ലിവിംഗ്സ്റ്റൺ കൊടുംകാറ്റിൽ തളരാതെ ഡൽഹി; ജയം 15 റൺസിന്

214 വിജയ ലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് തുടക്കത്തിൽ തന്നെ ശിഖർ ധവാനെ നഷ്‌ടമായി
ലിവിംഗ്സ്റ്റൺ കൊടുംകാറ്റിൽ തളരാതെ ഡൽഹി; ജയം 15 റൺസിന്

ധർമശാല: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് 15 റൺസിൻ്റെ ത്രില്ലർ ജയം. ടോസ് നഷ്‌ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്‌ടത്തിൽ 213 റൺസ് നേടിയപ്പോൾ പഞ്ചാബ് 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 198 റൺസിൽ അവസാനിച്ചു. ലിയാം ലിവിംഗ്സ്റ്റണിൻ്റെ പ്രകടനം പാഴായി. 48 പന്തിൽ 9 സിക്‌സറും 5 ഫോറുമടക്കം 94 റൺസുമായി താരം പുറത്താകാതെ നിന്നു.

214 വിജയ ലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് തുടക്കത്തിൽ തന്നെ ശിഖർ ധവാനെ നഷ്‌ടമായി. പിന്നീട് പ്രഭ്സിമ്രാൻ സിംഗ്(22) അഥർവ ടൈഡെ(55) എന്നിവരുടെ കൂട്ടുകെട്ടിൽ നല്ല തുടക്കം ലഭിച്ചെങ്കിലും ഏഴാം ഓവറിൽ അക്‌സർ പട്ടേലിൻ്റെ പന്തിൽ പ്രഭ്സിമ്രാൻ സിംഗ് പുറത്തായി. ശേഷം എത്തിയ ലിയാം ലിവിംഗ്സ്റ്റൺ തുടരെ തുടരെ ബൗണ്ടറികൾ കണ്ടെത്തിയത് ഡൽഹിക്ക് തലവേദനായായി. പതിനേഴാം ഓവറിൽ റിട്ടയേർഡ് ഔട്ടിൽ അഥർവ ടൈഡെ കളിനിർത്തി പോയതും പഞ്ചാബിന് നിർഭാഗ്യമായി.

ജിതേഷ് ശർമ (0) ഷാരുഖ് ഖാൻ(6) സാം കറൻ (11) ഹർപ്രീത് ബ്രാർ (0) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ഡൽഹിക്കായി ആൻറിച്ച് നോർട്ട്ജെ, ഇഷാന്ത് ശർമ എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി.

ഫോം മങ്ങിയതു കാരണം റിസർവ് ബെഞ്ചിലായിരുന്ന ഓപ്പണർ പൃഥ്വി ഷായുടെ ശക്തമായ തിരിച്ചുവരവാണ് ഡൽഹി ആരാധകരെ സംബന്ധിച്ച് മത്സരത്തിന്‍റെ ഹൈലൈറ്റ്.

38 പന്തിൽ 54 റൺസെടുത്ത പൃഥ്വി, ഒന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ഡേവിഡ് വാർനർക്കൊപ്പം 10.2 ഓവറിൽ 94 റൺസും കൂട്ടിച്ചേർത്തു.

31 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും ഉൾപ്പെടെ 46 റൺസാണ് വാർനർ നേടിയത്. പകരമെത്തിയ റിലീ റൂസോയും സമയം പാഴാക്കാതെ അടി തുടങ്ങി. ഏഴ് ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു പൃഥ്വിയുടെ ഇന്നിങ്സ്. സീസണിൽ പൃഥ്വിയുടെ ആദ്യ അർധ സെഞ്ചുറി. പതിനഞ്ചാം ഓവറിലെ അവസാന പന്തിലാണ് പുറത്താകുന്നത്.

മറുവശത്ത് റൂസോ മാരകമായ ആക്രമണം തുടർന്നപ്പോൾ ഡൽഹി സ്കോർ അനായാസം 200 കടന്നു. വെറും 37 പന്തിൽ 82 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ താരം പുറത്താകാതെ നിന്നു. ആറു വീതും സിക്സും ഫോറും ഉൾപ്പെട്ട ഇന്നിങ്സ്. വേർപിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഫിൽ സോൾട്ടുമൊത്ത് 65 റൺസും റൂസോ കൂട്ടിച്ചേർത്തു. 14 പന്തിൽ രണ്ടു ഫോറും രണ്ടു സിക്സും സഹിതം 26 റൺസാണ് സോൾട്ട് നേടിയത്.

ഡൽഹിക്കു നഷ്ടപ്പെട്ട രണ്ടു വിക്കറ്റും സ്വന്തമാക്കിയത് സാം കറൻ. നാലോവറിൽ 36 റൺസാണ് കറൻ വഴങ്ങിയത്. കറനെ കൂടാതെ റൺ വിട്ടുകൊടുക്കുന്നതിൽ അൽപ്പമെങ്കിലും നിയന്ത്രണം കാണിച്ചത് രാഹുൽ ചഹറാണ്. നാലോവറിൽ 35 റൺസ് വഴങ്ങി, എന്നാൽ വിക്കറ്റൊന്നും ലഭിച്ചില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com