
മാരുതിയുടെ അശോകവനികാ പ്രവേശവും ലങ്കാദഹനവും
"സ്ഫുടവചനമതി വിശദമിതി
ശൃണു ജളപ്രഭോ !
പൂജ്യനാം രാമദൂതൻ ഞാനറിക നീ'.
കാവ്യദോഷത്തിലെ പദദോഷമാണിത്. കാവ്യത്തിനു ഗുണങ്ങളുള്ളതു പോലെ ദോഷങ്ങളും സംഭവിക്കാം. അതിനുദാഹരണമാണ് രാവണ സന്നിധിയിലെത്തിക്കപ്പെട്ട ഈ ഹനുമൽവചനം. കാവ്യത്തിന്റെ ആസ്വാദനവേളയിൽ കല്ലുകടിയുണ്ടാക്കുന്ന ഏതു ഘടകത്തെയും കാവ്യദോഷം എന്നുപറയാം. അതായത് ആസ്വാദകനു രുചിക്കാത്തതെന്തും കാവ്യദോഷത്തിൽപ്പെടും. രസപ്രതീതി ഇല്ലായ്ക, രസപ്രതീതിക്ക് കാലതാമസം, രസപ്രതീതിയിൽ ചമത്കാരത്തിന് ന്യൂനത ഇവയൊക്കെ രസദോഷം കൊണ്ടുവരും. കാവ്യാനന്ദനത്തിന് വിഘാതം സൃഷ്ടിക്കുന്നവയാണിവയൊക്കെ .
പദം, പദാംശം, വാക്യം, അർഥം, രസം എന്നീ അംശങ്ങളിൽ ദോഷം സംഭവിക്കാൻ സാധ്യതയേറെയാണ്. 70 തരം കാവ്യദോഷങ്ങളാണുള്ളത്. 33 പദ ദോഷങ്ങൾ, 23 അർഥ ദോഷങ്ങൾ, 10 രസ ദോഷങ്ങൾ എന്നിങ്ങനെ. (വിശദമായി പറയേണ്ട വിഷയമാണെങ്കിലും വിസ്തര ഭയത്താൽ സാമാന്യമായി സൂചിപ്പിക്കുക മാത്രമാണിവിടെ ചെയ്യുന്നത്.) ഈ ദോഷങ്ങളിൽ ചിലത് അപൂർവമായി ഗുണമായിത്തീരുന്നതും കാണാറുണ്ട്.
ഇവിടെ ച്യുതസംസ്കാരത്വം എന്ന പദദോഷമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വ്യാകരണദൃഷ്ട്യാ സാധുവല്ലാത്ത പ്രയോഗമാണിത്. നഷ്ടമായ സംസ്കാരമാണ് ഹനുമാന്റെ ഭാഷയിൽ വന്നത്. പൂജ്യനാം എന്ന വിശേഷണം വ്യാകരണ പ്രകാരം ദൂതനോടാണ് അന്വയിപ്പിക്കുക. എന്നാൽ കവിയുടെ ഉദ്ദേശ്യം രാമനോട് അന്വയിക്കണമെന്നാണ്. അതിവിടെ സാധ്യമല്ല തന്നെ. അർഥ ഗ്രഹണത്തിനും കാവ്യ സൗഭഗത്തിനും തടസമാവുകയാണിവിടെ, ഇത്തരമൊരു പ്രയോഗം.
ഹനുമാൻ സീതയെ തെരഞ്ഞ് ലങ്കാ നഗരിയുടെ കോട്ട വാതിൽ ചാടിക്കടന്ന് "ഇടതുകാൽ ചവുട്ടിക്കൊണ്ട് ' രാജമാർഗത്തിലേക്കു പ്രവേശിച്ചു. ശത്രുവിന്റെ താവളത്തിലേക്കു കടക്കുമ്പോൾ ഇടതുകാൽ വച്ച് കയറണമെന്നാണ് സംഗ്രാമ ശാസ്ത്രം അനുശാസിക്കുന്നത് എന്നതിനാൽത്തന്നെ.
രാത്രി വളർന്നിരിക്കുന്നു. രാവണാന്തപ്പുരത്തിലേക്കു മാർജാരതുല്യ പാദങ്ങളോടെ ആ ധീര വാനരൻ പ്രവേശിച്ചു. പലതരം മാരലീലകളാടുന്നവരെയും സുരപാനം ചെയ്യുന്നവരെയും ശല്യപ്പെടുത്താതെ ആഞ്ജനേയൻ നടന്ന്, തലഭാഗത്ത് വെൺകൊറ്റക്കുട നാട്ടിയ അതിവിശിഷ്ടമായ മഞ്ചത്തിൽ മന്ദരപർവതുല്യനായി ശയിക്കുന്ന മഹാരാവണനെ കണ്ടു. നിദ്രയനുഗ്രഹിച്ച രാവണനു ചുറ്റുമുള്ള പലയിടത്തായി രൂപലാവണ്യവതികളായ പത്നിമാർ തളർന്നു ശയിക്കുന്നതും, മറ്റൊരു പര്യങ്കത്തിൽ ഉറങ്ങുന്ന രതിശില്പ സദൃശ്യയായ മണ്ഡോദരിയെയും കണ്ട് പിന്നോക്കം മാറി ചിന്താക്ലേശത്തോടെ അയാൾ ഉഴറിനടന്നു.
പിന്നീട്, പുറത്തുകടന്ന് വൻമരങ്ങൾ വളർന്നു ചാഞ്ഞാരു രമണീയവനത്തിൽ സീതയുണ്ടാകുമെന്നു കരുതിയ മാരുതിക്കു തെറ്റിയില്ല. രാക്ഷസസ്ത്രീകളാൽ ആവൃതയായിരിക്കുന്ന സീതയെ ദൂരെ നിന്നുകണ്ട്, ദേവി പാർക്കുന്നിടത്തെ വൃക്ഷക്കൊമ്പിലൊന്നിൽ ഹനുമാൻ അനുയോജ്യമായ സമയം നോക്കി കാത്തിരിക്കവേ പ്രഭാതമായി. സൂര്യശോഭയോടെ അവിടേക്ക് രാവണപ്രഭുവിന്റെ എഴുന്നള്ളത്തായി.
സീതയോടുള്ള രാവണന്റെ പ്രണയ നിവേദനവും അതിനുള്ള ദേവിയുടെ പരുഷമായ മറുപടിയും, രാക്ഷസ രാജാവ് ഒടുവിലുയർത്തിയ ഭീഷണിക്കും ഹനുമാൻ വേദനയോടെ സാക്ഷിയായി.
നിരാശനും ക്ഷുഭിതനുമായ രാവണൻ മടങ്ങിപ്പോയതിനുശേഷം ഹനുമാൻ ഒരു ചെറിയ വാനരനായി വൃക്ഷച്ചില്ലയിൽ ഇരുന്ന് രാമമാഹാത്മ്യം ഉരുക്കഴിക്കവേ, സീതാദേവി അതുകേട്ട് അത്ഭുതാനന്ദപരവശയായി ചുറ്റും നോക്കി. രാക്ഷസ സ്ത്രീകൾ നിദ്രയിലായ സമയം നോക്കി, അനുയോജ്യമായ സമയമാണെന്ന് കണ്ട് ഹനുമാൻ സീതാസവിധമണയുകയും തന്റെ പരമാർഥം വെളിപ്പെടുത്തുകയും, അടയാളമായി ശ്രീരാമാംഗുലീയം നൽകുകയും ചെയ്തു. സീതാദേവിയെ ആശ്വസിപ്പിച്ച്, ലങ്കാനഗരിയെ തന്റെ പരാക്രമവീര്യം അറിയിക്കുവാൻ സീതാമാതാവിനോട് അനുവാദം വാങ്ങി ഹനുമാൻ ലങ്കയിൽ ഒട്ടേറെ നാശനഷ്ടങ്ങൾ വരുത്തുന്നു.
ഒരീച്ചപോലും പറക്കാൻ ധൈര്യപ്പെടാത്ത തന്റെ സാമ്രാജ്യത്തിൽ നിസാരനായ ഒരു വാനരൻ കടന്നുകയറി അതിക്രമം ചെയ്തത് രാവണനെ അത്യധികം ക്രോധിപ്പിച്ചു. അവനെ എത്രയുംവേഗം പിടിച്ചുകെട്ടി തന്റെ മുമ്പിൽ ഹാജരാക്കാൻ ആജ്ഞയും നൽകി. രാവണാജ്ഞയാണ് നിറവേറ്റിയില്ലെങ്കിൽ തല കാണില്ല. സ്വാമിയുടെ ആജ്ഞ ശിരസാവഹിച്ച് രാക്ഷസ സൈന്യം ഒട്ടേറെ പണിപ്പെട്ട് ഹനുമാനെ രാവണസന്നിധിയിൽ എത്തിച്ചു. നീ ആരാണ് എന്നു ചോദിക്കുമ്പോൾ ഹനുമാൻ പറയുന്ന മറുപടിയാണ് ഈ പ്രകരണത്തിന്റെ ആരംഭത്തിൽ ഉദ്ധരിച്ചത്.
"ഇവനെ വധിക്കുക' എന്ന രാവണ കല്പന കേട്ട് രാമഭക്തനും രാവണ സഹോദരനുമായ വിഭീഷണൻ ദൂതൻ വധ്യനല്ല എന്നു സൂചിപ്പിച്ച് രാക്ഷസേശ്വരനെ തടഞ്ഞു. "കപികൾക്ക് വാലാണ് ഭൂഷണം. ആ വാലിൽ തീകൊളുത്തട്ടെ, ഇവൻ കരിഞ്ഞ വാലുമായി പോകട്ടെ' എന്ന രാവണാജ്ഞ കേട്ട് സൈന്യം ഹനുമാന്റെ വാലിൽ തുണിചുറ്റി തീകൊളുത്തി വിട്ടു. ലങ്കാ നഗരത്തിന് തീ കൊളുത്താൻ താനറിയാതെ ഉത്തരവിടുകയായിരുന്നുവെന്ന് രാവണന് മനസിലായത് ഹനുമാൻ വാലിൽ തീയുമായി താണുയർന്ന് പറന്ന് കത്തിച്ച ലങ്കാനഗരി കണ്ടപ്പോൾ മാത്രമായിരുന്നു!
"ഭുവനതലഗതവിമല ദിവ്യരത്നങ്ങളാല്
ഭൂതിപരിപൂര്ണ്ണമായുള്ള ലങ്കയും
പുനരനിലസുതനിതി ദഹിപ്പിച്ചി തെങ്കിലും
ഭൂതി പരിപൂർണമായ് വന്നിതത്ഭുതം'.
ലങ്കാദഹനത്തെക്കുറിച്ചുള്ള ആചാര്യവാക്യമാണ്.
ഇത് വിരോധാലങ്കാരമമെന്നതിൽ വരും. കേട്ടപാടെ വിരോധം തോന്നുന്നതും അവസാനം വിരോധത്തിന് കാരണം നൽകുന്നതുമായ വാച്യ വൈചിത്ര്യമാണ് വിരോധാഭാസം എന്നുകൂടി പേരുള്ള വിരോധാലങ്കാരം. ജാതി, ഗുണം, ദ്രവ്യം, ക്രിയ എന്നീ നാലുവിധ പദാർഥങ്ങൾക്ക് സജാതീയമോ വിജാതീയമോ ആയ വിരുദ്ധപദാർഥങ്ങളോട് ബന്ധം കല്പിക്കുന്നതിലാണ് വിരോധാലങ്കാരത്തിന്റെ സൂക്ഷ്മം. കേട്ടപാടെ തോന്നുന്ന വിരോധം അപൂർവമായൊരു കാവ്യസൗന്ദര്യമായി മാറുന്നു.
ഒരു സംഭവത്തിന് അവസ്ഥാനമുണ്ടെന്ന് വർണിക്കുമ്പോൾ ഉണ്ടാകുന്ന വിരോധപ്രതീതിയാണ് ഈ അസംഗതിക്കിടയാക്കുന്നതെന്ന് ചുരുക്കിപ്പറയാം. ഈ അലങ്കാരത്തിന് 10 വകഭേദങ്ങളുമുണ്ട്. ഇവിടെ ഭൂതി എന്നാൽ ഐശ്വര്യമെന്നും ചാമ്പൽ എന്നും അർഥമുണ്ട്. ഭൂതി പരിപൂർണമായി എന്ന് എഴുത്തച്ഛൻ പ്രയോഗിക്കുമ്പോൾ ചാമ്പൽ എന്നാണ് അർഥമാക്കേണ്ടത്. അതായത് ലങ്ക മുഴുവൻ കത്തിച്ചു തകർത്തു എന്ന് സാരം.
ഇങ്ങനെയൊക്കെയാണെങ്കിലും രാമദൂതനായി വന്ന താൻ ലങ്കയിൽ ഇത്രയേറെ നഷ്ടങ്ങൾ വരുത്തിയതിൽ മാരുതിക്ക് മനസ്താപമുണ്ടായി. ലോകം രാമനെയും തന്നെയും പഴിക്കില്ലേ എന്ന ഖേദത്തോടെ തന്നെ ഹനുമാൻ ലങ്കയിൽനിന്ന് രാമസന്നിധിയിലേക്ക് തിരിച്ചു. സീതയെ കണ്ട് വിജയശ്രീലാളിതനായ ഹനുമാന്റെ പ്രത്യാഗമനത്തിൽ സന്തോഷിച്ച് ആർപ്പു വിളിച്ച് വാനര സൈന്യം രാമലക്ഷ്മണന്മാരെയും സുഗ്രീവനെയും നേരിൽ കണ്ട് വിശേഷങ്ങൾ പങ്കുവയ്ക്കാൻ പുറപ്പെട്ടു.
(തുടരും)