
സേതുബന്ധനവും യുദ്ധാരംഭവും
ഹനുമാനും സംഘവും രാമലക്ഷ്മണന്മാരെയും സുഗ്രീവനെയും കണ്ട് വിവരങ്ങൾ ധരിപ്പിക്കുകയും ഉത്രം നക്ഷത്രത്തിലെ അഭിജിത് മുഹൂർത്തത്തിൽ സൈന്യസമേതം ലങ്കയിലേക്കുള്ള യാത്രയാരംഭിക്കുകയും ചെയ്തു. മാരുതിവശം സീത കൊടുത്തുവിട്ട ചൂഡാരത്നം രാമന് കൂടുതൽ ഉണർവേകി. സമുദ്രതീരത്തെത്തി അവർ ആലോചനയിലാണ്ടു. ഒടുവിൽ രാമൻ സമുദ്രം വറ്റിച്ച് മറുകരയിലേക്ക് പോകാൻ ശ്രമിച്ചു. എന്നാൽ ഭീതിയിലാണ്ട വരുണ ദേവൻ പ്രത്യക്ഷപ്പെടുകയും വിശ്വകർമ്മാവിന്റ പുത്രനായ നളനെന്ന വാനരനെക്കൊണ്ട് സേതു നിർമ്മിച്ച് സമുദ്രതരണം ചെയ്യാൻ നിർദേശിച്ചു. അതനുസരിച്ച് നളനും വാനരസൈന്യവും കൂടി ചിറകെട്ടാനാരംഭിച്ചപ്പോൾ ഒരു അണ്ണാറക്കണ്ണനും സഹായത്തിനെത്തിയതുകണ്ട രാമൻ സന്തുഷ്ടനായി.
ഇതിനിടയിൽ രാവണസഹോദരനായ വിഭീഷണൻ രാവണന്റ പ്രവൃത്തികളോട് യോജിക്കാനാവാതെ രാമനെ ശരണം പ്രാപിച്ചു. ചിറകെട്ട് പൂർത്തിയായ സമയത്ത് ശത്രുവിന്റ സൈന്യബലം അറിഞ്ഞുവരാൻ രാവണനയച്ച മന്ത്രിമാരായ ശുകസാരണന്മാരെ വിഭീഷണൻ തിരിച്ചറിയുകയും രാമനവർക്ക് മാപ്പുനൽകി വിട്ടയയ്ക്കുകയും ചെയ്തു. ഇവരിൽനിന്ന് വിവരങ്ങളറിഞ്ഞ രാവണൻ യുദ്ധസന്നാഹം ആരംഭിച്ചു. വിഭീഷണപത്നി സരമയുടെ സമയോജിതമായ സാന്ത്വനവാക്കുകൾ കേട്ട് സീത രാമാഗമനം കാത്ത് അശോകവനികയിലിരുന്നു.
വാനരസൈന്യത്തോടൊപ്പം രാമലക്ഷ്മണന്മാർ ലങ്കയിലേയ്ക്ക് പ്രവേശിച്ചു. വാനരീകൃതമായ ആ പ്രാകാരംകൊണ്ട് ലങ്കാനഗരം വലയിതമായിരിക്കുന്നതുകണ്ട് രാവണാജ്ഞയാൽ രാക്ഷസ സൈന്യം യുദ്ധസന്നദ്ധരായി വാനരരോടടുത്തു. തുടർന്ന് ഘോരമായ സംഗ്രാമത്തിന് തുടക്കമായി. രാത്രി വന്നെത്തിയിട്ടും ഇരുകൂട്ടരും യുദ്ധം മതിയാക്കിയില്ല. കടുത്ത പകയോടെ അവർ വീണ്ടുംവീണ്ടും ആഞ്ഞടിച്ചുകൊണ്ടിരുന്നു. ലങ്കയെ രക്തംകൊണ്ട് ചുവപ്പിച്ച് അവർ അടരാടി.
ഇതിനിടെ, രാവണപുത്രനായ ഇന്ദ്രജിത്ത് രണഭൂമിയിൽ നിന്ന് അന്തർധാനം ചെയ്യുകയും മായായുദ്ധ മുറയെടുത്ത് നാഗാസ്ത്രമെയ്ത് രാമലക്ഷ്മണന്മാരെയും വാനരന്മാരെയും മൂർച്ഛിതരാക്കിയെങ്കിലും ഗരുഡാഗമനത്താൽ നാഗാസ്ത്രത്തിന്റെ ബന്ധനമില്ലാതായി. പെട്ടെന്ന് ജാംബവാൻ ഹനുമാനോട് മൃതസഞ്ജീവനി എന്ന ദിവ്യൗഷധം കൊണ്ടുവരാൻ നിർദേശിച്ചു. ഹനുമാൻ അത് നിവൃത്തിച്ച്, രാമലക്ഷ്മണൻമാർ പൂർവ്വാധികം ശക്തിയോടെ യുദ്ധത്തിനൊരുങ്ങി. പിറ്റേന്ന് ധൂമ്രാക്ഷൻ, അകമ്പനൻ, വജ്രദംഷ്ട്രൻ, സൈന്യാധിപനായ പ്രഹസ്തൻ, നരാന്തകൻ, കുംഭഹനു, മഹാനാദൻ എന്നിവരെല്ലാം കൊല്ലപ്പെട്ടു. സൈന്യാധിപനായ ബൃഹസ്തൻ കൊല്ലപ്പെട്ടതറിഞ്ഞ രാവണൻ, "ഈ വാനരൻമാർ നിസാരരല്ല, ഇവരുടെ സംഹാരത്തിന് ഞാൻതന്നെ പുറപ്പെടാമെന്നു' പറഞ്ഞ്, ഭൂതങ്ങളിൽ ചൂഴപ്പെട്ട മഹേശനെപ്പോലെ യുദ്ധഭൂമിയിലേക്കിറങ്ങി. വെട്ടിത്തിളങ്ങുന്ന കിരീടകുണ്ഡലങ്ങളോടുകൂടി അപ്രതിരോധനായി രാവണൻ വരുന്നതുകണ്ട് രാമൻപോലും മതിപ്പോടെ നോക്കിനിന്നു. പെട്ടെന്ന് ആ മതിപ്പ് രോഷമായി മാറി. ഇരുവരും യുദ്ധം ആരംഭിച്ചു. ഒടുവിൽ, രാവണന്റ രഥവും രഥാശ്വങ്ങളെയും തകർത്ത് സാരഥിയെയും രാമൻ വധിച്ചു. അന്നത്തേക്ക് രാവണൻ പിന്തിരിഞ്ഞു.
നിദ്രാവത്വം ബ്രഹ്മദേവനിൽ നിന്ന് ലഭിച്ച രാവണ സോദരനായ കുംഭകർണനെ ഉണർത്തി കൊട്ടാരവാസിക ൾ വിവരം ധരിപ്പിച്ചു. തുടർന്ന് ജ്യേഷ്ഠനുമായി സംസാരിച്ച കുംഭകർണൻ മറ്റൊരാളുടെ പത്നിയെ തട്ടിയെടുത്തതിനെത്തുടർന്നുള്ള ഈ യുദ്ധത്തെ അനുകൂലിച്ചില്ല. എങ്കിലും ജ്യേഷ്ഠനോടുള്ള സ്നേഹം മുൻനിറുത്തി അയാൾ പടയ്ക്കിറങ്ങി യുദ്ധത്തിൽ രാമനയച്ച ഇന്ദ്രാസ്ത്രത്താൽ മോക്ഷംവരിച്ചു.
രാവണപുത്രനായ ഇന്ദ്രജിത് ലക്ഷ്മണനാൽ വധിക്കപ്പെട്ടതറിഞ്ഞ രാവണൻ അതീവദുഃഖിതനായി.
രാക്ഷസപ്പട മുച്ചൂടും ഒടുങ്ങിത്തുടങ്ങി. ഇനി അവശേഷിക്കുന്ന ഗംഭീരപുരുഷൻ രാവണനാണ്. ലങ്കയിലെങ്ങും രാക്ഷസസ്ത്രീകളുടെ ദീനവിലാപങ്ങൾ ഉയർന്നു കൊണ്ടിരിക്കെ രാവണൻ തനിക്കെന്നും അഭയമായി വർത്തിക്കുന്ന പരമേശ്വരപൂജ ആരംഭിച്ചെങ്കിലും കപിശല്യംമൂലം പൂർത്തിയാക്കാനാവാതെ യുദ്ധത്തിനിറങ്ങേണ്ടിവന്നു. ആ പൂജ പൂർത്തിയായിരുന്നെങ്കിൽ രാവണൻ അവധ്യനായി തുടർന്നേനെ.
രാവണൻ വീണ്ടും യുദ്ധത്തിനിറങ്ങി.യപ്പോൾ സൂര്യപ്രഭ രാഹുബാധയേറ്റ പോലെ മങ്ങി. വിമലാകാശത്തിൽ പെട്ടെന്ന് ഇരുട്ട് പടർന്നു. കാടകങ്ങളിൽനിന്ന് കുറുനരികൾ ഓരിയിട്ടു. കഴുകന്മാർ അശുഭം സൂചിപ്പിച്ചു കൊണ്ട് വട്ടമിട്ടു പറന്നു. തന്റ ഇടതുകൈ തുടിക്കുന്നതറിഞ്ഞിട്ടും ധീരനും, കാലപ്രചോദിതനുമായ രാവണൻ ആ ദുഃശകുനങ്ങൾ വകവയ്ക്കാതെ രാമനുമായി യുദ്ധത്തിൽ ഏർപ്പെട്ടു. സായംകാലമായപ്പോഴേയ്ക്കും കൂടെയുള്ളവർ കൊല്ലപ്പെട്ട് രാവണൻ ഒറ്റയ്ക്കായി. സിംഹമുഖങ്ങളായ, ഗൃഗ്ദ്ധമുഖങ്ങളായ, സർപ്പമുഖങ്ങളായ
അസ്ത്രങ്ങൾ രാവണൻ പ്രയോഗിച്ചു. രാമനോ ആഗ്നേയം തൊടുത്തു. രാവണനതു മടക്കി രൗദ്രാസ്ത്രമെടുത്ത് മന്ത്രപുരസ്സരം അയച്ചു. പലപല ദിവ്യാസ്ത്രങ്ങൾ മാറിമാറി രണ്ടു പേരും പ്രയോഗിച്ചു. ആരും തോറ്റില്ല, പിന്മാറിയില്ല. ഇങ്ങനെ ഏഴു ദിനരാത്രങ്ങൾ കടന്നുപോയി.
ഇതിനിടയിൽ വിഭീഷണനെക്കണ്ട് കൂടുതൽ കോപാകുലനായ രാവണൻ ശക്തിയെന്ന വേലെടുത്ത് അയാൾക്കു നേരെ പ്രയോഗിച്ചു. അനുരോധ്യമായ ശക്തിയുടെ വരവു കണ്ട് ലക്ഷ്മണൻ അത് തടുക്കാൻ ശ്രമിച്ചപ്പോൾ അതിന്റെ ബലാഘാതത്താൽ വീണുപോയി. ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവന്ന് നസ്യം നൽകി ലക്ഷ്മണനെ ഉണർത്തി. ഈ യുദ്ധത്തിൽ രാമൻ രഥമൊന്നുമില്ലാതെ ഭൂമിയിലും രാവണൻ രഥത്തിൽനിന്നുമാണ് യുദ്ധം ചെയ്തത്. ഈ തുല്യതയില്ലായ്മ കണ്ട് ഇന്ദ്രൻ സുസജ്ജമായ തന്റ ദിവ്യരഥം രാമകാര്യാർത്ഥം തേരാളിയായി മാതലിവശം ഭൂമിയിലേക്കയച്ചു. ഈ സമയം മുതൽ രാമന്റ ദൃഷ്ടിയിൽപെട്ടതൊക്കെ ശുഭലക്ഷണമായിത്തീർന്നു. അഗസ്ത്യമുനി ഗൂഢമായി ഉപദേശിച്ച ആദിത്യഹൃദയമന്ത്രം രാമന്റ ഉൾക്കരുത്ത് കൂട്ടി. തുടർന്ന് രണ്ടുപേരും സർവ വീര്യത്തോടും കൂടി പോർ ചെയ്യവേ രാവണന്റ തേരിലെ കൊടിമരം രാമശരമേറ്റു താഴെ വീണു. രാവണാസ്ത്രങ്ങൾ രാമാശ്വങ്ങളെയും മുറിവേൽപ്പിച്ചു. അവർ ഇരുവരും കൂടി
ആകാശത്ത് ശരപ്പന്തൽ നിർമിച്ചതു പോലെ ദേവൻമാർക്ക് തോന്നി. രാമനൊടുവിൽ അഭിമന്ത്രിച്ച് ബ്രഹ്മാസ്ത്രം രാവണനു നേരെ പ്രയോഗിച്ചു. തനിക്കുനേരെ വരുന്ന ബ്രഹ്മാസ്ത്രത്തെ രാവണൻ തൊഴുകൈയോടെ സ്വീകരിച്ചത്. അത് രാവണന്റ മർമങ്ങളിൽത്തറച്ച് പ്രാണനെ വേർപെടുത്തി, രാവണരക്തത്താൽ ആർദ്രമായ ബ്രഹ്മാസ്ത്രം വീണ്ടും രാമന്റ തൂണീരത്തിൽ പ്രവേശിച്ചു.
രാവണൻ ഭൂമിയിൽ വീണതു കണ്ടപ്പോൾ ഭയാക്രാന്തരായ രാക്ഷസ്സന്മാർ നാലുവഴിക്ക് ഓടിയൊളിച്ചു. വാനരസൈന്യം ദിഗന്തങ്ങൾ ഉലയുംവിധം മദിച്ചലറി. ദിക്കുകൾ തെളിഞ്ഞു. ലോകത്തെ നടുക്കിയ, വിസ്മയിപ്പിച്ച ദൈത്യരാജപ്രഭാവം വെറും മണ്ണിൽ മൃതിദംശിച്ച് ചേതനാ രഹിതനായി കിടന്നു.
(തുടരും )