നീതി വൈകുന്നത് നീതി നിഷേധമാണെന്നും, നീതിദേവത അന്ധയാണെന്നും നീതിക്കു വേണ്ടി പടപൊരുതുന്ന ജനങ്ങൾ പറയാറുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ ഉയരുന്ന ഏറ്റവും വലിയ ശബ്ദം നീതിപീഠത്തെ കുറിച്ചാണ്. "ന്നാ താൻ കേസുകൊട് ' എന്ന സിനിമ പ്രസിദ്ധമായത് ഈ പശ്ചാത്തലത്തിൽ കൂടിയാണ്. താഴേത്തട്ടിലെ മുൻസിഫ് കോടതി മുതൽ മേൽത്തട്ടിലെ സുപ്രീം കോടതി വരെ സമയബന്ധിതമായി നീതിക്കു വേണ്ടിയുള്ള ജനങ്ങളുടെ ശബ്ദം കേൾക്കുകയോ കാണുകയോ ചെയ്യുന്നില്ലെന്ന പരാതിക്ക് പല കാരണങ്ങളുണ്ട്.
സുപ്രീംകോടതികളിൽ എത്തുന്ന കേസുകളിൽ 60 ശതമാനം ഹൈക്കോടതിയിൽ എത്താൻ പോലും യോഗ്യതയില്ലാത്തവയാണ് എന്നാണ് മുൻ സുപ്രീംകോടതി ജഡ്ജി ജെ. ചെലമേശ്വറിന്റെ അഭിപ്രായം. ഇപ്പോൾ ജാമ്യ കേസുകൾ പോലും സുപ്രീം കോടതിയുടെ പരിഗണനയിൽ വരുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. സുപ്രീം കോടതി കേൾക്കേണ്ടത് ജാമ്യ കേസുകളും കോടതി മാറ്റ കേസുകളുമല്ല, മറിച്ച്, ഭരണഘടനാ പ്രാധാന്യമുള്ള വിഷയങ്ങളായിരിക്കണം എന്ന് പല നിയമജ്ഞരും അഭിപ്രായപ്പെടുന്നു.
നീതിക്കു വേണ്ടിയുള്ള പോരാട്ടം പണച്ചെലവ് ഏറിയതാണെന്നാണ് സമൂഹത്തിന്റെ പരാതി. കീഴ്ക്കോടതികളിൽ തീർക്കേണ്ട കേസുകൾ അവിടെ തീർപ്പാക്കാതെ വരുമ്പോൾ താമസവും പണച്ചെലവും കൂടും. പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ബഹുജന നിയമസഹായ സംവിധാനങ്ങൾ ഉണ്ടെങ്കിലും അവയൊന്നും ഫലപ്രദമായി പ്രവർത്തിക്കുന്നില്ല.
ന്യായാധിപരുടെയും വക്കീലന്മാരുടെയും നീതിബോധവും പരിജ്ഞാനവും പൊതുവേ കുറഞ്ഞുവരുന്നു എന്നാണ് മറ്റൊരു ആക്ഷേപം. പേരുകേട്ട വക്കീലുമാർക്ക് കേസും ഫീസും കൂടുതലാണ്. എന്നാൽ ജോലിക്കൂടുതൽ കൊണ്ട് പലരും കേസ് വേണ്ട വിധം പഠിക്കുന്നില്ല. കേസ് പഠിക്കുന്നതും, കുറിപ്പ് തയാറാക്കുന്നതും ജൂനിയർ വക്കീലന്മാരാണ്. വളരെ അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ സീനിയർ വക്കീലന്മാർ കോടതികളിൽ എത്താറുള്ളൂ. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും, ഒരു കോടതിയിൽ നിന്നും അടുത്ത കോടതിയിലേക്ക് ശരവേഗത്തിലാണ് സീനിയർ വക്കീലുമാരും ജൂനിയർ വക്കീലുമാരും ഓടുന്നത്. പലപ്പോഴും കേസ് നീട്ടിവയ്ക്കുന്നത് വക്കീലന്മാരുടെ അഭ്യർഥനപ്രകാരമാണ്. ഈ പ്രവണത നിരുത്സാഹപ്പെടുത്തുന്ന ജഡ്ജിമാരുമുണ്ട്.
കേസ് പഠിച്ച് സമയബന്ധിതമായി ജഡ്ജ്മെന്റ് എഴുതുന്ന ജഡ്ജിമാരുടെ എണ്ണം കുറവാണ്. വാർത്തകളിലൂടെ നിറഞ്ഞുനിൽക്കുന്ന ഒരു സുപ്രീം കോടതി ജഡ്ജി അദ്ദേഹത്തിന്റെ നിയമജീവിത കാലത്ത് വിരലിലെണ്ണാവുന്ന വിധി ന്യായങ്ങളേ എഴുതിയിട്ടുള്ളൂ എന്നത് നിയമലോകത്ത് പാട്ടാണ്. റിട്ടയർമെന്റിനു ശേഷം രാഷ്ട്രീയ സ്വാധീനം മൂലം സംസ്ഥാനത്തെ ഉന്നതമായ ഒരു ഉദ്യോഗം അദ്ദേഹത്തിന് തരപ്പെടുകയും ചെയ്തു.
സുപ്രീം കോടതിയിലും കീഴ് കോടതികളിലും ആവശ്യത്തിന് ജഡ്ജിമാർ ഇല്ല എന്നതാണ് ജുഡീഷ്യറിയുടെ ഭാഗത്തു നിന്നുള്ള പ്രധാന പരാതി. രാജ്യത്തെ 25 ഹൈക്കോടതികളിലായി 2022 ഡിസംബർ 5 വരെയുള്ള കണക്ക് പരിശോധിക്കുമ്പോൾ 58,03,111 കേസുകൾ കെട്ടിക്കിടക്കുന്നു. കേരള ഹൈക്കോടതിയിൽ 1,94,022 കേസുകളാണ് തീർപ്പാക്കാതെ കിടക്കുന്നത്. സുപ്രീം കോടതിയിൽ 6 ജഡ്ജിമാരുടെയും ഹൈക്കോടതികളിൽ 338 ജഡ്ജിമാരുടെയും കുറവുണ്ട്. ഇതിനാണ് പരിഹാരം കാണേണ്ടത്. കേരളത്തിലെ ജില്ലാ, കീഴ്ക്കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 2014 മെയ് മുതൽ 2022 ഡിസംബർ വരെ 18,58,146 ആണെന്നുള്ള കണക്ക് ജുഡീഷ്യറിയുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിർദ്ദേശിക്കുന്നത് കൊളീജിയമാണ്. സാധാരണ കേന്ദ്ര സർക്കാർ ഈ നിർദേശം സ്വീകരിക്കും. കാര്യമായ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ നിയമ കാര്യാലയം സുപ്രീം കോടതിയിലേക്ക് നിർദേശം തിരിച്ചയയ്ക്കും. ഇതേ ലിസ്റ്റ് തന്നെയാണ് വീണ്ടും കൊളീജിയം അയയ്ക്കുന്നതെങ്കിൽ കേന്ദ്ര സർക്കാരിന് ആ നിർദേശങ്ങൾ സ്വീകരിച്ചേ പറ്റൂ. ഇങ്ങനെയൊരു സാഹചര്യത്തിൽ, സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിൽ വേഗത കൂട്ടേണ്ടത് കൊളീജിയമാണ് എന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് അംഗീകരിക്കേണ്ടിവരും.
ജഡ്ജിമാരുടെ നിയമന രീതിയെക്കുറിച്ചും പരാതിയുണ്ട്. കൊളീജിയം തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയുമാണ് പരിഗണിക്കുന്നതെന്നും അതുമൂലം ജഡ്ജിമാരുടെ ഗുണനിലവാരം കുറയുന്നു എന്നുമാണ് പരാതി. 75 ശതമാനം ജഡ്ജിമാർ ഉന്നതകുലജാതരാണ് എന്നും കാണുന്നു. മാത്രമല്ല, പ്രഗത്ഭരായ വക്കീലന്മാർ ജഡ്ജിയാകാൻ താല്പര്യപ്പെടുന്നുമില്ല. വക്കീൽ എന്ന നിലയിൽ കിട്ടുന്ന വരുമാനവും പരിഗണനയും പലപ്പോഴും സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർക്ക് ലഭിക്കാറില്ല. അടുത്തകാലത്തായി രാഷ്ട്രീയ സ്വാധീനമുള്ള ജഡ്ജിമാർ രാജ്യസഭയിലും, പല പ്രധാനപ്പെട്ട കമ്മീഷനുകളിലും, ആർബിട്രേഷൻ സമിതികളിലും കയറിക്കൂടിയിട്ടുണ്ടെന്നതും ഒരു യാഥാർഥ്യമാണ്.
ഹൈക്കോടതിയുടെ താഴെയുള്ള കീഴ്ക്കോടതികളിൽ ജുഡീഷ്യൽ ഓഫിസർമാരെ നിയമിക്കുന്നത് സംസ്ഥാന സർക്കാരുകളാണ്. അവിടെയും രാഷ്ട്രീയ അതിപ്രസരം ഉണ്ടാകുന്നു എന്ന പരാതി ഉയരുന്നു. സ്വതന്ത്രമായ ഒരു സംവിധാനത്തിലൂടെ ജഡ്ജിമാരുടെ നിയമനം നടത്തണം എന്ന കാഴ്ചപ്പാടിലാണ് പാർലമെന്റ് 2014ൽ നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മറ്റിക്കു (എൻജെഎസി) രൂപം നൽകിയത്. എന്നാൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഈ കമ്മറ്റിയെ റദ്ദാക്കിയത് ജുഡീഷ്യറിയുടെ സത്യസന്ധതയെ തന്നെ ചോദ്യം ചെയ്യുന്നു. പാർലമെന്റ് പാസാക്കിയ നിയമം, പ്രത്യേകിച്ച് ജുഡീഷ്യറിയെക്കുറിച്ചുള്ള നിയമം, റദ്ദ് ചെയ്യാൻ സുപ്രീം കോടതിക്ക് എന്തധികാരമാണ് എന്ന ചോദ്യം ആവർത്തിക്കുന്നു.
ജനുവരി 11ന് ജയ്പുരിൽ നടന്ന സഭാധ്യക്ഷരുടെ 83ാം ദേശീയ സമ്മേളനത്തിൽ രാജ്യസഭയുടെയും ലോക്സഭയുടെയും അധ്യക്ഷർ ഇക്കാര്യം ഉയർത്തിക്കാട്ടി. പാർലമെന്റിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാനും, വെള്ളം ചേർക്കാനും ജുഡീഷ്യറിയെയും ഉദ്യോഗസ്ഥ വൃന്ദത്തെയും അനുവദിക്കാൻ കഴിയില്ല. പാർലമെന്റ് നിർമിച്ച നിയമം റദ്ദാക്കാനുള്ള അംഗീകാരം മറ്റാർക്കുമില്ലെന്ന് സഭാധ്യക്ഷന്മാർ തറപ്പിച്ചു പറഞ്ഞു. ഭരണഘടനയിൽ നിർവചിച്ചിരിക്കുന്ന അധികാര വിഭജന തത്വം ജുഡീഷ്യറി അംഗീകരിക്കണമെന്ന് സഭാധ്യക്ഷർ ആവർത്തിച്ചു.
അടുത്ത ദിവസങ്ങളിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു കൂടുതൽ കടുത്ത നടപടികളുമായി കടന്നുവന്നിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് അദ്ദേഹം അയയ്ക്കുകയും, പത്രങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്ത കത്തിൽ ആവശ്യപ്പെടുന്നത്, സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയത്തിനു പേരുകൾ ശുപാർശ ചെയ്യുന്ന സെർച്ച് കമ്മറ്റിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയും ഹൈക്കോടതി ജഡ്ജിമാരെ ശുപാർശ ചെയ്യുന്ന സമിതിയിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയും ഉണ്ടായിരിക്കണമെന്നാണ്. നാഷണൽ ജുഡീഷ്യൽ അപ്പോയ്ന്റ്മെന്റ് കമ്മറ്റി റദ്ദാക്കിയപ്പോൾ സുപ്രീം കോടതി നിർദേശിച്ച കാര്യം മാത്രമാണ് താൻ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതെന്നാണ് കിരൺ റിജിജുവിന്റെ നിലപാട്. സർക്കാരിന്റെ നിർദേശങ്ങൾ സുപ്രീം കോടതി സ്വീകരിക്കുന്നില്ലെങ്കിൽ നിയമനത്തിന്റെ അധികാരം കൂടി കൊളീജിയത്തിനെടുക്കാം എന്ന് അൽപം കടത്തിത്തന്നെയാണ് കേന്ദ്ര നിയമമന്ത്രിയുടെ നിലപാട്. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ നിയമനം ഇനിയും വൈകും എന്നാണ് ഈ അഭിപ്രായ ഭിന്നതകൾ ചൂണ്ടിക്കാണിക്കുന്നത്.
സുപ്രീം കോടതിയിലെ നീതിദേവത രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങൾക്ക് നീതിയും ന്യായവും സമയബന്ധിതമായി ലഭ്യമാക്കാൻ പ്രാദേശികമായി കൂടി പ്രവർത്തിക്കണം എന്ന നിർദേശം വളരെ വർഷങ്ങളായി സജീവമാണ്. അങ്ങനെയാണ് സുപ്രീം കോടതിയുടെ മേഖലാ ബെഞ്ചുകൾ വരണമെന്ന ആവശ്യത്തിന് അടുത്തകാലത്തു പോലും പ്രാധാന്യം ലഭിച്ചത്. പക്ഷേ ഈ നീക്കത്തെ എതിർക്കുന്നത് സുപ്രീം കോടതി തന്നെയാണെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. സംസ്ഥാന സർക്കാരുകളും ഇത്തരം ഒരു ആവശ്യം ഉന്നയിക്കുന്നുമില്ല.
നീതിന്യായ കോടതികളുടെ നിഷ്പക്ഷതയും നീതിബോധവും ജനാധിപത്യത്തിന്റെ നിലനിൽപ്പ് തന്നെ അത്യന്താപേക്ഷിതമാണ്. ഇതു മനസിലാക്കി കേന്ദ്ര- സംസ്ഥാന സർക്കാരുകളും, കോടതികളും പ്രവർത്തിക്കണമെന്നതാണ് ജ്യോത്സനും പറയാനുള്ളത്.