
പൊലീസും മറ്റ് അന്വേഷണ സേനകളും എല്ലാ കേസുകളുടെയും തുമ്പുകൾ തെരഞ്ഞു കണ്ടുപിടിക്കാൻ മിടുക്കരാണ്. എത്രയോ ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. മാധ്യമ ലോകത്തും അത്തരം അന്വേഷണ കുതുകികളായ വ്യക്തികളുണ്ട്. അവരും പല കേസുകളും കണ്ടെത്തി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. പല കേസുകളും വഴി തിരിച്ചു വിടുന്നതിലും മാധ്യമ ലോകം കാരണമായിട്ടുണ്ട്. ഐഎസ്ആർഒ ചാരക്കേസ് അതിലൊന്നായി കാണാം.
പല പ്രമുഖ കേസുകളിലും മാധ്യമ വാർത്തകൾ പൊലീസിനെ വളരെയേറെ സഹായിച്ചിട്ടുണ്ട്. ഇതിന് എത്രയോ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ സാധിക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. പല കേസുകൾക്കും മാധ്യമ വാർത്തകൾ വഴികാട്ടിയായിട്ടുണ്ടെന്ന് കേരളത്തിന്റെ മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞിട്ടുള്ളത് ഓർത്തുപോകുന്നു.
ലോകത്തെ പല കോണുകളിൽ കുറ്റക്കാരെ കണ്ടെത്തുന്നതിൽ മാധ്യമ ലോകത്തിന് വലിയ പങ്ക് വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരം പത്രപ്രവർത്തകരെ അന്വേഷണാത്മക പത്രപ്രവർത്തകർ എന്ന് വിശേഷിപ്പിക്കുന്നു. ലോക മാധ്യമ പ്രവർത്തന ചരിത്രം പരിശോധിച്ചാൽ അന്വേഷണാത്മക പത്രപ്രവർത്തനത്തിനു തുടക്കം കുറിച്ചിട്ട് 150 വർഷത്തോളമായി. 1872 മുതൽ അന്വേഷണാത്മക പത്രപ്രവർത്തനം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. ഇത് ലോകം മുഴുവൻ വ്യാപിപ്പിച്ചു. സാങ്കേതിക വിദ്യ വളർന്നതോടെ ഈ മേഖല ശക്തി പ്രാപിച്ചു. ആദ്യകാലങ്ങളിലേക്കാൾ എണ്ണം കൊണ്ട് അന്വേഷണാത്മക പത്രപ്രവർത്തനം കൂടുതലാണ്. പക്ഷെ ഇന്നു പുറത്തുവരുന്ന വാർത്തകളുടെ യാഥാർഥ്യത്തെക്കുറിച്ച് വായനക്കാർക്ക് ഏറെ സംശയങ്ങളുണ്ട്. വ്യക്തികളുടെ സ്വാഭാവഹത്യയ്ക്കു മാധ്യമങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ അടുത്തിടെ പലരും കൂടുതൽ താത്പര്യം കാണിക്കുന്ന പ്രവണത കാണുന്നുണ്ട്.
രാജ്യത്ത് ഒട്ടേറെ മേഖലകളിൽ അന്വേഷണാത്മക പത്രപ്രവർത്തനത്തിന് ഒരുപാട് വിഷയങ്ങളുണ്ട്. ആ വിഷയങ്ങളെയെല്ലാം വളരെ ഗൗരവമായി സമീപിക്കേണ്ടതുമുണ്ട്. നിഷ്പക്ഷ മാധ്യമപ്രവർത്തനം നടത്തുന്നവർക്ക് മാത്രമേ ശക്തമായ അന്വേഷണാത്മക പത്രപ്രവർത്തന രംഗത്ത് ശോഭിക്കാൻ കഴിയൂ. ഒരു വിഭാഗത്തെ, ഒരു ആശയത്തെ, ഒരു വ്യക്തിയെ സംരക്ഷിക്കാൻ ശ്രമിക്കുക എന്ന തീരുമാനത്തിലെത്തിയാൽ അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ വിജയത്തിലും പാളിച്ചകൾ ഉണ്ടാകുന്നു. അങ്ങനെ പാളിപ്പോയ ഒട്ടേറെ അന്വേഷണാത്മക പത്രപ്രവർത്തനം നമുക്കു മുന്നിൽ ഉദാഹരണങ്ങളായുണ്ട്.
ചില അവസരങ്ങളിൽ അന്വേഷണാത്മക പത്രപ്രവർത്തനം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന സ്ഥിതിവിശേഷവും അടുത്തകാലത്തു കൂടി വരുന്നുണ്ട്. ഒരു സ്ഥാപനത്തെ തന്നെ ഇല്ലാതാക്കാനും ഒരു വ്യക്തിയുടെ നല്ല നടപ്പിനെ നശിപ്പിക്കാനും സാമൂഹ്യമാധ്യമങ്ങൾ ശക്തമായ ഈ കാലഘട്ടത്തിൽ ശ്രമിക്കുന്നു എന്നത് ലജ്ജാകരമാണ്. അവിടെ നിയന്ത്രണങ്ങളൊന്നും തന്നെ ഫലവത്തായി കാണുന്നില്ല.
ആർക്കും ലഭിക്കാൻ പ്രയാസമായ വാർത്തകൾ കണ്ടെത്തി വായനക്കാർക്ക് നൽകുന്ന പത്രപ്രവർത്തനം ധാരാളമായി ഉണ്ടായിരുന്നു. ഇപ്പോൾ അത്ര തന്നെ ഇല്ല എന്നു പറയണം. വർത്തമാന കാലത്ത് ഒരേ വാർത്തകൾ തന്നെ പല പത്രങ്ങളിലും വരുന്നു. തലക്കെട്ടുകളും വാർത്തകളിലെ വരികളും പോലും ഒരേ പോലെ വന്നിട്ടുണ്ട്. വാർത്തകൾ തേടി പോകുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണം കുറയുന്നു. പതിവു വാർത്തകൾ പോലും ശേഖരിക്കുവാൻ സാധിക്കാത്ത മാധ്യമപ്രവർത്തകരുടെ ആധിക്യം വർധിക്കുമ്പോൾ അന്വേഷണാത്മക പത്രപ്രവർത്തനം നമുക്ക് നഷ്ടമാകുന്നു. അങ്ങനെ അപൂർവം മാധ്യമ പ്രവർത്തകർ മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ എന്ന് നമുക്ക് ഉറപ്പിച്ച് പറയാം.
മാധ്യമപ്രവർത്തകരുടെ അന്വേഷണാത്മകതയെ കുറിച്ച് ഇപ്പോൾ പറയുവാൻ ഒരു കാരണം കൂടിയുണ്ട്. ലോകം കണ്ട ചടുലതയുള്ള ഒരു അന്വേഷണാത്മക മാധ്യമപ്രവർത്തകയാണ് പാവ്ലാ ഹൊൾസോവ. അവർ ആദ്യമായി ഇന്ത്യയിൽ എത്തിയിരിക്കുന്നു, കേരള സർക്കാർ ഏർപ്പെടുത്തിയ 2022ലെ മീഡിയ പേർസൺ ഓഫ് ദി ഇയർ അവാർഡ് സ്വീകരിക്കാൻ. പനാമ പേപ്പഴ്സ്, റഷ്യൻ അസർബൈജാനി ഹവാലാ ഇടപാട്, പെഗാസിസ് പ്രൊജക്റ്റ് തുടങ്ങി ഒട്ടേറെ പ്രശസ്ത അന്വേഷണാത്മക പത്രപ്രവർത്തക റിപ്പോർട്ട് തയാറാക്കിയതിലെ പ്രധാന വ്യക്തികളിൽ ഒരാളാണവർ.
സ്ലോവാക്യയിലെ സുഹൃത്തായ മാധ്യമപ്രവർത്തകന്റെ മരണത്തിന് പിന്നിൽ അവിടുത്തെ ധനവാന്മാരുടെ മാഫിയ സംഘമാണെന്ന് ചെക്ക് റിപ്പബ്ലിക് സ്വദേശിയായ പാവ്ല കണ്ടെത്തി. 27 വയസു മാത്രം പ്രായമുള്ള സ്ലോവാക്യൻ വംശജനായ മാധ്യമപ്രവർത്തകൻ യാൻ കന്യാക്കിന്റെയും പ്രണയനി മാർട്ടീനയുടേയും അതിക്രൂരമായ കൊലപാതകമാണ് പാവ്ലയെ ഒരു വലിയ അന്വേഷണത്തിന്റെ സാധ്യതയിലേക്ക് നയിച്ചത്. ഇരുവരും വെടിയേറ്റ് മരിക്കുകയായിരുന്നു.
സർക്കാരുമായി ചേർന്ന് അവിടത്തെ ബിസിനസ് പ്രമാണിമാർ നടത്തിയ അഴിമതി വലിയ ചർച്ച ജനങ്ങൾക്കിടയിൽ ഉണ്ടാക്കി. ബിസിനസ് മാഫിയയുടെ ഗൂണ്ടകളാണ് യുവ മാധ്യമ പ്രവർത്തകരെ വധിച്ചത്. അതു തെളിയിക്കാൻ സുഹൃത്തായ പാവ്ല നടത്തിയ റിപ്പോർട്ടിങ്ങുകളുടെ പരമ്പര ചരിത്രമാണ്. പാവ്ല കൊലയാളികളെ സംശയത്തിന് സാഹചര്യം ഒരുക്കുക കൂടി ചെയ്യാതെ പിന്തുടർന്ന് റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിന് പിന്നിൽ അവിടത്തെ ഏറ്റവും ശക്തരായ മാഫിയ ബിസിനസ് സംഘങ്ങൾ ആണെന്ന് സമൂഹത്തെ അറിയിക്കുകയും ചെയ്തു.
അവരുടെ മാധ്യമപ്രവർത്തനം ലോകമെങ്ങും ഏറെ ആഘോഷിക്കപ്പെട്ടതാണ്. അവർ തയാറാക്കിയ ശക്തമായ റിപ്പോർട്ടുകൾ സ്ലോവാക്യൻ സർക്കാരിനെ തന്നെ താഴെയിറക്കി. 4 വർഷത്തിനിടെ അവിടുത്തെ 13 സുപ്രീം കോടതി ജഡ്ജിമാർ അഴിമതിക്കേസുകളിൽപ്പെട്ട് രാജിവച്ചു. അഴിമതി പുറത്തു വന്നപ്പോൾ അവിടുത്തെ സിജിപി ആത്മഹത്യ ചെയ്തു.
അങ്ങനെ ഒട്ടേറെ ശ്രദ്ധേയമായ റിപ്പോർട്ടുകൾ നേതൃത്വം കൊടുത്ത പാവ്ല കേരളത്തിൽ ഏതാനും ദിവസങ്ങളോളം ചെലവഴിക്കാൻ എത്തിയിട്ടുണ്ട്. ഇത് കേരളത്തിലെ മാധ്യമപ്രവർത്തകർക്കു മാത്രമല്ല, മാധ്യമ വിദ്യാർഥികൾക്കും ആവേശമായി മാറേണ്ടതാണ്. അവർ തയാറാക്കിയ കില്ലിങ് ഓഫ് ജേണലിസ്റ്റ് എന്ന ഡോക്യുമെന്ററി ഇതിനോടകം ലോകശ്രദ്ധ നേടി. അതും ഇവിടെ കേരളത്തിൽ ആദ്യമായി പ്രദർശിപ്പിക്കുന്നു. മാധ്യമപ്രവർത്തകരും വിദ്യാർഥികളും അറിഞ്ഞിരിക്കേണ്ട അവരുടെ അനുഭവം നേരിട്ടു കേട്ട് പ്രചോദനം കൊണ്ട് കേരളത്തിലും ഒട്ടേറെ അന്വേഷണ പത്രപ്രവർത്തകർ ഉണ്ടാകട്ടെ. അങ്ങനെ നമ്മുടെ ഇടയിലും ചീഞ്ഞുനാറുന്ന അഴിമതികൾ പുറത്തുവരട്ടെ എന്നു മാത്രം ആശിക്കാം.