ജോസഫ് എം. പുതുശ്ശേരി
അടുത്ത കാലത്ത് കേരളത്തെ പിടിച്ചുലച്ച സംഭവമാണ് കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണം. സർവീസിൽ ഏഴു മാസം കൂടിയേ അവശേഷിച്ചിരുന്നുള്ളൂ അദ്ദേഹത്തിന്. ജോലി ചെയ്തിടങ്ങളിലെല്ലാം ആദരവും പ്രശംസയും പിടിച്ചുപറ്റിയ സത്യസന്ധനായ ഉദ്യോഗസ്ഥൻ. അഴിമതി രഹിതനായും ഊർജസ്വലനായും സമർപ്പണത്തോടെ പ്രവർത്തിച്ച ഉത്തമ സഹപ്രവർത്തകനെന്നു സാക്ഷ്യപ്പെടുത്തുന്നത് മേലധികാരികളായിരുന്ന കലക്റ്റർമാർ തന്നെയാണ്. റവന്യൂ വകുപ്പ് അഴിമതിരഹിതരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കിയപ്പോൾ അതിൽ ഒന്നാംസ്ഥാനം പിടിച്ച മാതൃകാ ജീവനക്കാരൻ.
സർവീസിലുടനീളം മികച്ച റെക്കോഡിന് ഉടമയായ ഉദ്യോഗസ്ഥനെയാണു സഹപ്രവർത്തകരുടെ നടുവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ അഴിമതിക്കാരനായി ചിത്രീകരിച്ചത്. രണ്ടുദിവസത്തിനകം അതിന്‍റെ വിശദാംശങ്ങൾ പുറത്തുവിടുമെന്നു ഭീഷണി മുഴക്കിയ അവർ തന്‍റെ പ്രസംഗം ഒരു ചാനൽ പ്രതിനിധിയെ യോഗത്തിലേക്കു വിളിച്ചുകൊണ്ടുപോയി ചിത്രീകരിച്ചു. അത് സംപ്രേഷണം ചെയ്യും മുൻപേ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഉദ്യോഗസ്ഥരുടെ ഗ്രൂപ്പുകളിലും, എന്തിന് നവീൻ ബാബുവിന്‍റെ ഭാര്യയുടെ ഫോണിൽ വരെ അതു നിമിഷങ്ങൾകൊണ്ട് എത്തിച്ചു. ആത്മാഭിമാനത്തിന് ക്ഷതമേറ്റ നവീൻ ബാബുവിനെ പിറ്റേന്ന് രാവിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
കേരളം വിങ്ങലോടെ കേട്ട ദുരന്ത കഥയുടെ നടുക്കം മാറും മുൻപ് അരങ്ങേറികൊണ്ടിരിക്കുന്ന നാടകങ്ങളാണ് എല്ലാവരിലും കൂടുതൽ ഞെട്ടലുളവാക്കുന്നത്. സിപിഎമ്മിന്‍റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി മുതൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വരെ ആവർത്തിച്ചു പറയുന്നു - പാർട്ടി നവീൻ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണെന്ന്. എന്നാൽ കാര്യങ്ങൾ മറിച്ചാണെന്നല്ലേ നടപടികൾ തെളിയിക്കുന്നത്. പി.പി. ദിവ്യയ്ക്ക് "ദിവ്യസംരക്ഷണം' ഒരുക്കാനും സത്യസന്ധനും കാര്യപ്രാപ്തനുമായ നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കാനുമല്ലേ മരണശേഷവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
സംഭവമുണ്ടായി രണ്ടാഴ്ച പിന്നിടുമ്പോഴും, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട ദിവ്യയെ ചോദ്യം ചെയ്യാൻ പോലും തയാറായിട്ടില്ല പൊലീസ്. ദിവ്യ അവരുടെ വീട്ടിൽ തന്നെ ഒരു കൂസലുമില്ലാതെ കഴിയുന്നു. അവർ കൺമുന്നിൽ വന്നാലോ എന്നു ഭയന്ന് പൊലീസ് ഒളിച്ചു നടക്കുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ ദിവ്യക്കുവേണ്ടി ഹാജരായ അഡ്വ. പി.കെ. വിശ്വൻ 24 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം നടത്തിയ വാദത്തിനിടയിൽ പറഞ്ഞത് കോടതി ആവശ്യപ്പെട്ടാൽ ഇപ്പോൾ തന്നെ ഹാജരാക്കാൻ തയാറാണെന്നാണ്. ദിവ്യ കണ്ണൂരിൽ തന്നെ സസുഖം വാഴുന്നുവെന്നതിന്‍റെ സാക്ഷ്യപത്രം. പൊലീസും പാർട്ടി സംവിധാനവും കുടുംബത്തിനൊപ്പമോ പ്രതി ദിവ്യക്കൊപ്പമോ?
ഇത്തരം കേസുകളിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുന്നതു തന്നെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്ത് കേസിൽ തുമ്പുണ്ടാക്കുന്ന വിവരങ്ങൾ കണ്ടെത്താനാണ്. പ്രതികൾ തെളിവ് നശിപ്പിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുകയും വേണം. ഇവിടെ തെളിവുകൾ നശിപ്പിക്കാൻ പ്രതിക്ക് സൗകര്യമൊരുക്കുകയാണ്.
മരണശേഷവും നവീൻ ബാബുവിന്‍റെ ആത്മാവിനെ കുത്തിനോവിക്കുകയും കുടുംബത്തെ കൊല്ലാക്കൊല ചെയ്യുന്ന തരത്തിലുമാണ് ദിവ്യയും സംഘവും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷയിലെ വാദങ്ങൾ അത്രയും ആ നിലയ്ക്കായിരുന്നു. ദിവ്യയുടെ പരസ്യ പ്രതികരണം അഴിമതിക്കെതിരായ സന്ദേശമായിരുന്നുവെന്നും അഴിമതിക്കെതിരെ പോരാടേണ്ടത് പൊതുപ്രവർത്തകരുടെ ഉത്തരവാദിത്വ മാണെന്നുമാണ് കോടതിയിൽ പറഞ്ഞത്. കുടുംബത്തിനൊപ്പമാണെന്ന് പാർട്ടി ആവർത്തിക്കുമ്പോഴും കണ്ണൂർ ജില്ലാ കമ്മിറ്റി ഇറക്കിയ പ്രസ്താവനയിലും ഇതേ വാദമുണ്ട്. ഡിവൈഎഫ്ഐ ഒരു പടികൂടി കടന്ന് ദിവ്യയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നു കൂടി പ്രഖ്യാപിച്ചു.
ഇതാണോ അഴിമതിക്കെതിരായ പോരാട്ടം? പരിയാരം മെഡിക്കൽ കോളെജിൽ ഇലക്‌ട്രീഷ്യൻ തസ്തികയിൽ താത്കാലികമായി ജോലി ചെയ്യുന്ന പരിമിത വരുമാനക്കാരനായ ടി.വി. പ്രശാന്ത് കോടികൾ മുതൽമുടക്ക് വേണ്ടിവരുന്ന പെട്രോൾ പമ്പിനു വേണ്ടി ശുപാർശയ്ക്ക് വരുമ്പോൾ അതിന്‍റെ ഉറവിടം എവിടെയെന്ന് അന്വേഷിക്കുന്നിടത്തു നിന്നല്ലേ അഴിമതി വിരുദ്ധ പോരാട്ടം തുടങ്ങേണ്ടത്. അവിടെ കണ്ണും പൂട്ടിയിരുന്നിട്ട് നിയമവിരുദ്ധമായി പമ്പിന് എൻഒസി നൽകാൻ എഡിഎമ്മിനു മേൽ സമ്മർദം ചെലുത്തുന്നതല്ലേ യഥാർഥത്തിൽ അഴിമതി? അവിടെയാണ് ബിനാമി ആക്ഷേപം ഉയരുന്നത്. ടി.വി. പ്രശാന്ത് വമ്പൻമാരുടെ ബിനാമിയാണെന്നും ദിവ്യയുടെ വീറും വാശിയും അതാണ് പ്രകടമാക്കുന്നതെന്നുമുള്ള ആക്ഷേപം ശക്തമായി ഉയർന്നു കഴിഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷിചേർന്ന നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷകൻ ജോൺ എസ്. റാൽഫ് പമ്പ് ബിനാമി ഇടപാടാണെന്നും അതിൽ ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്നും തലശ്ശേരി കോടതിയിൽ തന്നെ ആവശ്യപ്പെടുകയുമു ണ്ടായി.
പരാതി ലഭിച്ചാൽ മിണ്ടാതിരിക്കണമോ എന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ദിവ്യ വാദിച്ചത്. പരാതിക്കാരനായ പ്രശാന്തിന്‍റെ ഒപ്പും പേരും വ്യത്യസ്തമാണെന്നും ഇത് നവീൻ ബാബുവിന്‍റെ മരണശേഷം തട്ടിക്കൂട്ടി ഉണ്ടാക്കിയ വ്യാജ പരാതിയാണെന്നും തെളിവുകൾ സഹിതം വ്യക്തമാക്കപ്പെട്ടു കഴിഞ്ഞു. പരാതി തയാറാക്കിയത് എകെജി സെന്‍ററിലാണെന്നും അതിന്‍റെ പിന്നിലാരെന്നുമൊക്കെ സൂചന നൽകി മുഖ്യധാരാ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വരികയുണ്ടായി. കോടതിയിലെ വാദത്തിൽ ഈ പരാതിയെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടുന്നതുമില്ല. ഈ പരാതിയിലേക്കുള്ള അന്വേഷണം നീണ്ടാൽ കാണാമറയത്തു നിന്നു ചരട് വലിക്കുന്ന ഉന്നതന്മാരും പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഈ പിന്മാറ്റം. യശസിനും സൽപ്പേരിനും കളങ്കം ഉണ്ടാക്കുന്ന തരത്തിൽ വ്യാജ പരാതി സൃഷ്ടിക്കപ്പെട്ടെന്നു തെളിഞ്ഞാൽ മൂന്നുവർഷം വരെ തടവു ലഭിക്കാം. പരാതിയെക്കുറിച്ച് ഇപ്പോൾ മിണ്ടാത്തതിന്‍റെയും പൊലീസ് ആ വഴിക്ക് നീങ്ങാത്തതിന്‍റെയും കാരണം ഇതിൽനിന്ന് വ്യക്തം.
യോഗത്തിലേക്ക് ക്യാമറാമാനെ വിളിച്ചതും ദൃശ്യങ്ങൾ പ്രചരിപ്പിച്ചതും ദിവ്യ തന്നെയെന്നു പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കുകയുണ്ടായി. യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പ്രസംഗത്തിൽ ഭീഷണിയുടെ സ്വരമാണ് ഉണ്ടായിരുന്നതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇതെല്ലാം കഴിഞ്ഞിട്ടും ദിവ്യയെ പിടിക്കാൻ പൊലീസിന് കഴിയുന്നില്ല എന്നുള്ളതാണ് വിചിത്രം.
കുടുംബം പ്രതിസന്ധിയിലാണെന്നും മകൾ പത്താം ക്ലാസ് വിദ്യാർഥിയാണെന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ദിവ്യയുടെ ന്യായവാദം. സ്വന്തം ചെയ്‌തി കൊണ്ട് അനാഥമാകേണ്ടി വന്ന നവീൻ ബാബുവിന്‍റെ കുടുംബത്തെക്കുറിച്ചോ അകാലത്തിൽ അച്ഛന് അന്ത്യകർമം ചെയ്യേണ്ടി വന്ന വിദ്യാർഥികളായ രണ്ടു പെൺകുട്ടികളെക്കുറിച്ചോ ദിവ്യയ്ക്ക് വേവലാതി ഇല്ലാതെ പോകുന്നത് എന്താണ്? ദിവ്യയുടെ മകളുടെ കാര്യമല്ല നവീൻ ബാബുവിന്‍റെ അന്ത്യകർമം ചെയ്യേണ്ടി വന്ന മകളുടെ അവസ്ഥയാണ് കോടതി പരിഗണിക്കേണ്ടതെന്നു മഞ്ജുഷയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ജോൺ എസ്. റാൽഫിന്‍റെ വാദം എത്രയോ അർഥം ഗർഭം.
"അഭിമാനമാണ് മരണ ഭയത്തെക്കാൾ വലുതെന്ന് ഞാൻ കരുതുന്നു' - വില്യം ഷേക്സ്പിയറിന്‍റെ നാടകം "ദ ട്രാജഡി ഒഫ് ജൂലിയസ് സീസറി'ലെ കഥാപാത്രം ബ്രൂട്ടസിന്‍റെ വാക്കുകൾ ഉദ്ധരിച്ചാണ് ജോൺ എസ്. റാൽഫ് വാദം അവസാനിപ്പിച്ചതെന്ന റിപ്പോർട്ടുകൾ ഈ bപശ്ചാത്തലത്തിൽ ആരെയാണ് പിടിച്ചുലയ്ക്കാത്തത്.
ജാമ്യ ഹർജിയിൽ വിധി പറയാൻ കോടതി ഇന്നത്തേക്ക് അവധിക്ക് വച്ചിരിക്കുന്നു. അതും കഴിഞ്ഞാണ് കേസ് അന്വേഷിക്കാൻ പൊലീസിന്‍റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പ്രഖ്യാപിച്ചത്. എന്തൊരു ആത്മാർഥതയും ആർജവവും! ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സൂത്രവിദ്യ.
പൊലീസ് ആക്റ്റ് 21 2 (ബി) പ്രകാരമാണ് ഇതുപോലെയുള്ള കേസുകളിൽ അന്വേഷണത്തിന് പ്രത്യേക ടീമിനെ നിശ്ചയിക്കുന്നത്. അതിനുള്ള അധികാരം ഗവൺമെന്‍റിനാണ്. ഇവിടെ ഐ.ജിയാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. അധികാരമില്ലാത്ത നടപടി. അതുകൊണ്ട് തന്നെ അസാധുവാകുന്ന പ്രക്രിയ. നേരത്തെ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നവരൊക്കെ തന്നെയാണ് ഈ സംഘത്തിലുമുള്ളത്. എത്ര അപഹാസ്യമായ നടപടി!
നാൾവഴികൾ പരിശോധിക്കുമ്പോൾ തുടക്കം മുതൽ തന്നെയുള്ള ഗൂഢാലോചനയാണ് ഓരോ ദിവസവും ചുരുൾ നിവർത്തുന്നത്. നവീൻ ബാബുവിനെ മനഃപൂർവം അപമാനിച്ച് അപഹസിക്കാനുള്ള ഗൂഢാലോചന. ജില്ലാ കലക്റ്ററുടെ പങ്കും ഇവിടെ സംശയാസ്പദമായി നിലനിൽക്കുകയാണ്. ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ല എന്ന് ആദ്യം പറഞ്ഞ കലക്റ്റർ അവർ വരുമെന്ന് അറിയാമായിരുന്നുവെന്നും ഈ കാര്യം സംസാരിച്ചിരുന്നുവെന്നും പൊലീസിന് നൽകിയ മൊഴി കൂടി പുറത്തു വരുമ്പോൾ അദ്ദേഹം ക്ലീൻചിറ്റിന് അർഹനല്ല എന്ന് വ്യക്തം. ഉദ്യോഗസ്ഥരായ സഹപ്രവർത്തകർ മാത്രം നൽകുന്ന യാത്രയയപ്പ് ചടങ്ങിൽ താങ്കൾ പങ്കെടുക്കേണ്ടതില്ല എന്ന് ദിവ്യയോട് പറയാനുള്ള മിനിമം ആർജവം ചോർന്നുപോയത് എവിടെയെന്നും എങ്ങനെയെന്നും വ്യക്തമാക്കപ്പെടേണ്ടതു തന്നെയാണ്.
എല്ലാം കൂടി പരിഗണിക്കുമ്പോൾ നിലവിൽ നടക്കുന്ന പൊലീസ് അന്വേഷണം എങ്ങും എത്തില്ല എന്നുള്ളത് തർക്കമറ്റ വസ്തുത. നവീൻ ബാബുവിന്‍റെ കുടുംബത്തോട് നീതി കാട്ടണമെങ്കിൽ ഇതുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചന അടക്കം എല്ലാ വസ്തുതകളും പുറത്തുവരണം. വ്യാജ പരാതിയുടെ ഉറവിടവും ബിനാമികളുടെ സ്രോതസും കണ്ടെത്തണമെങ്കിൽ ദിവ്യയെ പേടിച്ചു നടക്കുന്ന പൊലീസിനെ കൊണ്ടാവില്ല. അതിന് സിബിഐ അന്വേഷണം കൂടിയേ തീരൂ. ഈ ആവശ്യം ഉന്നയിക്കുന്നതിൽ കുടുംബത്തിനുള്ള പരിമിതി എല്ലാവർക്കും ബോധ്യപ്പെടുന്നതേയുള്ളൂ. എന്നിട്ടും പ്രോസിക്യൂഷനിൽ പൂർണമായ വിശ്വാസമർപ്പിക്കാതെ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷി ചേർന്ന് സ്വന്തം അഭിഭാഷകനെ നിയോഗിച്ചത് പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. കേരളത്തിന്‍റെ സമൂഹ മനഃസാക്ഷി നവീൻ ബാബുവിന്‍റെ കുടുംബത്തിനൊപ്പമാണ്. ആ സമൂഹ മനഃസാക്ഷി ഉയർത്തുന്നത് സത്യസന്ധനായ ഉദ്യോഗസ്ഥനെ ബലികൊടുത്ത കുറ്റവാളികൾക്കുള്ള കൈവിലങ്ങാണ്. ഇനിയൊരു ഉദ്യോഗസ്ഥനും ഈ ദുർഗതി ഉണ്ടാവാതിരിക്കാനുള്ള കരുതലും ജാഗ്രതയും. അതു സാധിത പ്രായമാവാൻ കരങ്ങൾ ബന്ധിക്കപ്പെട്ട കേരള പൊലീസിനെ കൊണ്ടാവില്ല. അതിന് പുറത്തുനിന്നുള്ള ഏജൻസി തന്നെ വരണം. അതിനുള്ള മുറവിളിയാണ് ഉയരേണ്ടത്. അതായിരിക്കും നമുക്ക് നവീൻ ബാബുവിന്‍റെ ആത്മാവിന് മുമ്പിൽ സമർപ്പിക്കാൻ കഴിയുന്ന അർഥപൂർണമായ അശ്രുപൂജ.