
മോഹമയിയായ ശൂർപ്പണഖ
മണ്ണുകൊണ്ടു ചുമരു തീർത്ത് മധ്യത്തിൽ മുളംതൂണുകളുറപ്പിച്ച് വൃക്ഷക്കമ്പുകൾ കൊണ്ട് വാരികെട്ടി, നിലം നിരപ്പാക്കി ദർഭനിരത്തി മേച്ചിലിട്ട, ഹരിയും ശ്രീയും വിളങ്ങുന്ന പഞ്ചവടിയിലെ പർണശാലയിൽ ആ നവതാപസ്വികൾ ഹർഷഹൃദയരായി കഴിഞ്ഞുവരവേ ഋതുക്കൾ മാറിമാറി അവിടം സന്ദർശിച്ചു. ശൈത്യഹേമന്ദവർഷാദി ഋതുസുന്ദരിമാരുടെ സ്പർശനാലിംഗനങ്ങളിൽ പഞ്ചവടി അനുദിനം രാമണീയകമായിച്ചമഞ്ഞു.
ഒരുനാൾ, ഗൗതമീനദിയുടെ തീരത്തിൽ പഞ്ചവടിയുടെ സമീപത്തായി കാട്ടിൽ സഞ്ചരിച്ചിരുന്ന രാവണ സഹോദരിയായ കാമരൂപിണി ശൂർപ്പണഖ മണ്ണിൽപ്പതിഞ്ഞിരിക്കുന്ന മനോഹരങ്ങളായ പാദമുദ്രകൾ കണ്ട് മോഹിതയായി തന്റെ രാക്ഷസീഭാവം വെടിഞ്ഞ് മോഹിനിയായി ആശ്രമവാടത്തിൽ, ശ്രീരാമ സവിധത്തിലെത്തുന്നു.
രാക്ഷസേശ്വരനായ രാവണന്റെ അമ്മ കൈകസിയുടെ സഹോദരിയായ രാകയുടെ മക്കളാണ് ശൂർപ്പണഖയും ഖരനും. ശൂർപ്പണഖ പ്രണയിച്ചത് ദാനവനായ വിദ്യുജിഹ്വയെയാണ്. മധുപുരി രാജനായ ഇഷ്ടം ശൂർപ്പണഖയോട് തുറന്നുപറഞ്ഞിട്ടും അതിനു വഴിപ്പെടാതെ രാവണന്റെ എതിപ്പിനെ അവഗണിച്ചവൾ താനിഷ്ടപ്പെടുന്ന വിദ്യുജിഹ്വയെ വരിച്ചു. അതോടെ ലങ്കയിൽ നിന്നും പുറത്താക്കപ്പെട്ട ശൂർപ്പണഖയ്ക്ക് പിന്നീടാണ് തനിക്കു സംഭവിച്ച ചതി മനസിലായത്. രാവണനോടുള്ള പക തീർക്കുവാനും നശിപ്പിക്കുവാനുമാണ് വിദ്യുജിഹ്വ പദ്ധതിയിട്ടതെന്ന് രാവണൻ അയാളെ കൊന്നതിനു ശേഷമാണ് ശൂർപ്പണഖ അറിയുന്നതും തിരികെ ലങ്കയിലെത്തുന്നതും. എന്നാൽ ഒരുനാൾ ലങ്കയിലെ കാർക്കശ്യത്തിൽ നിന്നും രക്ഷനേടി, മുമ്പ് ഇക്ഷ്വാകുവിന്റെ നൂറു പുത്രന്മാരിൽ പ്രധാനികളിലൊരുവനായ ദണ്ഡൻ ഭരിച്ചിരുന്ന ദണ്ഡകാരണ്യത്തിൽ സഹോദരനായ ഖരനോടൊപ്പം താമസമാരംഭിച്ചു.
ഈ ദണ്ഡകാരണ്യകത്തിന് വലിയൊരു പുരാവൃത്തമുണ്ട്. എന്തെന്നാൽ, വികുക്ഷി, നിമി, ദണ്ഡൻ എന്നിവരിൽ ദണ്ഡൻ ക്രോധഹന്താവെന്ന അസുരന്റെ പുതിയ ജന്മമായിരുന്നു. യുദ്ധനിപുണനായ ദണ്ഡനായിരുന്നു പിതാവ്. വിന്ധ്യശൈലത്തിന്റെയും ഹിമാചലത്തിന്റെയും മധ്യത്തിലുള്ള ഭൂവിഭാഗങ്ങൾ നൽകിയത്. ഋഷി ഭാർവന്റെ മകളെ അത്യാചാരം ചെയ്തതിന്റെ ശിക്ഷയായി നാമാവശേഷമായി ദണ്ഡന്റെ സാമ്രാജ്യം. മകളോട് തപസനുഷ്ഠിക്കാൻ നിർദ്ദേശിച്ചതിനു പിന്നാലെ മഹർഷി ദേവേന്ദ്രനെ വിവരം ധരിപ്പിക്കുകയും ഇന്ദ്രൻ ദണ്ഡന്റെ ഭരണപ്രദേശങ്ങൾ അഗ്നിയയച്ച് ചുടുകയും ചെയ്തു. കാലംപോകെ അതൊരു മഹാരണ്യകമായി പരിണമിച്ചു. ഈ ഭൂവിഭാഗത്തിന് ദണ്ഡകാരണ്യമെന്നു വിളിപ്പേരു പതിഞ്ഞത് ഇപ്രകാരമാണ്.
അഭിലാഷ പൂർത്തീകരണത്തിനായി ആശ്രമവനികയിലെത്തിയ ശൂർപ്പണഖ, ""അങ്ങാരാണ്, ഈ കാട്ടിലേയ്ക്ക് വരാൻ കാരണമെന്താണ്, താപസവേഷവും ജടാവല്ക്കലവും ധരിച്ചിരിക്കുന്നതെന്തിനാണ്'' എന്നിത്യാദി ചോദ്യങ്ങളുന്നയിക്കുകയാണ്. രാമൻ അവളോട് തന്റെ വൃത്താന്തം ഹ്രസ്വമായി പറയുന്നു. അതുകേട്ട ശൂർപ്പണഖ അങ്ങ് എന്നോടൊപ്പം രമിച്ചു വാണാലും എന്ന് സ്ത്രീസഹജമായ ലജ്ജയേതും കൂടാതെ ആവശ്യപ്പെട്ടു.
"ഞാൻ ഏകപത്നീവ്രതനാണ്, എനിക്കൊരു ഭാര്യയുണ്ട്, നിന്നെ സ്വീകരിക്കാൻ കഴിയുകയില്ല. എന്റെ അനുജനെ സമീപിക്കുക' എന്നുളള രാമവചനം കേട്ട് ശൂർപ്പണഖ ലക്ഷ്മണനെ സമീപിക്കുന്നു.
"ഞാൻ രാമദാസനാണ്. ദാസിയാകാൻ നീ അനുയോജ്യയല്ല. അതിലും ശ്രേഷ്ഠയായതിനാൽത്തന്നെ ഭവതി രാമനെത്തന്നെ സമീപിക്കുക' എന്ന ലക്ഷ്മണ വാക്യം കേട്ട ശൂർപ്പണഖ വീണ്ടും ശ്രീരാമന്റെ അരികിലെത്തി. എന്നാൽ രാമൻ വീണ്ടും ആദ്യം പറഞ്ഞതു തന്നെ ആവർത്തിച്ചപ്പോൾ തനിക്ക് തടസമായി നിൽക്കുന്നത് അവരോടൊപ്പമുള്ള പെണ്ണാണെന്ന് മനസിലാക്കിയ ശൂർപ്പണഖ കോപതാപത്തോടെ രാമനോട്, ""നീ നോക്കിനിൽക്കെ ഈ സ്ത്രീയെ ഞാൻ ഭക്ഷിക്കും'' എന്ന് പറഞ്ഞ് മായാരൂപം വെടിഞ്ഞ് ഘോരരൂപത്തിൽ സീതയുടെ നേരെ തിരിഞ്ഞു. കളിയായിത്തുടങ്ങിയ സംസാരം കാര്യമായപ്പോൾ രാമൻ ലക്ഷ്മണനോട് ഇവളെ വിരൂപിയാക്കി വിടുക എന്നാജ്ഞാപിച്ചു. തൽക്ഷണം ലക്ഷ്മണൻ അവളുടെ കാതും മൂക്കും ഛേദിച്ചു.
മൂക്കും മുലയുമറുത്തു എന്ന കഥ വാത്മീകി രാമായണത്തിലില്ല. രംഗത്തിന് തീവ്രത വരുത്തുന്നതിനായി ഭാഷാന്തരം ചെയ്തവർ അപ്രകാരം ചേർത്തതാകാനേ വഴിയുള്ളൂ.
ലക്ഷ്മണാഘാതമേറ്റ ശൂർപ്പണഖ മഴക്കാലത്തെ കരിമുകിൽ പോലെ അലറിവിളിച്ചു കൊണ്ട് കാട്ടിലേക്ക് ഓടിമറഞ്ഞു. ചോരയൊലിപ്പിച്ച്, കൈപൊക്കിയലച്ച് അനുജനായ ഖരന്റെ അടുത്തേക്കാണ് അവൾ ഓടിയത്.
കാമസ്വരൂപിണി എന്നാൽ അമിതമായ കാമാസക്തിയുള്ളവൾ എന്നാണർഥം. സത്യത്തിൽ ഈ ശൂർപ്പണഖ സാധാരണ മാനുഷപ്രതിനിധിയുടെ ഉദാഹരണമാണ്. പ്രണയിച്ചു വിവാഹം കഴിച്ചെങ്കിലും, ഒരു കുട്ടിയുണ്ടായിയെങ്കിലും സർവസ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന ഒരു സ്ത്രീ മാത്രമാണ് ശൂർപ്പണഖ.
മാതാമഹിയായ താടകയ്ക്ക് സംഭവിച്ചത് ശൂർപ്പണഖയ്ക്ക് സംഭവിച്ചില്ല എന്നും നാം ഓർക്കണം. താടക ശ്രമിച്ചത് യാഗവിഘ്നം വരുത്താനാണ്. എന്നാൽ ശൂർപ്പണഖ ശ്രമിക്കുന്നത് ലോകമംഗളകാരിയായ കർമത്തെ മുടക്കുവാനല്ല, മറിച്ച് സ്ത്രീയെന്ന നിലയിലുള്ള തന്റെ ആഗ്രഹ സംപൂർത്തിക്കായാണ്. ഭർത്താവിനെ രാവണൻ വധിച്ചശേഷം നീ താല്പര്യമുള്ളവരെ പതിയായി തെരഞ്ഞെടുത്തുകൊള്ളൂ എന്ന് ശൂർപ്പണഖയ്ക്ക് രാവണൻ അനുമതി നൽകിയിരുന്നു. കാലടിപ്പാടുകൾ പിന്തുടർന്ന് ശൂർപ്പണഖ അനുയോജ്യനായി കണ്ടെത്തിയത് രാമനെയും പിന്നീട് ലക്ഷ്മണനെയുമായിരുന്നു. സീതയെ നിധനം ചെയ്യുമെന്ന ഘട്ടത്തിലെത്തിയപ്പോൾ മാത്രമാണ് രാമാജ്ഞയാൽ ലക്ഷ്മണൻ പ്രവർത്തിച്ചത്.
രാമരാവണന്മാർ തമ്മിൽ കണ്ടുമുട്ടുന്നതിനും രാമായണ കാവ്യത്തിന്റെ വഴിത്തിരിവിനും കാരണമായത് ശൂർപ്പണഖാഗമനമാണ് എന്നതും സ്മരണീയമാണ്.
(തുടരും )