കല്പറ്റ: വയനാട് ചൂരല്‍ മലയിലും മുണ്ടക്കൈയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കരസേനാ മേജര്‍ ജനറല്‍ വി.ടി. മാത്യു നൂറുകണക്കിനാളുകൾക്ക് രക്ഷനേടാൻ വഴി തുറന്നതിന്‍റെ ചാരിതാർഥ്യത്തിൽ മടങ്ങി. മേജർ ജനറലിന് നാടിന്‍റെ സ്നേഹവും ആദരവും അറിയിച്ച് ജില്ലാ കലക്റ്റര്‍ ഡി.ആര്‍. മേഘശ്രീ യാത്രയയപ്പ് നല്‍കി. ബംഗളൂരുവിലുള്ള കേരള - കര്‍ണാടക ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങളും തെരച്ചിലും അദ്ദേഹം തുടർന്നും നിരീക്ഷിക്കും.
ചൂരല്‍മല, മുണ്ടക്കൈ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടല്‍ നടന്നതിനു പിന്നാലെ തന്നെ പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ്, എന്‍ഡിആര്‍എഫ് തുടങ്ങി വിവിധ സേനാ വിഭാഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. ജൂലൈ 30ന് ഉച്ചയ്ക്ക് 12.30 നാണ് സേനാ വിഭാഗം എത്തിയത്. ആദ്യഘട്ടത്തില്‍ തന്നെ നിരവധി ആളുകളെ രക്ഷിച്ചു. ജൂലൈ 31ന് കേരള കര്‍ണാടക ജിഒസി (ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്) മേജര്‍ ജനറല്‍ വി.ടി. മാത്യു വന്ന് രക്ഷാ ദൗത്യ നേതൃത്വം ഏറ്റെടുത്തു. 500ഓളം വരുന്ന സേനാംഗങ്ങളില്‍ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിലെ ബെയ്‌ലി പാലം നിർമിക്കുന്നതില്‍ അതിവിദഗ്ധ സൈനികരും ഉള്‍പ്പെട്ടിരുന്നു. ആദ്യദിനം 300ഓളം പേരെയാണ് ദുരന്തമുഖത്ത് നിന്ന് എല്ലാവരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ഉടന്‍ ബെയ്‌ലി പാല നിര്‍മാണവും ആരംഭിച്ചു. ഇതോടൊപ്പം അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് നടപ്പാലവും നിര്‍മിച്ചു.
അന്നുമുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് മുമ്പില്‍ ഉണ്ടായിരുന്നത് മലയാളിയായ മേജര്‍ ജനറല്‍ വി.ടി. മാത്യു ആയിരുന്നു. രാപകലില്ലാതെ മുഴുവന്‍ സേനാംഗങ്ങൾക്കൊപ്പം കഠിനപ്രയത്‌നം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പ്രവര്‍ത്തനത്തെ നേരിട്ട് അഭിനന്ദിച്ചു. ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരും ഒന്നങ്കം രക്ഷാപ്രവര്‍ത്തനത്തെ പ്രകീർത്തിച്ചു. ഏകദേശം 500 പേരെയാണ് രണ്ട് ദിവസം കൊണ്ട് രക്ഷപ്പെടുത്തിയത്. 500 സൈനികർ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രതികൂല കാലവസ്ഥയിൽ തീരെ പരിചയമില്ലാത്ത സ്ഥലമായിട്ടു കൂടി കൂടുതല്‍ പേരെ രക്ഷപ്പെടുത്തി വലിയ രക്ഷാദൗത്യം വിജയിപ്പിക്കാന്‍ സാധിച്ചതിൽ ഏറെ സംതൃപ്തിയുണ്ടെന്ന് വി.ടി. മാത്യു പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്), സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെ ഫയര്‍ഫോഴ്സ്, പോലീസ് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളായ മിലിറ്ററി എന്‍ജിനീയറിങ് ഗ്രൂപ്പ്, ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, തമിഴ്നാട് ഫയര്‍ഫോഴ്സ്, ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഡെല്‍റ്റ സ്‌ക്വാഡ്, കേരള പൊലീസിന്‍റെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍, വനം വകുപ്പ്, നാട്ടുകാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ ഉൾപ്പെടെയുള്ളവർ നല്‍കിയ സേവനം രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായി.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടേയും കേരള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേരിട്ടുള്ള നിരീക്ഷണവും മാര്‍ഗനിര്‍ദേശങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് കരുത്തേകി. ജില്ലാ കലക്റ്റർ ഡി.ആർ. മേഘശ്രീയുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടത്തിന്‍റെ കാര്യക്ഷമമായ പ്രവര്‍ത്തനവും ഏകോപനവും ഏറെ പ്രയോജനം ചെയ്തു. ആദ്യഘട്ടത്തില്‍ ജീവന്‍ പോലും പണയപ്പെടുത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആവശ്യമുണ്ടെങ്കില്‍ വീണ്ടും ജില്ലയില്‍ എത്തുമെന്നും മേജര്‍ ജനറല്‍ പറഞ്ഞു.
1999 ൽ ഒഡിഷയിലുണ്ടായ ചുഴലിക്കാറ്റ് ദുരന്തത്തിനുശേഷം ഇത്രയും വലിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും മേജര്‍ ജനറല്‍ മാത്യു അറിയിച്ചു.
ഇടുക്കി തൊടുപുഴ ഏഴുമുട്ടത്താണ് വി.ടി. മാത്യുവിന്‍റെ ജനനം. മാതാപിതാക്കള്‍ പരേതനായ മാത്യു മാളിയേക്കല്‍, റോസക്കുട്ടി മാത്യു മാളിയേക്കല്‍. ഭാര്യ മിനി. മകള്‍ പിഫാനി സോഫ്റ്റ് വെയർ എന്‍ജിനീയറാണ്. മകന്‍ മെവിന്‍ ഡല്‍ഹിയില്‍ ബി ടെക് മൂന്നാം വര്‍ഷ വിദ്യാർഥി. 11ാം ക്ലാസ് വരെ (1985) തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂളിലായിരുന്നു പഠനം. പിന്നീട് നാഷണല്‍ പൂനെ ഡിഫന്‍സ് അക്കാദമിയിലും തുടര്‍ന്ന് ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലും. മദ്രാസ് റെജിമെന്‍റിലാണ് ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്. പാക്കിസ്ഥാന്‍ അതിര്‍ത്തിയിലും (കാശ്മീരില്‍) ചൈനാ അതിര്‍ത്തിയിലും കമാന്‍ഡിങ് ഓഫീസറായി ജോലി ചെയ്തു. 2021 ല്‍ രാഷ്‌ട്രപതിയുടെ യുദ്ധ സേവാ മെഡലും 2023ല്‍ രാഷ്‌ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലും നേടി.