ബംഗ്ലാദേശിലെ ഇസ്കോൺ വേട്ടയും ഇന്ത്യയുടെ ആശങ്കയും

റഷ്യയിലും ദക്ഷിണാഫ്രിക്കയിലും ബ്രിട്ടനിലും ഇന്ത്യയിലുമെല്ലാം ഒരു പോലെ പടർന്നു പന്തലിച്ച, ചൈനയിലും മധ്യപൂർവ ദേശങ്ങളിലും അതീവ രഹസ്യമായി തുടരുന്ന, പാക്കിസ്ഥാനിൽ പോലും വേരൂന്നിയ പ്രസ്ഥാനം

നമിത മോഹനൻ

റഷ്യയിലും ദക്ഷിണാഫ്രിക്കയിലും ബ്രിട്ടനിലും ഇന്ത്യയിലുമെല്ലാം ഒരു പോലെ പടർന്നു പന്തലിച്ച, ചൈനയിലും മധ്യപൂർവ ദേശങ്ങളിലും അതീവ രഹസ്യമായി തുടരുന്ന, പാക്കിസ്ഥാനിൽ പോലും വേരൂന്നിയ പ്രസ്ഥാനം....

വെളുപ്പോ കാവിയോ വസ്ത്രങ്ങളും, നെറ്റിയിൽ നീട്ടി വരച്ച ചന്ദനക്കുറിയും രുദ്രാക്ഷവുമായി ഹരേ കൃഷ്ണയെന്ന് ഉരുവിട്ടു കൊണ്ടിരിക്കുന്ന ഇസ്കോൺ അനുയായികൾ.

ലോകം മുഴുവൻ പടർന്നു പന്തലിച്ച ഇസ്കോൺ എന്ന സംഘടന ഇപ്പോൾ വിവാദങ്ങളുടെ പിടിയിലാണ്. എന്താണ് ഇസ്കോൺ, ആരാണ് ചിന്മയ് കൃഷ്ണ ദാസ്... ചോദ്യങ്ങൾ നിരവധിയാണ്...

ഇസ്കോൺ അഥവാ ഹരേ കൃഷ്ണ പ്രസ്ഥാനം

കൊൽക്കത്തയിലെ ശ്രീ ശ്രീ രാധാ ഗോവിന്ദ ക്ഷേത്രം
കൊൽക്കത്തയിലെ ശ്രീ ശ്രീ രാധാ ഗോവിന്ദ ക്ഷേത്രം

ഹരേ കൃഷ്ണ പ്രസ്ഥാനം എന്നറിയപ്പെടുത്ത ഇസ്കോൺ (International Society for Krishna Consciousness- ISKCON) ഗൗഡിയ വൈഷ്ണവ ഹിന്ദു സമ്പ്രദായം ഉൾക്കൊണ്ട് ഏകദൈവ പാരമ്പര്യം പിന്തുടർന്നു പേരുന്ന മത വിശ്വാസ സംഘടനയാണ്. ലോകത്തുടനീളം സംഘടന ഈ ആശയം പ്രചരിപ്പിച്ചു പോരുന്നു. ഇന്ത്യ ഉൾപ്പെടെ ലോകത്തെ നിരവധി രാജ്യങ്ങളിൽ അവർ ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ഇസ്കോണിൽ ഏകദേശം പത്ത് ലക്ഷം അംഗങ്ങളുണ്ടെന്നാണ് കണക്ക്.

1966 ജൂലൈ 13 ന് എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദ ന്യൂയോർക്ക് സിറ്റിയിൽ സ്ഥാപിച്ച സംഘടനയാണിത്. ഇന്ത്യയിലെ പശ്ചിമ ബംഗാളിലെ മായാപുരിലാണ് ഇസ്കോണിന്‍റെ ആസ്ഥാനം. ഹിന്ദു മതഗ്രന്ഥങ്ങളിൽ അധിഷ്‌ഠിതമായി ഭക്തിവേദാന്ത സ്വാമി പ്രഭുപാദയുടെ ഭഗവദ് ഗീത വ്യാഖ്യാനത്തിന്‍റെയും ഭാഗവത പുരാണത്തിന്‍റേയും ചുവടുപിടിച്ച് പ്രവർത്തിക്കുന്ന പ്രസ്ഥാനം.

ISKCON temple in Mumbai
മുംബൈയിലെ ഇസ്കോൺ ക്ഷേത്രംRepresentative image

നിലവിൽ അഞ്ഞൂറോളം പ്രധാന കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ, ഗ്രാമീണ കമ്മ്യൂണിറ്റികൾ, നൂറോളം അനുബന്ധ വെജിറ്റേറിയൻ റെസ്റ്ററന്‍റുകൾ, ആയിരക്കണക്കിന് നാമഹട്ടകൾ അല്ലെങ്കിൽ പ്രാദേശിക മീറ്റിംഗ് ഗ്രൂപ്പുകൾ, വൈവിധ്യമാർന്ന കമ്മ്യൂണിറ്റി പ്രോജക്ടുകൾ എന്നിവയുമായി ലോകവ്യാപകമാണ് ഇസ്കോണിന്‍റെ പ്രവർത്തനങ്ങൾ.

മതപഠനം മാത്രമല്ല, വിദ്യാഭ്യാസം, ആത്മീയത, മാനവികത എന്നീ ലക്ഷ്യങ്ങളും സംഘടനയ്ക്കുണ്ട്. ഇസ്കോൺ പ്രസ്ഥാനത്തിലെ വിശ്വാസികൾക്ക് കൃഷ്ണനാണ് പരമ, പൂർണ ദൈവം. കൃഷ്ണന്‍റെ ദിവ്യപ്രേമത്തിന്‍റെ പ്രതിരൂപമാണ് രാധ. അദ്വൈതത്തിൽ നിന്നു വ്യത്യസ്തമായി, ആത്മാവിന് സ്വന്തമായ നിലനിൽപ്പുണ്ട് ഇസ്കോൺ വിശ്വാസത്തിൽ, അത് എവിടെയും ലയിച്ചുചേരുന്നില്ല. വേദാന്തത്തിൽ വേരുകളുള്ള ഒരു ഏകദൈവവിശ്വാസ പ്രസ്ഥാനമാണ് ഇസ്കോൺ.

ആതുരസേവനം

2001ൽ ഗുജറാത്തിലെ കച്ചിലെ ഭൂകമ്പമുണ്ടായ സമയത്താണ്, കൃഷ്ണനാമം ജപിച്ച് സമയം ചെലവഴിക്കുന്ന സന്യാസിമാർ എന്ന ധാരണ ഇസ്കോൺ അനുയായികൾ മാറ്റിമറിച്ചത്. രാജ്യം മുഴുവൻ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ചു നിന്നപ്പോൾ, ഇസ്കോൺ അനുയായികൾ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിൽ സജീവമായി. പിന്നീട് ഉത്തരാഖണ്ഡ് ദുരന്തകാലത്തും ഒഡീശയിലും ബംഗാളിലും ചുഴലിക്കാറ്റ് നാശം വിതച്ചപ്പോഴും ഇസ്കോൺ സഹായഹസ്തങ്ങളുമായി കൂടെ നിന്നു.

കൊവിഡ് മഹാമാരി രാജ്യത്തെ മുഴുവൻ സ്തംഭിപ്പിച്ചപ്പോഴും ഇസ്കോൺ സേവനം തുടർന്നു. അതു തിരിച്ചറിഞ്ഞ് 2021ൽ സ്വാമി പ്രഭുപാദയുടെ നൂറ്റിഇരുപത്തിയഞ്ചാം ജന്മവാർഷികം പ്രമാണിച്ച് 125 രൂപയുടെ നാണയം ഇറക്കി രാജ്യവും ഇസ്കോണിനെ ആദരിച്ചു.

വിവാദങ്ങൾ

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച ശേഷം അവിടത്തെ ഹിന്ദുക്കൾ വലിയ ആക്രമണങ്ങൾ നേരിടുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നാലെ വിവിധയിടങ്ങളിൽ ഇസ്കോൺ സന്ന്യാസിമാരുടെ നേതൃത്വത്തിൽ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. ഒക്റ്റോബറിൽ നടത്തിയ ഒരു റാലിക്കിടെ ബംഗ്ലാദേശി സനാതൻ ജാഗരൺ മഞ്ചിന്‍റെ വക്താവ് ചിന്മയ് കൃഷ്ണദാസും മറ്റു പതിനെട്ടു പേരും ചേർന്ന് ബംഗ്ലാദേശിന്‍റെ ദേശീയ പതാകയ്ക്കു മീതേ കാവിക്കൊടി ഉയർത്തിയതോടെയാണ് പ്രശ്നങ്ങൾ വഷളാകുന്നത്. ചിന്മയ് കൃഷ്ണദാസിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗ്ലാദേശ് സർക്കാർ അറസ്റ്റ് ചെയ്തു.

പിന്നാലെ ഇസ്കോൺ നിരോധിക്കണമെന്ന് പലകോണുകളിൽ നിന്നും ആവശ്യം ഉയർന്നു. മതമൗലിക സംഘടനയാണെന്നാരോപിച്ച് ധാക്ക ഹൈക്കോടതിയിൽ ഹർജിയെത്തി. എന്നാൽ, കോടതി ഹർജി തള്ളി.

പക്ഷേ, കാര്യങ്ങൾ കൈവിട്ടു പോവുന്നതായി കണ്ട ഇസ്കോൺ ചിന്മയ് കൃഷ്ണദാസിനെ പുറത്താക്കി. അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ ഇസ്കോണിന്‍റെ ആശയങ്ങളെ പ്രതിനിധീകരിക്കുന്നതല്ലെന്നും, സംഘടനയിലെ എല്ലാ സ്ഥാനങ്ങളിൽനിന്നും ചിന്മയ് കൃഷ്ണദാസിനെ പുറത്താക്കിയതായും ‌ബംഗ്ലാദേശ് ജനറൽ സെക്രട്ടറി ചാരു ചന്ദ്രദാസ് ബ്രഹ്മചാരി വ്യക്തമാക്കി.

എന്നാൽ, അവിടംകൊണ്ടൊന്നും പ്രശ്നങ്ങൾ അവസാനിച്ചില്ല. ഇപ്പോഴും ബംഗ്ലാദേശിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. ചിന്മയ് കൃഷ്ണദാസിന്‍റേത് ഉൾപ്പെടെ 17 ഹിന്ദു സന്ന്യാസിമാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇസ്കോണിന്‍റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി. മാത്രമല്ല, ഇസ്കോണിന്‍റെ മൂന്ന് സന്ന്യാസിമാരെകൂടി ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.

ഇന്ത്യയുടെ ആശങ്ക

സ്വാമി പ്രഭുപാദയുടെ നൂറ്റിഇരുപത്തിയഞ്ചാം ജന്മവാർഷികം പ്രമാണിച്ച് ഇന്ത്യ പുറത്തിറക്കിയ 125 രൂപയുടെ നാണയം
സ്വാമി പ്രഭുപാദയുടെ നൂറ്റിഇരുപത്തിയഞ്ചാം ജന്മവാർഷികം പ്രമാണിച്ച് ഇന്ത്യ പുറത്തിറക്കിയ 125 രൂപയുടെ നാണയം

ഷെയ്ക്ക് ഹസീന നാടു വിട്ടതിനു പിന്നാലെ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ച് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹിന്ദുക്കൾക്കെതിരായ അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ ശക്തമായ ഇടപെടലുകളും നടത്തി. ചിന്മയ് കൃഷ്ണ ദാസിന്‍റെ അറസ്റ്റ് ഇന്ത്യ - ബംഗ്ലാദേശ് ബന്ധം തന്നെ വഷളാക്കിയിട്ടുണ്ട്.

ബംഗ്ലാദേശിലെ പ്രതിഷേധത്തിന്‍റെ ഭാഗമായി ഇന്ത്യയിലും പ്രാർഥനാ പ്രതിഷേധ പരിപാടികൾ ഇസ്കോൺ സംഘടിപ്പിക്കുന്നുണ്ട്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഇന്ത്യ ശക്തമായ ഇടപെടൽ നടത്തണമെന്നാണ് ഇന്ത്യയിലെ ഇസ്കോൺ അനുയായികളുടെ ആവശ്യം.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com