കേരളം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചര്‍ച്ച ചെയ്യുന്നത് സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെ കുറിച്ചു തന്നെയാണ്. രാഷ്‌ട്രീയം ചര്‍ച്ച ചെയ്തിരുന്ന വൈകുന്നേരങ്ങളില്‍ കേരളത്തിലെ എല്ലാ പ്രമുഖ വാര്‍ത്താ ചാനലുകളും ലൈംഗികതയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. മലയാള സിനിമയില്‍ ലൈംഗികതയുടെ കഥകള്‍ക്ക് വലിയ പ്രചാരം ലഭിച്ചിരിക്കുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ ഭ്രാന്തമായി ഇത് വലിയ വാര്‍ത്തയാക്കി മാറ്റിയിരിക്കുന്നു. ലോകം അറിയേണ്ട മറ്റു പ്രധാന വാര്‍ത്തകള്‍ തമസ്‌ക്കരിക്കപ്പെടുന്നു.
സിനിമാ വ്യവസായത്തെ തന്നെ തകര്‍ത്തു കളയുന്ന രീതിയിലുള്ള റിപ്പോര്‍ട്ടിങ്ങുകള്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. അത് അവജ്ഞയോടെ തള്ളിക്കളയുവാന്‍ സാധിക്കില്ല. സിനിമാ മേഖലയിലുള്ള ചിലര്‍ ഇത്തരത്തില്‍ തെറ്റായ പ്രവണത വച്ചുപുലര്‍ത്തുന്നു എന്ന കാര്യത്തില്‍ സംശയമില്ല. കുറ്റം ചെയ്തവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷേ നിരപരാധികളായ പലരും ഇക്കൂട്ടത്തില്‍ ക്രൂശിക്കപ്പെടുന്നത് അംഗീകരിക്കാനും സാധിക്കില്ല.
നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി മാധ്യമങ്ങളോട് തട്ടിക്കയറി എന്ന് പറയുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞത് ചിന്തിക്കേണ്ട കാര്യമാണ്. ആടിനെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല, സമൂഹത്തിന്‍റെ മാനസികാവസ്ഥയെ വഴിതെറ്റിച്ചു വിടുകയാണ് മാധ്യമങ്ങള്‍. അത് ഒരർഥത്തില്‍ ശരിതന്നെയാണ്.
മലയാള മാധ്യമങ്ങളുടെ കിടമത്സരം അതിന്‍റെ നിലവാരത്തെ തന്നെ തകര്‍ത്തു കളഞ്ഞിരിക്കുന്നു എന്നുവേണം വിലയിരുത്താന്‍.
ദൃശ്യമാധ്യമ രംഗത്ത് വിപ്ലവങ്ങള്‍ നടന്ന കാലഘട്ടമാണ് കഴിഞ്ഞത്. പത്ര- ദൃശ്യ മാധ്യമങ്ങള്‍ തമ്മിലുള്ള സമവാക്യങ്ങളില്‍ വലിയ വ്യത്യാസം വന്നതും അടുത്ത കാലത്താണ്. ചാനലുകള്‍ തമ്മിലുള്ള കിടമത്സരം അവയെ അശ്ലീലതയിലേക്ക് കൊണ്ടുപോയി എന്ന് ഒടുവില്‍ വിലയിരുത്തേണ്ടി വന്നിരിക്കുന്നു. റേറ്റിങ് കൂട്ടാൻ വേണ്ടി സിംഗൂരിലെയും വയനാട്ടിലെയും വാര്‍ത്തകള്‍ കൊണ്ടു നിറഞ്ഞപ്പോള്‍ ക്രൂരമായിപ്പോയി എന്ന് പ്രേക്ഷകര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ചാനലുകളില്‍ നിറഞ്ഞ വയനാട് ദുരന്തം ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നതോടെ പൂര്‍ണമായി തിരസ്‌കരിക്കപ്പെടുകയും അശ്ലീല വാര്‍ത്തകള്‍ കൊണ്ട് നിറയ്ക്കുകയും ചെയ്തത് നേര്‍ക്കാഴ്ചയാണല്ലോ. ദൃശ്യ മാധ്യമങ്ങളില്‍ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല അച്ചടി മാധ്യമങ്ങളും. അച്ചടി മാധ്യമങ്ങളില്‍ മുന്‍കാലങ്ങളില്‍ പ്രസിദ്ധീകരിക്കുവാന്‍ മടിച്ചിരുന്ന യെല്ലോ ജേണലിസം ആണ് മത്സരത്തിന്‍റെ ഭാഗമായി പ്രമുഖ പത്രങ്ങളുടെ താളുകളില്‍ നിറഞ്ഞിരിക്കുന്നത്. ഒരു കുടുംബവീട്ടില്‍ വാര്‍ത്താ ചാനലുകള്‍ വയ്ക്കാനോ പത്രങ്ങൾ പൂമുഖത്ത് ഇടുവാനോ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
സിനിമാ മേഖലയില്‍ മാത്രമല്ല തൊഴിലിടങ്ങളിലെല്ലാം ലൈംഗിക ചൂഷണമുണ്ട് എന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്. എല്ലാ ജോലിയിടങ്ങളിലും ലൈംഗിക ചൂഷണമുണ്ട് എന്ന യാഥാർഥ്യം അംഗീകരിക്കാന്‍ നമ്മളൊക്കെ തയാറാക്കേണ്ടിയിരിക്കുന്നു. ഇത് വാര്‍ത്തയാക്കി ലോകത്തിന് മുന്നില്‍ വിളിച്ച് പറയുന്ന മാധ്യമസ്ഥാപനങ്ങള്‍ ഒട്ടും മോശക്കാരല്ല. കെ.ആര്‍. മീര വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ മീരാസാധു എന്ന നോവല്‍ ഒന്ന് വായിക്കണം. വര്‍ത്തമാനകാല യാഥാർഥ്യമാണ് അതില്‍ ചിത്രീകരിച്ചിരിക്കുന്നത്.
സിനിമാരംഗം ലൈംഗിക ചൂഷണ കാര്യത്തില്‍ മുന്നിലാണ് എന്നത് ആ ജോലിയുടെ സാഹചര്യം തന്നെ കാരണമാണ്. മാസങ്ങള്‍ നീളുന്ന സിനിമാ സെറ്റുകളില്‍ മറ്റുള്ളവരെ ആകര്‍ഷിക്കുന്ന രീതിയില്‍ പലരും വരുന്നുണ്ട് എന്നുള്ള കാര്യത്തില്‍ ആര്‍ക്കാണ് സംശയം. സിനിമാ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ മേക്കപ്പിന്‍റെ അതിപ്രസരം തന്നെയുണ്ട്. ഇതില്‍ ആണും പെണ്ണും മത്സരിക്കുകയാണ്. ഉയരങ്ങള്‍ കീഴടക്കാന്‍ എന്തും ചെയ്യാന്‍ തയാറായി കുറേപ്പേര്‍ ഈ രംഗത്ത് എത്തപ്പെട്ടു എന്നത് ആ വ്യവസായത്തെ ഇകഴ്ത്തുവാന്‍ കാരണമായിട്ടുണ്ട്. നല്ല കഴിവുള്ള അഭിനേതാക്കള്‍ മലയാള സിനിമയില്‍ ഈ വൃത്തികേടുകള്‍ക്കിടയില്‍ അകപ്പെട്ടു എന്നത് മറച്ചു വയ്‌ക്കേണ്ട കാര്യവുമല്ല.
സിനിമാരംഗത്ത് പവര്‍ ഗ്രൂപ്പുകള്‍ ഉണ്ട് എന്നത് പുതിയ കാര്യമല്ല. പവര്‍ ഗ്രൂപ്പുകള്‍ സിനിമാരംഗത്ത് എന്നല്ല എല്ലാ രംഗത്തും ഉള്ളത് തന്നെയാണ്. മേലുദ്യോഗസ്ഥന് താത്പര്യമുള്ളവരെ പല ഉന്നത ജോലികള്‍ ഏല്‍പ്പിക്കുക എന്നത് ഏതൊരു ഓഫിസിലും പതിവുള്ളതാണ്. ഭരണരംഗത്തും സമൂഹത്തിലെ എല്ലാ മേഖലയിലും ഇതുണ്ട്. ഒരു പ്രസ്ഥാനം വിജയിപ്പിക്കാൻ അത് അനിവാര്യവുമാണ്. വിശ്വാസ്യത വിജയത്തിന്‍റെ കാരണമാകും. എന്നാല്‍ കഴിവുള്ളവരെ മാറ്റി നിര്‍ത്തിക്കൊണ്ടും ഒപ്പമുള്ളവരെ ഉള്‍ക്കൊള്ളിച്ചും നടത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാന്‍ പ്രയാസവുമാണ്. ആദ്യ കാലങ്ങളില്‍ ഉണ്ടായിരുന്ന പവര്‍ഗ്രൂപ്പുകള്‍ സിനിമാ രംഗത്ത് ഗുണമാണ് ഉണ്ടാക്കിയിട്ടുള്ളത്. പിന്നീട് അത് വലിയ ദോഷത്തിലേക്കു വന്നത് വ്യക്തി താത്പര്യങ്ങള്‍ ധാരാളമായി ഉണ്ടായതാണ്. ചില വ്യക്തി താത്പര്യങ്ങള്‍ ലൈംഗിക പീഡനമായി മാറിയത് ചരിത്രം.
സമാനമായി സിനിമാ രംഗത്ത് മുതിര്‍ന്ന അഭിനേതാക്കള്‍ക്ക് താത്പര്യമുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരുന്ന പതിവും കാലങ്ങളായിട്ടുണ്ട്. അത് പല സിനിമകള്‍ പരിശോധിച്ചു കഴിഞ്ഞാല്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കും. കഴിവുള്ള ഒരു നടന്‍റെ അവസരങ്ങള്‍ നഷ്ടപ്പെടുത്താനും ഇത്തരം സ്വാധീനങ്ങള്‍ക്ക് കഴിയുന്നു എന്നുള്ളത് വിമര്‍ശിക്കപ്പെടേണ്ടത് തന്നെയാണ്. കഴിവുള്ളവര്‍ ഈ രംഗത്ത് നിന്ന് പൂര്‍ണമായും വിസ്മരിക്കപ്പെടുകയില്ല എന്നുള്ളത് മറ്റൊരു സത്യം. അതും നമ്മളൊക്കെ നേരില്‍ കണ്ടത് തന്നെയാണ്.
സിനിമകളിലെ വിലക്കുകളെ കുറിച്ച് പ്രശസ്ത നടന്‍ അന്തരിച്ച മാള അരവിന്ദന്‍ പറഞ്ഞ വാക്കുകള്‍ ശക്തമേറിയതാണ്. സിനിമകളില്‍ വിലക്കുകള്‍ ഉണ്ടായാല്‍ താന്‍ നാടകം കളിക്കും. നാടകത്തില്‍ വിലക്കുണ്ടായാല്‍ തബല വായിക്കും. അവിടെയും വിലക്കുകള്‍ ഉണ്ടായാല്‍ ഭാര്യയുടെ സാരി കെട്ടി തെരുവ് നാടകം നടത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി. നടന്‍ തിലകനും സിനിമാ രംഗത്ത് വിലക്കുകള്‍ ഉണ്ടായത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണല്ലോ. തിലകന്‍ സിനിമാ രംഗത്ത് നിന്ന് അപ്രത്യക്ഷമായി എന്നു പറയുവാന്‍ സാധിക്കില്ല. അദ്ദേഹത്തിന് ഒരു പക്ഷേ സിനിമകളുടെ എണ്ണം കുറഞ്ഞു പോയിട്ടുണ്ട് എന്നത് നേരാണ്. പക്ഷെ അവസരങ്ങള്‍ നഷ്ടപ്പെട്ടില്ല എന്നുള്ളത് ആ നടന്‍റെ കലയിലെ ഔന്നിത്യം തന്നെയാണ്.
എല്ലാ കുറ്റവും പുരുഷന്മാരില്‍ മാത്രം ചൊരിയുന്നതില്‍ അർഥമില്ല എന്നത് ഇവിടെ ഉറച്ച് പറയേണ്ടിയിരിക്കുന്നു. കാരണം സിനിമാ രംഗത്തെ പല സ്ത്രീകളും പുരുഷന്മാരെ പീഡിപ്പിക്കുക, അനാശാസ്യമായി ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ നടത്തുന്നു എന്ന കാര്യവും അപ്രിയ സത്യങ്ങളില്‍ ഒന്നായി നാം കാണണം. ഭര്‍ത്താക്കന്മാരെ വഞ്ചിച്ചു കൊണ്ട് കാമുകന്മാരോടൊപ്പം പോയ എത്രയോ സംഭവങ്ങള്‍ നമുക്ക് ചുറ്റും ഇപ്പോഴും നടക്കുന്നുണ്ട്. രണ്ടു ഭര്‍ത്താക്കന്മാരെ ഒരേ പോലെ സന്തോഷിപ്പിച്ച് ജീവിതം മുന്നോട്ടു നടത്തുന്ന സമൂഹത്തിലെ ഒരു പ്രമുഖ വനിതയുണ്ട് നമ്മുടെ നാട്ടില്‍. ഭര്‍ത്താവിന്‍റെ സുഹൃത്തിനോടൊപ്പം സ്വന്തം മക്കളെ ഉപേക്ഷിച്ചു പോയ ഒരു ഡസനിലേറെ സ്ത്രീകളെ ചൂണ്ടിക്കാണിക്കാം. ഇത്തരത്തില്‍ സ്ത്രീകളും പുരുഷന്മാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്നത് പറയാതെ പോകുന്നത് ശരിയല്ല എന്നതുകൊണ്ട് സൂചിപ്പിക്കുകയാണ്.
സ്ത്രീയുടെ മാംസത്തില്‍ കാമം ഇല്ല. എന്നാല്‍ പുരുഷന്‍റെ ചിന്തയില്‍ കാമം എന്ന വികാരം ഒരസുഖം പോലെ അവനെ അലട്ടുകയും ചെയ്യുന്നു. ഇത് മനുഷ്യ സൃഷ്ടിയുടെ ഒരു കുഴപ്പമാണെന്ന് പറയാനും കഴിയില്ല. രതി രസകരമായ ആസ്വാദനമായി കാണുന്നത് ബുദ്ധിമാനായ മനുഷ്യന്‍ മാത്രമാണ്. മൃഗങ്ങളില്‍ അവരിതിനെ ഭക്ഷണം പോലെ കരുതുന്നില്ല. അതുകൊണ്ടാണ് മൃഗങ്ങളില്‍ ബലാത്സംഗങ്ങള്‍ ഇല്ലാത്തത്, ലൈംഗിക ചൂഷണങ്ങള്‍ ഇല്ലാത്തത്. ഇതൊക്കെ മാധ്യമങ്ങളില്‍ വാര്‍ത്തയായി വരുന്നതില്‍ അശ്ലീലതയുണ്ട്.
മാധ്യമങ്ങളിലെ മത്സരം സമൂഹത്തില്‍ മാലിന്യം വിതറിയിരിക്കുന്നു. അത് അടിയന്തിരമായി തടയേണ്ടതാണ്. വയനാട്ടിലെ ഉരുള്‍ പൊട്ടലിനേക്കാള്‍ ഭീകര ദുരന്തമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. സമൂഹത്തിന്‍റെ ചിന്താസരണിയെ അട്ടിമറിക്കുകയാണ്. ഇത് ചലച്ചിത്ര രംഗത്തെ ലൈംഗിക ചൂഷണത്തെക്കാള്‍ അപകടകരമാണ്.