2018 ലെ മഹാപ്രളയം, അതിനു ശേഷമുള്ള കൊവിഡ് മഹാമാരി ഇതെല്ലാം അതിജീവിച്ച കേരളം മറ്റൊരു ദുരന്തത്തിലേക്ക് വയനാട്ടിലെ ഉരുൾപൊട്ടലിൽ ചെന്നെത്തിയിരിക്കുന്നു. മുണ്ടക്കൈ, ചൂരൽമല എല്ലാം ദുരന്തഭൂമിയായി മാറിയിരിക്കുന്നു. മരിച്ചവരെയെല്ലാം പൂർണമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും മരണം 350 കടക്കുമെനനാണ് കണക്ക്. കാണാതായവരും പരുക്കേറ്റവരം വേറെ. രണ്ട് പ്രദേശവും പൂർണമായി ഒലിച്ചു പോയിരിക്കുന്നു. 45 ദുരിതാശ്വാസ ക്യാംപുകളിൽ 4,000ത്തിലധികം പേർ അഭയം കണ്ടെത്തിയിട്ടുണ്ട്.
ഈ ദുരന്തം നേരിടാൻ മുൻകാലഘട്ടത്തിൽ എന്നപോലെ കേരളജനത ഒറ്റക്കെട്ടായി ഇവിടെ എത്തിയിരിക്കുകയാണ്. ഇന്ത്യൻ ആർമി, എയർഫോഴ്സ്, നേവി, കോസ്റ്റ് ഗാർഡ്, ദുരന്തനിവാരണ സേന, പൊലീസ്, വനം വകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ് തുടങ്ങിയ വിവിധ വകുപ്പുകളുടെയും അതോടൊപ്പം നൂറുകണക്കിന് സന്നദ്ധ സേനാംഗങ്ങളുടെയും കൈമെയ് മറന്നുള്ള രക്ഷാപ്രവർത്തനമാണ് അവിടെ നടന്നത്.
മുഖ്യമന്ത്രി പറഞ്ഞതുപോലെ മറ്റെല്ലാം മറന്നുകൊണ്ട് ഈ ദുരന്തത്തെ നമുക്ക് ഒന്നിച്ചു നേരിടാം. മണ്ണിനടിയിൽ പുതഞ്ഞു കിടക്കുന്നവരെ കണ്ടെത്താനും എല്ലാം നഷ്ടമായവർക്ക് അത്താണിയായി മാറുവാനും നമുക്ക് കഴിയട്ടെ. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒരു ഒരുമയോടെ പ്രവർത്തിക്കണം. ഇത് ഒരു ദേശീയ ദുരന്തമായി പ്രഖ്യാപനം നടത്തി കേന്ദ്ര സർക്കാർ ഉദാരമായ സംഭാവന നൽകണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദർശിച്ചതും ദുരന്തത്തിന്‍റെ ആഴവും വ്യാപ്തിയും നേരിട്ട് കണ്ട് മനസിലാക്കിയതും വലിയ പ്രതീക്ഷയാണ് ജനങ്ങളിൽ ഉളവാക്കിയിട്ടുള്ളത്. കൽപ്പറ്റയിലെ വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നു വയസുകാരി നൈസയെ ചേർത്തുപിടിച്ചതു പോലെ വയനാട്ടിലെ ദുരിതബാധിതർക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള സഹായമാണ് പ്രധാനമന്ത്രിയിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രിയും ഗവർണറും ചീഫ് സെക്രട്ടറിയും കേന്ദ്രമന്ത്രിമാരുമൊക്കെ ഈ അപൂർവ ദുരന്തത്തിന്‍റെ കാഠിന്യം മനസിലാക്കിയതായി കാണുന്നു.
ദുരന്തത്തിന് മുമ്പ് പല കമ്മിറ്റികളും ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളും വയനാട് എന്ന ലോലഭൂമിയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. പാറക്കെട്ടുകളും മണ്ണിടിച്ചിലുമുള്ള വയനാട് ഭൂമിയിൽ അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ സൂക്ഷിച്ചാണ് ചെയ്യേണ്ടത്. ശാസ്ത്രസാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഇടപെടൽ ഇതിൽ ഉണ്ടാകണം. അപകടം വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് നൽകാൻ നമുക്ക് കഴിയണം. വീട് നഷ്ടമായവർക്ക് അന്തിയുറങ്ങാൻ കിടപ്പാടവും കൃഷിപാടങ്ങളും ജോലിയും നഷ്ടപ്പെട്ടവർക്ക് പുതിയ ജീവിതം മാർഗം കണ്ടെത്താനും സഹായിക്കണം. ഒഴുകിപ്പോയ പാലങ്ങളും തോടുകളും സമയബന്ധിതമായി പുനർ നിർമ്മിക്കണം. ദേശീയ ദുരന്തം എന്ന നിലയിൽ ദേശം മുഴുവൻ ഒന്നിച്ചിറങ്ങണം. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ശാസ്ത്രീയ പഠനങ്ങൾക്കും, സംരക്ഷണ പ്രവർത്തനങ്ങൾക്കും, മുന്നറിയിപ്പ് സംവിധാനങ്ങൾക്കും പ്രത്യേക പരിഗണന നൽകേണ്ടതാണ്. എല്ലാ ദുരന്തങ്ങളെ പോലെ ഈ ദുരന്തവും ധൈര്യമായി നേരിടുകയും ഫലഭൂയിഷ്ഠമായ വയനാടിന്‍റെ മണ്ണിൽ വീണ്ടും സന്തോഷത്തിന്‍റെയും പൊട്ടിച്ചിരിയുടെയും ദിനങ്ങൾ ഉണ്ടാകാൻ എല്ലാവരും തങ്ങളാൽ കഴിയുന്ന വിധത്തിൽ സഹായം എത്തിക്കണമെന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.
പ്രകൃതിയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. താപനില വർധിക്കുകയും മേഘ വിസ്ഫോടനങ്ങളിലൂടെയുള്ള അതിതീവ്ര മഴ ഭൂമിയെ ദുർബലമാക്കുകയും ചെയ്യുമ്പോൾ മണ്ണിടിച്ചിലും കുത്തൊഴുക്കും സ്വാഭാവികമാണ്. ഇതൊക്കെ മുൻകൂട്ടി കാണുന്നതിന് ശാസ്ത്ര- സാങ്കേതിക വിദ്യകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തണം. ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങൾ എല്ലാ വിഭാഗങ്ങളിൽ നിന്നും ഉണ്ടാകണം.