ വാസു. "ഗ്രോ' എന്നത് ഇദ്ദേഹം സ്ഥാപകരിലൊരാളായ കോഴിക്കോട് മാവൂർ ഗ്വാളിയോർ റയേൺസിലെ തൊഴിലാളി സംഘടനയായ "ഗ്വാളിയർ റയോൺസ് വർക്കേഴ്സ് ഓർഗനൈസേഷൻ' എന്നതിന്‍റെ ചുരുക്ക രൂപമാണ്.

കരുളായി വനമേഖലയില്‍ 2016 നവംബർ 24ന് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം രണ്ടു ദിവസത്തിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് മോർച്ചറിയിലെത്തിച്ചപ്പോള്‍ പ്രതിഷേധിച്ച കേസിലാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്. സംഘം ചേർന്നതിനും ഗതാഗത തടസം സൃഷ്ടിച്ചതിനുമായിരുന്നു അന്ന് കേസെടുത്തത്. സംഘം ചേർന്നതും ഗതാഗത തടസം സൃഷ്ടിച്ചതും ഉൾപ്പെടെയുള്ള കുറ്റപത്രം ഹാജരാക്കിയ സമയത്ത് "കുറ്റം സമ്മതിക്കുന്നോ' എന്ന കോടതിയുടെ ചോദ്യത്തോട് താൻ ഒരു പ്രതിഷേധത്തിലാണ് എന്നായിരുന്നു മറുപടി. കോടതി കുറ്റപത്രം വായിച്ച്‌ കേൾപ്പിച്ചു. പൊതുസ്ഥലത്ത് പ്രതിഷേധിച്ചതിന്‌ 1,000 രൂപ പിഴ അടയ്‌ക്കാനും തയാറായില്ല.

കേസിന്‍റെ വിചാരണ തുടങ്ങാൻ സാക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ മജിസ്ട്രേട്ട്‌ ആവശ്യപ്പെട്ടു. 2 തരം നിയമമാണ് നിലനിൽക്കുന്നതെന്നും 8 പേരെ വെടിവച്ചു കൊന്നത് അനീതിയാണെന്നും ഗ്രോ വാസു കോടതിയിൽ പറഞ്ഞു. അദ്ദേഹത്തിന്‌ പല തവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർ‌ന്നാണ്‌ അറസ്റ്റ് ചെയ്‌തത്‌. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തിന് സ്വന്തം നിലയ്ക്ക് ജാമ്യം അനുവദിക്കാൻ കോടതി സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അത് വേണ്ടെന്ന നിലപാട് എടുക്കുകയായിരുന്നു.

"രണ്ടു പേരെ വെടിവച്ചു കൊന്നവർക്കെതിരേ കേസൊന്നൂല്ല. ഒരു കുറ്റം ചെയ്യാത്ത ഞാൻ കേസിലും' - ജയിലിലേക്കു പോവും മുമ്പ് ഗ്രോവാസു പറഞ്ഞു. ഏറ്റുമുട്ടൽ കൊലപാതക കേസുകളിൽ എഫ്ഐആർ ഇടുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ഇതൊന്നും പാലിക്കാൻ പൊലീസ് തയാറായില്ല എന്നാണ് ഗ്രോ വാസുവിന്‍റെ ആക്ഷേപം. മാവോയിസ്റ്റുകളെ കോടതിയിലൊന്നും ഹാജരാക്കേണ്ട, കാട്ടിൽ വെടിവച്ചു കൊന്നാൽ മതിയെന്ന "നീതി ബോധം' അംഗീകരിക്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.

"മാവോയിസ്റ്റുകളോട് കടുത്ത വിയോജിപ്പുള്ളവർ പോലും മനുഷ്യർ, പൗരർ എന്ന നിലക്കുള്ള അവരുടെ അവകാശങ്ങൾ അംഗീകരിച്ചേ മതിയാകൂ. കുറ്റകൃത്യങ്ങളുണ്ടെങ്കിൽ നിലവിലെ നിയമ നടപടികളിലേക്ക് പോവുക. അല്ലാതെ വെടിവച്ചു കൊല്ലുകയല്ല വേണ്ടത്. ഇതെന്‍റെ പ്രൊട്ടസ്റ്റാണ്. കോടതിയോടല്ല, രണ്ടു തരം നീതിയോട്, പൊലീസിന്‍റെ ചെയ്തികളോടുള്ള പ്രതിഷേധമാണിത്. ഞങ്ങൾ ഒരു പ്രതിഷേധ യോഗം സംഘടിപ്പിച്ചു. അതിൽ രക്തസാക്ഷികളെ അനുസ്മരിച്ചു. അതാണ് ഒരു ഭീകര കുറ്റമായത്. ശരി, ഞാൻ ആ കുറ്റം സമ്മതിക്കാൻ തയാറാണ്. അതിനുള്ള ശിക്ഷയും വാങ്ങാം.

പക്ഷെ, വേറൊരു കാര്യമുണ്ട്. അവിടെ 2 പേർ മരിച്ചു. അജിത, കുപ്പു ദേവരാജ്. കൂടാതെ 8 പേരെ പശ്ചിമഘട്ടത്തിൽ വെടിവെച്ചു കൊന്നു. ഇതിനെ സംബന്ധിച്ച് ഒരന്വേഷണോം ഇല്ല, കേസുമില്ല. അതിനെ സംബന്ധിച്ച് ഭരണകൂടത്തിന് മിണ്ടാട്ടമില്ല. പൊലീസ് വെടിവച്ചിരിക്കുകയാണ്. വെടിവയ്പ്പിനെ സംബന്ധിച്ച് പറയുന്നത് അരയ്ക്കു താഴെ വെടിവയ്ക്കാം എന്നാണ്. ഒരു കുറ്റോം ചെയ്യാത്തവരാണ് ഈ 8 പേര്. അവരെ വാസ്തവത്തിൽ കൊല്ലാൻ വേണ്ടി വെടിവച്ചു. ആ രീതിയിൽ ഒരു അന്യായം നടന്നതിന് കുറ്റോം ഇല്ല, ശിക്ഷയുമില്ല, കേസൂല്ല.

പക്ഷെ, ഞാനൊരു പ്രതിഷേധം രേഖപ്പെടുത്തി. ആ പ്രതിഷേധമാണ് ഇപ്പോ ഭീകര കുറ്റം- ഇത് ഞാൻ അംഗീകരിക്കില്ല. ഇത് 2 തരം നിയമാണ്. ഇതിനെ ഞാൻ അംഗീകരിക്കില്ല .എന്‍റെ ആദർശത്തിന് അനുയോജ്യാണ് ഈ നിലപാട്. ഞാൻ‌ 50 കൊല്ലമായി ഒരു പാർട്ടിയിലുമില്ല. "മാർക്സിസം- ലെനിനിസം- മാവോ ചിന്ത' അടിസ്ഥാനത്തിലാണ് ഞാൻ പ്രവർത്തിക്കുന്നത്.' - കോടതി റിമാൻഡ് നീട്ടിയതിനെ തുടർന്ന് ജയിലിലേക്കു തന്നെ മടങ്ങുമ്പോൾ ഗ്രോ വാസു വിശദീകരിച്ചു.

ധര്‍ണ, പിക്കറ്റിങ്, ഉപരോധം, ഓഫിസ് വളയല്‍, വഴി തടയല്‍, പ്രതിഷേധ മാര്‍ച്ച്, പദയാത്രകള്‍ തുടങ്ങി ഘെരാവൊ നിയമവിരുദ്ധമാണെങ്കിൽ പോലും അതുൾപ്പെടെ വിവിധ സമര രീതികള്‍ ഇപ്പോഴും സംസ്ഥാനത്ത് ഭരണപക്ഷത്തിന്‍റെ ആഭിമുഖ്യത്തിൽ തന്നെ നടന്നുവരുന്നുണ്ട്. അതിന്‍റെ പേരിൽ എടുക്കുന്ന കേസുകളിൽ പലതും പിന്നീട് എഴുതിത്തള്ളുകയാണ് പതിവ്. അല്ലെങ്കിൽ സമരം ഉദ്ഘാടനം ചെയ്തവരുൾപ്പെടെ നേതാക്കൾ കുടുങ്ങുന്ന അവസ്ഥയുണ്ട്. എല്ലാ നേതാക്കളും ഈ ആനുകൂല്യം ഭരണത്തിൽ വരുമ്പോൾ ഉപയോഗിക്കും. പക്ഷെ, 40 ദിവസം ആഹാരം ഉപേക്ഷിച്ച് സമരം ചെയ്തിട്ടുള്ള ഗ്രൊ വാസുവിന് സമരം പുതിയ ഊര്‍ജം പകരുകയേയുള്ളൂ എന്ന് പുതിയ പൊലീസ് ഏമാന്മാർക്ക് മനസിലായിക്കാണില്ല. അതുകൊണ്ടാവണമല്ലോ ചുമ്മാ ഇരുന്ന കോഴിക്കോടിന്‍റെ വാസുവേട്ടനെ പോരാളിയാക്കി തിരികെ കൊണ്ടുവരാൻ പൊലീസ് തയ്യാറായത്!

"മറുവാക്ക്' മാസിക എഡിറ്റർ പി. അംബിക എഴുതുന്നു: "ഞാനിന്ന് വാസുവേട്ടനെ കാണാൻ പോയിരുന്നു. ജയിലിലെ കമ്പിയഴിക്കപ്പുറത്തു നിന്ന് വാസുവേട്ടൻ പറഞ്ഞത് ജനങ്ങളിൽ തനിക്ക് വിശ്വാസമുണ്ടെന്നാണ്. ബിർളയ്ക്ക് എതിരായി പണ്ട് നിരാഹാര സമരം തുടങ്ങിയപ്പോൾ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണ്. ബിർളയുടെ വലിപ്പമറിയാത്തോണ്ടാ ഞാൻ സമരത്തിനൊരുങ്ങുന്നത് എന്നാണ് പലരും പറഞ്ഞത്. എന്നിട്ടെന്താ ബിർള മുട്ടുമടക്കിയില്ലേ? ജനങ്ങൾക്കു മുമ്പിൽ ബിർളയൊന്നുമല്ല... ഇവർക്കും എന്നെ വിട്ടയക്കണ്ടി വരും. ഇത് നീതിക്കു വേണ്ടിയുള്ള സമരമാണ്.'

ജൂലൈ 29ന് ജയിലിലേയ്ക്ക് പോയ ഗ്രോ വാസു രണ്ടാഴ്ചത്തെ റിമാൻഡ് കാലാവധിക്കു ശേഷവും ജാമ്യത്തിൽ പോകാൻ തയാറാകാത്തതിനാൽ വീണ്ടും ജയിലിലേക്ക് അയയ്ക്കുകയായിരുന്നു. സ്വാതന്ത്യ ദിനത്തിലും അദ്ദേഹം ജയിലിലായിരുന്നു! ഇനി ഓണത്തിനും ജയിലിലാവാനാണ് സാധ്യത. കാരണം, ഇത് ഗ്രോ വാസുവാണ്. അദ്ദേഹം നിലപാടിൽ മാറ്റം വരുത്താൻ ഇടയില്ലെന്ന് അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള ജീവിതം വിളിച്ചുപറയുന്നുണ്ട്. പൊലീസ് ഇത്തരമൊരു കേസെടുക്കുകയും 7 വർഷത്തിനു ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തതിലൂടെ വിസ്മൃതിയിലായിരുന്ന ഒരു പൊലീസ് നടപടിയേയും ഗ്രോ വാസുവിനേയും പൊതുസമൂഹത്തിൽ വീണ്ടും ചർച്ചയാക്കി. വഴിയിൽ കിടന്ന വിഷപ്പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വയ്ക്കുന്നത് കേരള പൊലീസിന്‍റെ നടപ്പുരീതിയാണല്ലോ. അതുകൊണ്ട്, പ്രതിഷേധത്തിന്‍റെ പേരിൽ ചാർത്തിയ കുറ്റം പിൻവലിക്കുകയാണ് ഈ വൈകിയ വേളയിലെങ്കിലും മുഖം രക്ഷിക്കാൻ പൊലീസിന് ഉതകുക.

നീതി പാലിക്കാത്തവർക്കുള്ളതാണ് ജയിൽ എന്നതാണ് പൊതു സങ്കല്പം. എന്നാൽ, നീതി പാലിക്കപ്പെടാൻ ജയിലിലേക്കു പോവുന്നു എന്നതിലൂടെ 94ാം വയസിൽ പോരാട്ടത്തിന്‍റെ പുതിയ അധ്യായം തീർക്കുകയാണ് ഗ്രോ വാസു.

"വിപ്ലവം ഒരു വിരുന്നു സല്‍ക്കാരമോ ഒരുപന്യാസമെഴുത്തോ ഒരു ചിത്രം വരയ്ക്കലോ ഒരു ചിത്രത്തയ്യല്‍ ചെയ്യലോ അല്ല' - മാവോ സേ തുങ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com