
ഇന്‍ഡോര്‍: കുഴിയില്‍ വീഴ്ത്താന്‍ ശ്രമിച്ച ഇന്ത്യ സ്വയം കുഴിയില്‍ വീണു എന്നു മാത്രകമല്ല, പടുകുഴിയിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്തു. സ്്പിന്‍ കെണിയൊരുക്കിയ ഇന്ത്യയെ അതേ നാണയത്തില്‍ നേരിട്ട ഓസ്ട്രേലിയയ്ക്ക് മിന്നും ജയം. ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് ഒമ്പതു വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 76 റണ്‍സ് വിജയലക്ഷ്യം ദുഷ്കരമായ സാഹചര്യത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് മറികടന്നു. മൂന്നാം ദിനം 18.5 ഓവറുകള്‍ക്കുള്ളില്‍ കളിയവസാനിച്ചു. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇതോടെ 2-1 എന്ന നിലയിലായി. ഒപ്പം ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കാനും ഓസ്ട്രേലിയയ്ക്കായി. 49 റണ്‍സോടെ പുറത്താവാതെ നിന്ന ട്രോവിസ് ഹെഡാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
സ്കോര്‍: ഇന്ത്യ - 109, 163, ഓസ്ട്രേലിയ 197, 78/1.
രണ്ടാം ഇന്നിംഗ്സില്‍ ഉസ്മന്‍ ഖവാജയുടെ വിക്കറ്റ് മാത്രമാണ് (0) ഓസീസിന് നഷ്ടമായത്. ആര് അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന് ക്യാച്ച് നല്‍കിയാണ് ഖവാജ മടങ്ങിയത്. അധികം വിക്കറ്റ് നഷ്ടമാക്കാതെ ഹെഡും മര്‍നസ് ലബുഷെയ്നും (28) എന്നിവര്‍ ഓസീസിന് വിജയത്തിലേക്ക് നയിച്ചു.
53 പന്തുകള്‍ നേരിട്ട ഹെഡ് 49 റണ്‍സോടെയും 58 പന്തുകള്‍ നേരിട്ട ലാബുഷെയ്ന് 28 റണ്‍സോടെയും പുറത്താകാതെ നിന്നു.
നേരത്തെ എട്ട് വിക്കറ്റ് വീഴ്ത്തിയ നേതന്‍ ലയണിനു മുന്നില്‍ പതറിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 163 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ ഓസീസിനു മുന്നില്‍ 76 റണ്‍സ് വിജയലക്ഷ്യമുയര്‍ന്നു. മികച്ച സ്കോര്‍ ലക്ഷ്യമിട്ട് രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യക്ക് തുടക്കംമുതല്‍ പിഴച്ചു.
ആദ്യ ഇന്നിംഗ്സില്‍ 88 റണ്‍സിന്റെ ലീഡ് വഴങ്ങിയ ടീം ഇന്ത്യ ഇന്‍ഡോറില്‍ രണ്ടാം ഇന്നിംഗ്സിലും പതറിപ്പോവുകയായിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ നേഥന്‍ ലിയോണ്‍ തുടക്കത്തിലെ നിയന്ത്രണം കണ്ടെത്തിയപ്പോള്‍ 32 റണ്‍സിനിടെ ഇരു ഓപ്പണര്‍മാരെയും ഇന്ത്യക്ക് നഷ്ടമായി. 15 പന്തില്‍ 5 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ആദ്യം വീണത്. പിന്നാലെ 33 പന്തില്‍ 12 റണ്‍സുമായി രോഹിത് ശര്‍മ്മയും മടങ്ങി. ഗില്‍ ബൗള്‍ഡും രോഹിത് എല്‍ബിയുമാവുകയായിരുന്നു.
ചേതേശ്വര്‍ പൂജാരയ്ക്കൊപ്പം കരുതലോടെ തുടങ്ങിയ വിരാട് കോലിക്കും അധികം ആയുസുണ്ടായിരുന്നില്ല. ഇടംകൈയന്‍ സ്പിന്നര്‍ മാത്യൂ കുനെമാന് 26 പന്തില്‍ 13 റണ്‍സെടുത്ത കോലിയെ എല്‍ബിയില്‍ പുറത്താക്കി. വിക്കറ്റ് ചറപറ വീണതോടെ സ്ഥാനക്കയറ്റം കിട്ടി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും ലിയോണിന്റെ കറങ്ങും പന്തിന് മുന്നില്‍ വീണു. 36 പന്തില്‍ 7 റണ്‍സ് നേടിയ ജഡേജ എല്‍ബിയിലാണ് പുറത്തായത്. പിന്നാലെയായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഖവാജയുടെ വണ്ടര്‍ ക്യാച്ചില്‍ 27 പന്തില്‍ 26 റണ്‍സുമായി ശ്രേയസ് അയ്യരുടെ മടക്കം. എട്ടു പന്തില്‍ മൂന്നു റണ്‍സെടുത്ത ശ്രീകര്‍ ഭരതും ലയണിന് മുന്നില്‍ ബൗള്‍ഡായി. 28 പന്തില്‍ 16 റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിന് ലിയോണിന് മുന്നില്‍ കുടുങ്ങിപ്പോള്‍ അര്‍ധസെഞ്ചുറി നേടിയ പൂജാരയാവട്ടെ ലിയോണിന്റെ തന്നെ പന്തില്‍ സ്ലിപ്പില്‍ സ്മിത്തിന്റെ വണ്ടര്‍ ക്യാച്ചില്‍ പുറത്തായി.
പിന്നാലെ ഒരു ലൈഫ് കിട്ടിയ ഉമേഷ് യാദവ് സിക്സര്‍ ശ്രമത്തിനിടെ ഗ്രീനിന്റെ ക്യാച്ചില്‍ വീണു. അവസാനക്കാരനായി മുഹമ്മദ് സിറാജ് ലിയോണിന്റെ പന്തില്‍ ബൗള്‍ഡായപ്പോള്‍ 39 പന്തില്‍ 15* റണ്‍സുമായി അക്സര്‍ പട്ടേല്‍ പുറത്താകാതെ നിന്നു.ഓസ്ട്രേലിയയ്ക്കായി നേഥന്‍ ലയണ്‍ മത്സരത്തിലാകെ 11 വിക്കറ്റുകള്‍ വീഴ്ത്തി. ലയണാണ് മാന്‍ ഓഫ് ദ മാച്ചും.