സാമ്രാജ്യം നഷ്ടപ്പെട്ട 'സൈബരാബാദ് സുൽത്താൻ'
നീതു ചന്ദ്രൻ
ഒരു കാലത്ത് രാജ്യത്തെ പ്രധാനമന്ത്രിയെയും രാഷ്‌ട്രപതിയെയും വരെ തീരുമാനിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്ന അതിശക്തനായ നേതാവ്; ഹൈദരാബാദിലിരുന്ന് ഡൽഹി രാഷ്‌ട്രീയം വരെ നിയന്ത്രിച്ച പൊളിറ്റിക്കൽ കിങ് മേക്കർ. ആന്ധ്ര പ്രദേശിൽ മൂന്നു പ്രാവശ്യം മുഖ്യമന്ത്രിസ്ഥാനത്തിരുന്ന ഒരു പതിറ്റാണ്ട് കാലം ചന്ദ്രബാബു നായിഡുവിന്‍റെ പ്രഭാവത്തിന് മങ്ങലേറ്റിട്ടേയില്ല.
എന്നാലിപ്പോൾ, കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസിൽ ജാമ്യം പോലും ലഭിക്കാതെ നിസ്സഹായനായി ജയിലിലടയ്ക്കപ്പെടുമ്പോൾ പണ്ട് വിരാജിച്ചിരുന്ന സാമ്രാജ്യത്തിന്‍റെ തകർച്ച പൂർണമാണ്.
ആന്ധ്രാപ്രദേശിലെ സ്കിൽ ഡെവലപ്മെന്‍റ് കോർപ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് നായിഡു അറസ്റ്റിലായത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി വീണ്ടും സഖ്യത്തിലാകാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി നായിഡുവിനെ തേടി വിലങ്ങെത്തിയത്. പ്രഭാവ കാലത്ത് ഭാവി പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നായിഡു ഇന്ന് തീർത്തും നിരാശ്രയനായി മാറിയിരിക്കുന്നു.
2014ൽ അധികാരത്തിലേറി അധികം വൈകാതെ തന്നെ നായിഡു മുന്നോട്ടു വച്ച പദ്ധതിയാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള സ്കിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ. തൊഴിലധിഷ്ഠിതമല്ലാത്ത കോഴ്സുകൾ ചെയ്യുന്ന വിദ്യാർഥികൾക്ക് തൊഴിൽപരമായ വൈദഗ്ധ്യം നൽകുക, അവരിൽ സംരംഭങ്ങൾ തുടങ്ങുന്നതിനാവശ്യമായ ഗുണങ്ങൾ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് പദ്ധതി മുന്നോട്ടു വച്ചത്. സ്കിൽ ഡെവലപ്മെന്‍റ വകുപ്പിനു കീഴിലുള്ള എക്സിക്യൂട്ടിവ് ഏജൻസിയായാണ് കോർപ്പറേഷൻ പ്രവർത്തിച്ചത്. ഇതു പ്രകാരം 2015 ജനുവരിയിൽ സംസ്ഥാനത്തുടനീളം ഡിസൈൻ ടെക് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ സഹകരണത്തോടെ 6 സ്കിൽ ഡെവലപ്മെന്‍റ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി സീമെൻസ് ഇന്ത്യയുമായി നായിഡു ധാരണാപത്രം ഒപ്പു വച്ചു. 3,356 കോടി രൂപയായിരുന്നു പദ്ധതിച്ചെലവ്. അതിൽ 10 ശതമാനം മാത്രം സർക്കാർ വിഹിതം.
എന്നാൽ, ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കാൻ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയിട്ടില്ലെന്നാണ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് (സിഐഡി) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. സീമെൻസിനും ഡിസൈൻ ടെക്കിനുമായി 2015 ജൂൺ 30ന് 371 കോടി രൂപയാണ് നായിഡു സർക്കാർ കൈമാറിയത്. എന്നാൽ, ഈ കമ്പനികളുടെ വിശ്വാസ്യതയെക്കുറിച്ചോ സാമ്പത്തിക സ്ഥിതിയെക്കുറിച്ചോ അവർ നൽകുന്ന സേവനത്തിന്‍റെ യഥാർഥ വിപണി മൂല്യത്തെക്കുറിച്ചോ സർക്കാർ വിലയിരുത്തിയിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അതു മാത്രമല്ല, പദ്ധതിക്കായി ടെൻഡറും ക്ഷണിച്ചിരുന്നില്ല. സ്കിൽ ഡെവലപ്മെന്‍റ് കേന്ദ്രങ്ങൾ എവിടെ നിർമിക്കണമെന്ന് തീരുമാനിക്കും മുൻപേയാണ് പണം നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്. കമ്പനികളിൽ നിന്ന് ബാങ്ക് യാതൊരു വിധത്തിലുള്ള ഗ്യാരന്‍റിയും ആവശ്യപ്പെട്ടിരുന്നുമില്ലെന്നും അന്വേഷണോദ്യോഗസ്ഥർ പറയുന്നു. ഡിസൈൻ ടെക്കിന് പണം മുൻകൂറായി നൽകുന്നതിനെതിരേ നായിഡു സർക്കാരിന്‍റെ ചീഫ് സെക്രട്ടറിയായിരുന്നു ഐ.വൈ.ആർ. കൃഷ്ണ റാവു, പി.വി. രമേഷ്, കെ. സുനിത എന്നീ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ നോട്ട് നൽകിയിട്ടുണ്ട്. പിന്നീട് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പണം നൽകിയതെന്നും ഇവർ പറയുന്നു.
സീമെൻസും ഡിസൈൻ ടെക്കും സർക്കാർ നൽകിയതിനു പുറമേ ഒരു രൂപ പോലും പദ്ധതിക്കു വേണ്ടി ഇറക്കിയില്ലെന്നും, സർക്കാർ നൽകിയ തുക പോലും അലൈഡ് കമ്പ്യൂട്ടേഴ്സ്, സ്കില്ലേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള കടലാസ് കമ്പനികളിലേക്ക് തിരിച്ചു വിട്ടതായും അന്വേഷണത്തിൽ വ്യക്തമായി. 2018ൽ ആന്‍റി കറപ്ഷൻ ബ്യൂറോയ്ക്ക് ഈ വിഷയത്തിൽ പരാതികൾ ലഭിച്ചു. ആ വർഷം തന്നെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്, ജിഎസ്ടി ഇന്‍റലിജൻസ് വിങ്, ആദായനികുതി വകുപ്പ് എന്നിവയും അന്വേഷണം ആരംഭിച്ചു. ഇതാണ് ഒടുവിൽ നായിഡുവിന്‍റെ അറസ്റ്റിൽ കലാശിച്ചിരിക്കുന്നത്.
ഒരു പതിറ്റാണ്ടോളം രാജ്യത്തെ പല പ്രധാന വിഷയങ്ങളിലും സ്വീകരിക്കപ്പെടുന്ന തീരുമാനങ്ങളിൽ നായിഡുവിന്‍റെ സ്വാധീനം നിർണായകമായിരുന്നു. ആന്ധ്ര പ്രദേശിൽ ഏറ്റവുമധികം കാലം മുഖ്യമന്ത്രി പദത്തിലിരുന്ന നായിഡു സംസ്ഥാനത്തെ വികസനത്തിന്‍റെ പുതിയ മേഖലകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഹൈദരാബാദിനെ രാജ്യത്തിന്‍റെ ഐടി ഹബ്ബാക്കി മാറ്റി, സൈബരാബാദ് എന്ന വിശേഷണം പോലും ലഭിച്ചു.
പക്ഷേ, അതിനിടെ സാധാരണക്കാർക്കും കർഷകർക്കുമിടയിൽ, ഒരിക്കലും വീണ്ടെടുക്കാനാവാത്തവിധം തന്‍റെ പ്രതിച്ഛായ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് നായിഡു അറിയാതെ പോയി. 2014 മുതൽ എൻഡിഎയുടെ ഭാഗമായിരുന്നു നായിഡുവിന്‍റെ തെലുങ്കുദേശം പാർട്ടി. 2018ൽ ബിജെപിയുമായി അകന്നതോടെ നായിഡുവിന്‍റെ സാമ്രാജ്യത്തിന്‍റെ അടിത്തറ ഇളകിത്തുടങ്ങി. ആന്ധ്ര പ്രദേശിന് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യത്തിൽ തട്ടിയാണ് ബിജെപി - ടിഡിപി - ജനസേന സഖ്യം തകർന്നത്. പിന്നാലെ നായിഡു കോൺഗ്രസുമായി അടുത്തു. 2019 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പ്രചാരണത്തിനു നേതൃത്വം നൽകിയെങ്കിലും നിരാശയായിരുന്നു ഫലം.
ആ വർഷം തന്നെ ആന്ധ്രാപ്രദേശിൽ ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ വൈഎസ്ആർ കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയതോടെ നായിഡുവിന്‍റെ തകർച്ച അവസാന അധ്യായത്തിലേക്കെത്തി. തുടർന്നു നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിലും ടിഡിപി ക്ക് ദയനീയമായ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. നാലു വർഷം കഴിഞ്ഞിട്ടും ഒറ്റപ്പെട്ടലിൽ നിന്ന് രക്ഷപെടാനാകാതെ ഇരുട്ടിൽ തുഴയുകയായിരുന്നു ടിഡിപി. പിന്നീട് വീണ്ടും ബിജെപിയുമായി സഖ്യത്തിലാകാൻ നായിഡു പരമാവധി ശ്രമിച്ചിട്ടും ബിജെപി നേതൃത്വത്തിന്‍റെ മനസലിഞ്ഞില്ല. ആന്ധ്ര പ്രദേളിൽ 0.96 ശതമാനം മാത്രമാണ് ബിജെപിയുടെ വോട്ട് വിഹിതം. സംസ്ഥാനത്ത് സ്വാധീനം ആർജിക്കാൻ വൈഎസ്ആർ കോൺഗ്രസിന്‍റെയോ ടിഡിപിയുടെയോ സഹായം കൂടാതെ അവർക്കു സാധിക്കില്ലെന്നും ഉറപ്പാണ്. എന്നാൽ, ജഗൻമോഹൻ റെഡ്ഡി അകറ്റി നിർത്തുമ്പോൾ പോലും, പകരം ടിഡിപിയെ കൂടെ കൂട്ടാൻ ബിജെപി തയാറായിട്ടില്ല.