തളരാതെ, തകരാതെ ഒരു ജീവിതയാത്ര: ഇതു വിഷ്ണുവിന്‍റെ പോരാട്ടം

പിന്നെയൊരു പോരാട്ടമായിരുന്നു. അതുവരെ തോൽപ്പിച്ച സാഹചര്യങ്ങളെ അതിജീവിക്കണമെന്ന ദൃഢനിശ്ചയമായിരുന്നു മനസുനിറയെ.
തളരാതെ, തകരാതെ ഒരു ജീവിതയാത്ര: ഇതു വിഷ്ണുവിന്‍റെ പോരാട്ടം

ഹണി വി. ജി

ജീവിതത്തോളം വലിയൊരു പാഠമില്ല. പ്രതികൂലമായ ജീവിതാനുഭവങ്ങളോട് പട പൊരുതി നേടുന്നതിനോളം വലിയ കരുത്തുമില്ല. അത്തരം ജീവിതവഴികളിലൂടെ കടന്നു വന്ന് ഉയരങ്ങളിലേക്കു സഞ്ചരിച്ച എത്രയോ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. പ്രചോദനമാണ് അത്തരം ഓരോ ജീവിതങ്ങളും. തൃശൂർ നഗരത്തിനും അത്തരമൊരു മുഖം പരിചിതമാണ്. സൈക്കിളിൽ ചുക്കുകാപ്പി വിറ്റുകൊണ്ടു വലിയ സ്വപ്നങ്ങൾ കാണുന്നൊരാൾ. ഓരോ ജോലിക്കും മാന്യതയും അന്തസുമുണ്ടെന്നും സ്വന്തം ജീവിതത്തിലൂടെ തിരിച്ചറിയിപ്പിച്ച ചെറുപ്പക്കാരൻ. ഇതു വിഷ്ണു.

തൃശിവപേരൂരിനു സുപരിചിതമാണ് ഈ മുഖം. കഴിഞ്ഞ പതിനൊന്നു വർക്കാലമായി ചുക്കുകാപ്പി വിൽപ്പന നടത്തിയാണു വിഷ്ണു ജീവിതം പുലർത്തുന്നത്. രാത്രികാലങ്ങളിൽ ചുക്കുകാപ്പിയുടെ ഉണർവുമായി വിഷ്ണു നഗരത്തിലുണ്ടാകും. പുലർച്ചെ അഞ്ചു മണി വരെ ജോലി തുടരും.

വളരെ സന്തോഷത്തോടെ സംസാരിച്ചും, കുശലാന്വേഷണം നടത്തിയും വീട്ടിലൊരാൾ കാപ്പിയനത്തി തരുന്നതു പോലെ വിഷ്ണു കൂടെ നിൽക്കും. എന്നാൽ ആ കാപ്പിയോളം മധുരതരമല്ല വിഷ്ണുവിന്‍റെ ജീവിതം, അനുഭവങ്ങൾ.

ജീവിതത്തോട് പോരാടി

ബിടെക്ക് ബിരുദധാരിയാണു വിഷ്ണു. എംഎൻസി കമ്പനികളിലടക്കം ഉയർന്ന തസ്തികകളിൽ ജോലി ചെയ്തിട്ടുമുണ്ട്. സമ്പന്ന കുടുംബത്തിലായിരുന്നു ജനനം. എന്നാൽ കരുതുന്നതു പോലെ കാക്കാൻ അനുവദിക്കാത്ത വിധിയുടെ വഴിതിരിയലുകളിൽ എല്ലാം നഷ്ടപ്പെടുകയായിരുന്നു. എയർഫോഴ്സിൽ ഉദ്യോഗസ്ഥനായിരുന്ന വിഷ്ണുവിന്‍റെ അച്ഛൻ കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യം തകർന്നതു പെട്ടെന്നായിരുന്നു. പതുക്കെ പതുക്കെ എല്ലാം തകർന്നടിഞ്ഞു. 20 വയസ്സുവരെ ആർഭാടത്തിലായിരുന്ന ജീവിതം പതുക്കെ ഓരോ ദുരന്തങ്ങളെ നേരിട്ടു തുടങ്ങി. ഉയരങ്ങളിൽ നിന്നുള്ള വീഴ്ച. ഇതിനിടയിൽ അച്ഛനെ കാണാതായി. അന്വേഷണങ്ങൾ തുടർന്നെങ്കിലും ആ കരുതലിന്‍റെ കരത്തിൽ തൊടാൻ വിഷ്ണുവിനായില്ല. ഇന്നും അന്വേഷണങ്ങൾ തുടരുന്നു. അമ്മയുടെ ആകസ്മികമരണവും വിഷ്ണുവിനെ തളർത്തി.

പിന്നെയൊരു പോരാട്ടമായിരുന്നു. അതുവരെ തോൽപ്പിച്ച സാഹചര്യങ്ങളെ അതിജീവിക്കണമെന്ന ദൃഢനിശ്ചയമായിരുന്നു മനസുനിറയെ. ഒരിക്കൽ ജീവിതം അവസാനിപ്പിക്കാൻ വരെ ചിന്തിച്ച വിഷ്ണു ഇന്നൊരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ്. ജീവിതത്തിൽ എങ്ങനെ പോരാടി നിൽക്കണമെന്നു പറഞ്ഞുകൊടുക്കാൻ വിഷ്ണുവിനോളം മറ്റാർക്കു കഴിയും.

സിനിമയാണ് സ്വപ്നം

സ്വയം തൊഴിൽ കണ്ടെത്തി സ്വന്തം വഴികളിലൂടെ സഞ്ചരിക്കുകയാണ് വിഷ്ണു. ജീവിതത്തിൽ പതുക്കെ പതുക്കെ സന്തോഷം തിരികെ വന്നു തുടങ്ങി. സ്വന്തം ഇടങ്ങളിൽ സന്തോഷത്തിനുള്ള മാർഗങ്ങൾ സ്വയം കണ്ടെത്തണമെന്നു തിരിച്ചറിഞ്ഞു. ജനിച്ചുവളർന്ന വലിയ വീട് ജപ്തി ചെയ്തു പോയി, ഇപ്പോൾ വാടകവീട്ടിലാണു താമസം. സ്വന്തമായൊരു വീട് വേണമെന്ന മോഹം മനസിലുണ്ട്.

സിനിമയാണു വിഷ്ണുവിന്‍റെ സ്വപ്നം. അതിലേക്കുള്ള ആദ്യപടിയെന്നോണം ഷോർട്ട് ഫിലിമുകളിലും തെരുവുനാടകങ്ങളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. ഹൃസ്വചിത്രങ്ങളിൽ സംവിധാനസഹായിയായും പ്രവർത്തിച്ചു. സിനിമ സംവിധാനം ചെയ്യണമെന്ന സ്വപ്നവുമുണ്ട്. അതിനുളള പ്രൊജക്റ്റ് കൈവശമുണ്ടെന്നു വിഷ്ണു പറയുന്നു.

Revenge in a way എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. കൃതി, കളിക്കുടുക്ക എന്നീ ഷോർട്ട് ഫിലിമുകളിൽ കലാ സംവിധാനവും ചെയ്തിട്ടുണ്ട്. മൃതു എന്ന മലയാള മ്യൂസിക് ആൽബത്തിലും, യാമിക എന്ന ഷോര്ട്ട് ഫിലിമിലും സഹ സംവിധായകനായി. അഭിനേതാവായി യാമിക, dhoni a fan boy story എന്നി ഷോര്ട്ട് ഫിലിമുകളിലും എത്തി.

അവഗണന എന്ന ആദ്യപാഠം

"ഒരു മനുഷ്യന്‍റെ ലക്ഷ്യം പൂർണ്ണമായ സ്വാതന്ത്ര്യമാണ്. സാമ്പത്തികമായും ജോലിസംബന്ധമായും സ്വാതന്ത്ര്യം വേണം. അതുകൊണ്ടു തന്നെ ഇപ്പോൾ ചെയ്യുന്ന ജോലിയിൽ പൂർണ സംതൃപ്തനാണ്, സ്വതന്ത്രനാണ്, വിഷ്ണു പറയുന്നു. ജീവിതം തകർന്നടിഞ്ഞപ്പോൾ ഒഴിവാക്കിയവരുണ്ട്. അവഗണിച്ച ബന്ധുക്കളുണ്ട്. ആരോടും പരിഭവമില്ല. കാരണം അവർ പകർന്ന പാഠങ്ങളോളം വലുതൊന്നുമില്ല. അവഗണനയുടെ ആദ്യപാഠങ്ങളിൽ നിന്നാണ് അതിജീവനത്തിനുള്ള ഊർജം ലഭിക്കുന്നത്. അപ്പോഴോക്കെ കരുത്തായും താങ്ങായും നിരവധി സൗഹൃദങ്ങളുണ്ടായിരുന്നു. ജീവിതം തിരികെപിടിക്കാൻ സുഹൃത്തുക്കൾ കൂടെ നിന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com