പീയൂഷ് ഗോയല്‍
കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിച്ചും നിരവധി സാധാരണ പൗരന്മാര്‍ക്കു സമ്പത്തു സൃഷ്ടിക്കുന്നവരാകാനുള്ള ആത്മവിശ്വാസം നല്‍കിയും ഇന്ത്യയുടെ വ്യാവസായിക ഭൂപ്രകൃതിയെ മാറ്റിമറിച്ച "മേയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭത്തിനു സെപ്തംബര്‍ 25നു 10 വര്‍ഷം തികഞ്ഞു.
വ്യാവസായിക മേഖലകളെ വളര്‍ച്ചായന്ത്രങ്ങളാക്കി മാറ്റാനും ആഭ്യന്തര ആവശ്യകത നിറവേറ്റാനും കയറ്റുമതിക്കു സംഭാവന നല്‍കാനും പുതിയ ഊര്‍ജം നല്‍കിയ ശ്രദ്ധേയമായ 10 വര്‍ഷത്തെ യാത്രയാണിത്. അനിശ്ചിതത്വത്തിലായ കോണ്‍ഗ്രസ് ഗവണ്മെന്‍റിന്‍റെ നയദൗര്‍ബല്യവും പരിതാപകരമായ ഭരണവും കാരണം ആഭ്യന്തര നിക്ഷേപകര്‍ നിരാശരായ പ്രയാസകരമായ സമയത്താണ് ആവേശകരമായ യാത്രയ്ക്കു തുടക്കംകുറിച്ചത്. അക്കാലത്ത് സമ്പദ് വ്യവസ്ഥയ്ക്കു തളര്‍ച്ച സംഭവിച്ചിരുന്നു; ആത്മവിശ്വാസം തകര്‍ന്നിരുന്നു; തലക്കെട്ടുകളില്‍ അഴിമതി ആരോപണങ്ങള്‍ ആധിപത്യം പുലര്‍ത്തിയിരുന്നു; പണപ്പെരുപ്പവും പലിശനിരക്കും കുതിച്ചുയര്‍ന്നു; രൂപയുടെ മൂല്യം അനിശ്ചിതത്വത്തിലായിരുന്നു.
സാഹചര്യങ്ങള്‍ വഷളായിവന്ന പശ്ചാത്തലത്തില്‍, അതിനന്ത്യം കുറിക്കാന്‍, രാജ്യത്തെ സമ്മതിദായകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വോട്ടു ചെയ്യാനുള്ള നിര്‍ണായക തീരുമാനമെടുത്തു. ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടോടെയാണ് അദ്ദേഹം വന്നത്. ഇന്ത്യ ആഗോളതലത്തില്‍ മഹാശക്തിയാകുമെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഉത്പാദനം ഇന്ത്യയുടെ വിജയഗാഥയില്‍ നിര്‍ണായകമാണെന്നു തിരിച്ചറിഞ്ഞ അദ്ദേഹം, നമ്മുടെ യുവാക്കള്‍ക്കു ജോലിയും അവസരങ്ങളും നല്‍കാന്‍ ആഗ്രഹിച്ചു. അങ്ങനെയാണു "മേയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്കു തുടക്കം കുറിച്ചത്. 10 വര്‍ഷത്തെ യാത്ര ശ്രദ്ധേയമായ ഒന്നാണ്; പക്ഷേ, മോദി ഗവണ്മെന്‍റ് നടത്തിയ ബഹുമുഖവും പരിവര്‍ത്തനപരവുമായ മാറ്റങ്ങളില്ലാതെ അതു സാധ്യമാകുമായിരുന്നില്ല. ജിഎസ്ടി, പാപ്പരത്ത കോഡ്, മറ്റു നിരവധി പരിഷ്‌കാരങ്ങള്‍ എന്നിവ ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.
വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിന് 42,000-ത്തോളം നിബന്ധനകള്‍ ഒഴിവാക്കി. ചെറുകിട വ്യവസായങ്ങളുടെ വേവലാതികള്‍ ഒഴിവാക്കാന്‍ ചെറിയ കുറ്റകൃത്യങ്ങള്‍ക്കു ക്രിമിനല്‍ ശിക്ഷ നല്‍കുന്ന 3700 വ്യവസ്ഥകള്‍ വിവിധ ചട്ടങ്ങളില്‍നിന്നു നീക്കം ചെയ്തു. വ്യവസായനടത്തിപ്പു സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട ലോകബാങ്കിന്‍റെ റിപ്പോര്‍ട്ടില്‍ 2014-ല്‍ 142-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2019-ല്‍ 63-ാം സ്ഥാനമെന്ന നിലയിലേക്കു കുതിച്ചുയര്‍ന്നു.
ഗവണ്മെന്‍റിന്‍റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭം നിരവധി തൊഴിലന്വേഷകരെ തൊഴില്‍ സ്രഷ്ടാക്കളാകാന്‍ പ്രോത്സാഹിപ്പിച്ചു. ഇത് ഈ വര്‍ഷം ജൂണില്‍ അംഗീകൃത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 1,40,803 ആയി വര്‍ധിപ്പിക്കാനും നിക്ഷേപം കൊണ്ടുവരാനും 15 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിച്ചു. ശുചിത്വം, ബഹിരാകാശ ഗതിനിയന്ത്രണം, ഭക്ഷണം പാഴാക്കല്‍ കുറയ്ക്കല്‍, ആരോഗ്യ പരിരക്ഷയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തല്‍, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ കണ്ടെത്താന്‍ പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തെ നൂതനാശയ ആവാസ വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്നു.
11 വ്യാവസായിക ഇടനാഴികളുടെ വികസനമാണു ഗവണ്മെന്‍റിന്‍റെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ഈ ഇടനാഴികളെ ഇന്ത്യയുടെ ഉത്പാനവളര്‍ച്ചയുടെ നട്ടെല്ലാക്കി മാറ്റാന്‍ സഹായിക്കുന്ന 20 വ്യാവസായിക സ്മാര്‍ട്ട് സിറ്റികളാണ് പദ്ധതിക്കു കീഴില്‍ വികസിപ്പിക്കുന്നത്. ഈ സ്മാര്‍ട്ട് സിറ്റികളില്‍ നാലെണ്ണം ഇതിനകം നിക്ഷേപത്തിന്‍റെ ആകര്‍ഷണകേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതിയും അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. 80,000 പേര്‍ക്കു നേരിട്ടും അതിലധികം പേര്‍ക്കു പരോക്ഷമായും തൊഴില്‍ നല്‍കുന്ന 1.7 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇതിനകം പ്രതിജ്ഞാബദ്ധമാണ്.
ഇലക്ട്രോണിക്‌സ്, ഔഷധമേഖല, വാഹനമേഖല, വസ്ത്രമേഖല, വൈദ്യ ശാസ്ത്ര ഉപകരണങ്ങള്‍ തുടങ്ങിയ നിര്‍ണായക രംഗങ്ങളില്‍ ഗവണ്മെന്‍റിന്‍റെ ഉത്പാന ബന്ധിത ആനുകൂല്യ (പിഎല്‍ഐ) പദ്ധതികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സുസ്ഥിര വളര്‍ച്ചയ്ക്കായി ഈ മേഖലകളില്‍ പരിസ്ഥിതിസംവിധാനങ്ങള്‍ സൃഷ്ടിക്കുകയും അവയുടെ ആഗോള മത്സരക്ഷമത ഉറപ്പാക്കുകയും ചെയ്യുന്നു. പിഎല്‍ഐ പദ്ധതികള്‍ 1.32 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനും ഏകദേശം 11 ലക്ഷം കോടിരൂപയുടെ ഉത്പാനത്തില്‍ ഗണ്യമായ ഉത്തേജനത്തിനും
കാരണമായി. ഈ സംരംഭത്തിലൂടെ നേരിട്ടും അല്ലാതെയും 8.5 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ രാജ്യത്തെ ഉത്പാനരംഗത്തെ മറ്റൊരു ചുവടുവയ്പാണ്. ചരക്കുകളുടെയും സേവനങ്ങളുടെയും ആവശ്യകത സൃഷ്ടിക്കുന്നതിനു പുറമെ, അടിസ്ഥാന സൗകര്യ വികസനം വ്യാവസായിക പ്രവര്‍ത്തനത്തില്‍ വലിയ തോതില്‍ സഹായമേകുന്നു. ഇന്ന് ഇന്ത്യക്ക് അതിവേഗ പാതകളുടെയും ഹവൈേകളുടെയും വലിയ ശൃംഖലയുണ്ട്. പുതിയ, ലോകോത്തര റെയില്‍വേ സ്റ്റേഷനുകള്‍ നിര്‍മിക്കപ്പെടുന്നു, ഒപ്പം പുതിയ ചരക്ക് ഇടനാഴികളും വരുന്നു.
നിക്ഷേപത്തിനു വളരെ ആകര്‍ഷകമായ സ്ഥലമായി ഇന്ത്യയെ കാണുന്ന പ്രവണത വര്‍ധിക്കുകയാണ്. പ്രധാനമന്ത്രി മോദിയുടെ നിര്‍ണായക നേതൃത്വം; നമ്മുടെ യുവത്വമാര്‍ന്ന, കഴിവുറ്റ, വദൈഗ്ധ്യമാര്‍ന്ന ഇന്ത്യക്കാരുടെ ജനസംഖ്യാപരമായ മെച്ചം; സമ്പദ് വ്യവസ്ഥയില്‍ 140 കോടി ഇന്ത്യക്കാര്‍ സൃഷ്ടിക്കുന്ന ആവശ്യകത; നിക്ഷേപകരുടെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന ജനാധിപത്യവും ഒരുതരത്തിലുമുള്ള വിവേചനവും അനുവദിക്കാത്ത നിയമവാഴ്ചയും എന്നിങ്ങനെ "4ഡി' (Decisive leadership, Demographic dividend, Demand and Democracy) നേട്ടമാണു രാജ്യം നല്‍കുന്നത്. നിര്‍മാതാക്കളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ "4ഡി' അത്യന്താപേക്ഷിതമായ ഒന്നാണ്. ആഭ്യന്തര- അന്തര്‍ദേശീയ നിക്ഷേപകര്‍ വ്യവസായം മെച്ചപ്പെടുത്തുന്നതിനുള്ള സുവര്‍ണാവസരം ഇന്നു കണ്ടെത്തുന്നു.
നിക്ഷേപക സമൂഹത്തില്‍ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. നിക്ഷേപം നടത്താനും ഇന്ത്യയുടെ വളര്‍ച്ചാഗാഥയില്‍ പങ്കാളികളാകാനുമുള്ള അവസരങ്ങള്‍ക്കായി പ്രതിനിധികളുടെ ശ്രേണി തന്നെ ഇന്ത്യ സന്ദര്‍ശിക്കുന്നു. വിദേശ ഗവണ്മെന്‍റുകളും ആഗോള സിഇഒമാരും ഇന്ത്യയിലെ അവസരങ്ങളിലേക്ക് ഉറ്റുനോക്കുന്നു. പല രാജ്യങ്ങളും ഇന്ത്യയുമായി വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നു.
ലോകം ഇപ്പോള്‍ ഇന്ത്യയെ ഉത്പാന ഇടമായാണു കാണുന്നത്. ഈ താല്‍പ്പര്യത്തിന്‍റെ പ്രധാന കാരണം ഇന്ത്യയുടെ സ്വന്തം മത്സരാധിഷ്ഠിത മുന്‍തൂക്കവും കരുത്തുറ്റ സാമ്പത്തിക അടിസ്ഥാനവുമാണ്. ഇന്ന്, പണപ്പെരുപ്പം നിയന്ത്രണത്തിലാണ്; സാമ്പത്തിക വളര്‍ച്ച ശക്തമാണ്. കേന്ദ്രഗവണ്മെന്‍റ് കര്‍ശനമായ സാമ്പത്തിക അച്ചടക്കമാണ് പിന്തുടരുന്നത്. സംഘര്‍ഷവും അനിശ്ചിതത്വവും നിറഞ്ഞ നിലവിലെ ആഗോള സാഹചര്യത്തില്‍ ഇത് ഏറെ പ്രശംസനീയമാണ്. 2014ല്‍ ലോകത്തെ "ദുര്‍ബലമായ അഞ്ചിലൊന്നാ'യി കണക്കാക്കപ്പെട്ടിരുന്ന പരിതാപകരമായ സാഹചര്യത്തില്‍ നിന്നു ലോകത്തെ മികച്ച അഞ്ചിലൊന്നായി ഇന്ത്യയെ ഉയര്‍ത്താന്‍ പ്രധാനമന്ത്രി മോദിയുടെ സംരംഭങ്ങള്‍ സഹായിച്ചു.
ഫലത്തില്‍, കഴിഞ്ഞ 10 വര്‍ഷത്തെ പരിവര്‍ത്തന ദശകമാക്കുന്നതിനു "മേയ്ക്ക് ഇന്‍ ഇന്ത്യ' പോലുള്ള സംരംഭങ്ങള്‍ സംഭാവനയേകി; കോണ്‍ഗ്രസ് ഭരണത്തില്‍ നഷ്ടപ്പെട്ട ദശകത്തില്‍നിന്നുള്ള വലിയ കുതിച്ചുചാട്ടവും.