
ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപുള്ള സമ്പൂർണ വർഷത്തെ ബജറ്റ് പ്രതീക്ഷിച്ചത്ര ജനപ്രിയമായോ എന്നു ചോദിച്ചാൽ കുറച്ചുകൂടിയൊക്കെ ആകാമായിരുന്നുവെന്ന് പറയുന്നവരുണ്ടാകാം. ഒറ്റ നോട്ടത്തിൽ ആകർഷകമായ പ്രഖ്യാപനം ആദായ നികുതിയിലെ ഇളവാണല്ലോ. കാർഷിക മേഖലയിലും ചെറുകിട- ഇടത്തരം വ്യവസായ മേഖലയിലും എല്ലാം പദ്ധതികളുണ്ട് എന്നു സർക്കാർ അനുകൂലികൾ ചൂണ്ടിക്കാണിക്കും. രാഷ്ട്രീയമായി അവയൊക്കെ ആകർഷകമാണെന്നാണു പാർട്ടി നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്നു മനസിലാവുക. എങ്കിലും തെരഞ്ഞെടുപ്പിനു മുൻപ് കൂടുതൽ ജനപ്രിയ പദ്ധതി പ്രഖ്യാപനങ്ങൾക്കുള്ള സാധ്യത ഈ ബജറ്റ് മാറ്റിവച്ചിരിക്കുകയാണ്.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ യാതൊരു പ്രാധാന്യവും നൽകാത്ത ബജറ്റാണിതെന്ന് പ്രതിപക്ഷ നേതാക്കൾ വിശദീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കൊവിഡാനന്തര കാലഘട്ടത്തിൽ ഗ്രാമീണ വികസനത്തിലും ഇതിൽക്കൂടുതൽ ഊന്നൽ വേണ്ടിയിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഈ മേഖലകളിൽ കേന്ദ്ര സർക്കാർ ഫോക്കസ് കുറഞ്ഞാൽ അതിന്റെ ഭാരം സംസ്ഥാനങ്ങൾക്കാവുമെന്നും പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാണിക്കുന്നു. നാണയപ്പെരുപ്പം തടയാനോ തൊഴിലില്ലായ്മ പരിഹരിക്കാനോ വ്യക്തമായ പദ്ധതി പ്രഖ്യാപനങ്ങളില്ല എന്നതാണ് മറ്റൊരാരോപണം. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ഫോക്കസ് വർധിപ്പിക്കാതെ എങ്ങനെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തെക്കുറിച്ചു പറയുമെന്നു വിമർശകർ ചോദിക്കുന്നു.
അതേസമയം, ബജറ്റ് പ്രസംഗത്തിൽ ഉടനീളം ആകർഷകമായ ചില പ്രഖ്യാപനങ്ങൾ ധനമന്ത്രി നടത്തിയിട്ടുണ്ട്. സാമ്പത്തിക വ്യവസ്ഥ ശരിയായ പാതയിലാണെന്നും അതിനു ശോഭനമായ ഭാവിയുണ്ടെന്നും വ്യക്തമാക്കാൻ വിവരണങ്ങളിലൂടെ പരിശ്രമിച്ചിരിക്കുന്നു. അമൃത കാലത്ത ആദ്യ ബജറ്റിനെ നയിക്കുന്ന ഏഴു മുൻഗണനാ വിഷയങ്ങൾ (സപ്തറിഷി) തന്നെ ആകർഷകമാണ്. അമൃത കാലത്തെ നയിക്കുന്ന വെളിച്ചമാണിതെന്ന് നിർമല സീതാരാമൻ പറയുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, അവസാന ലക്ഷ്യം വരെ എത്തുക, അടിസ്ഥാന സൗകര്യവും മുതൽമുടക്കും, ഹരിത വളർച്ച, യുവശക്തി, പരമാവധി ശേഷിയും ഉപയോഗിക്കൽ, സാമ്പത്തിക മേഖല എന്നിങ്ങനെയാണ് ഏഴു വിഷയങ്ങൾ ബജറ്റിൽ തരംതിരിച്ചിരിക്കുന്നത്. അഗ്രോ സ്റ്റാർട്ടപ്പുകൾക്ക് അഗ്രിക്കൾച്ചർ ആക്സിലറേറ്റർ ഫണ്ട്, ഉയർന്ന കാർഷിക വായ്പാ ലക്ഷ്യം, ഒരു കോടി കർഷകർക്ക് സ്വാഭാവിക കൃഷിക്ക് സഹായം തുടങ്ങിയ വാഗ്ദാനങ്ങളുണ്ടെങ്കിലും കാർഷിക മേഖലയെ തൃപ്തിപ്പെടുത്താൻ ഇതു മതിയാവണമെന്നില്ല. അതിനർഥം തെരഞ്ഞെടുപ്പിനു മുൻപ് ഇനിയും പദ്ധതികൾ വന്നേക്കാമെന്നാണ്.
അതിന് ഈ സർക്കാരിന് ഒരു ബജറ്റ് കൂടിയുണ്ട്. അടുത്ത ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ്. പുതിയ സർക്കാർ വരുമ്പോൾ അതു തിരുത്തപ്പെടാവുന്നതാണ്. അതുകൊണ്ടു തന്നെ പ്രഖ്യാപിക്കുന്ന പദ്ധതികൾ പിന്നീട് മാറിക്കൂടെന്നില്ല. എന്നു കരുതി വോട്ടെടുപ്പിനു പോകും മുൻപ് ആകർഷകമായ പദ്ധതികൾ പ്രഖ്യാപിച്ചു കൂടെന്നില്ല. ഉദാഹരണത്തിന് ചെറുകിട കർഷകർക്ക് വർഷം മൂന്നു തവണയായി 6,000 രൂപ നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപുള്ള ഇടക്കാല ബജറ്റിലാണ് ഒന്നാം മോദി സർക്കാർ പ്രഖ്യാപിച്ചത്. 2019 ഫെബ്രുവരി 24ന് ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്കു തുടക്കം കുറിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപിയെ വലിയ തോതിൽ തന്നെ സഹായിച്ചിട്ടുണ്ട് ഇപ്പോഴും ആകർഷകമായ ഈ പദ്ധതി. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 60 വയസു കഴിയുമ്പോൾ മാസം 3,000 രൂപ മിനിമം പെൻഷൻ ലഭിക്കാവുന്ന സാമൂഹിക ക്ഷേമ പദ്ധതി പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ അവതരിപ്പിച്ചതും അന്നത്തെ ഇടക്കാല ബജറ്റിലായിരുന്നു. അതായത് നിർമലയ്ക്കും മോദിക്കും ജനകീയത തെളിയിക്കാൻ ഇനിയും അവസരമുണ്ട്. പോപ്പുലിസത്തിന്റെ ബൂസ്റ്റർ ഡോസ് അടുത്ത വർഷവും പ്രതീക്ഷിച്ചു കൂടായ്കയില്ല.
അപ്പോഴും സർക്കാരിന്റെ നേട്ടങ്ങൾ ഇപ്പോഴേ പ്രചരിപ്പിച്ചു തുടങ്ങാനുള്ള പ്രധാന ആയുധമാണ് അവസാന സമ്പൂർണ വർഷത്തെ ബജറ്റ്. നിർമലയുടെ ബജറ്റ് മുൻനിർത്തിയുള്ള പ്രചാരണ പരിപാടികൾ ബിജെപി തീരുമാനിച്ചിട്ടുമുണ്ടെന്നാണല്ലോ കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ട്. ഈ പ്രചാരണത്തിൽ എടുത്തുകാണിക്കാൻ എന്തായാലും വിവിധ മേഖലകളിലെ സർക്കാർ ഊന്നലുകൾ പാർട്ടി ഉപയോഗിക്കും. നല്ല സാമ്പത്തിക നയങ്ങളും സമർഥമായ രാഷ്ട്രീയവും ബജറ്റിന്റെ രണ്ടു ഭാഗങ്ങളാണെന്ന് മുൻപ് അരുൺ ജയ്റ്റ്ലി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉറച്ച സാമ്പത്തിക അടിത്തറയും അതിന്റെ വികസനത്തിനു വേണ്ട പദ്ധതികളും രാജ്യത്തുണ്ടെന്ന് ഇന്ത്യയെ നോക്കിയിരിക്കുന്നവരെ ബോധ്യപ്പെടുത്താൻ ഈ ബജറ്റ് പരിശ്രമിച്ചിരിക്കുന്നു.
ചൈനയിൽ നിന്നു പിൻവാങ്ങുന്നതടക്കം നിക്ഷേപം ആകർഷിക്കാനുള്ള ശ്രമത്തിൽ സഹായകരമായ നടപടികളാണ് വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ മുതൽമുടക്കിലുള്ളത്. കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിന് പുതുതായി ആരംഭിച്ച ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് സെക്രട്ടേറിയറ്റിനു കഴിയുമെന്നും നിർമല അവകാശപ്പെടുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി വിവിധ തലത്തിൽ കണക്റ്റിവിറ്റി വർധിപ്പിക്കാനുള്ള, പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ പ്രഖ്യാപിച്ച ഗതി ശക്തി പദ്ധതിയുടെ പുരോഗതിയിൽ പ്രത്യേക ശ്രദ്ധ തന്നെ നൽകുന്നുണ്ട് സർക്കാർ. സാമ്പത്തിക സ്ഥിരത, ധനകാര്യ അച്ചടക്കം, പുതിയ സാങ്കേതിക വിദ്യകളിൽ നിക്ഷേപം തുടങ്ങി ചൂണ്ടിക്കാണിക്കാൻ കഴിയുന്ന പോസിറ്റിവ് ഘടകങ്ങൾ പലതും ബജറ്റിലുണ്ട്.