
അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടെസ്റ്റ് ക്രിക്കറ്റിലെ മറ്റൊരു വമ്പന്‍ പോരാട്ടം. ബോര്‍ഡര്‍- ഗാവസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ സമയം 9.30ന് ആരംഭിക്കുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സും ഡിസ്നി ഹോട്സ്റ്റാറും തത്സമയം സംപ്രേക്ഷണം ചെയ്യും.
ഇന്‍ഡോറിലെ അപ്രതീക്ഷിത തോല്‍വി മറന്ന് ഓസ്ട്രേലിയയ്ക്കെതിരേ വിജയപ്രതീക്ഷയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യക്ക് സാധിക്കും. അതുകൊണ്ട് ജീവന്മരണ പോരാട്ടം തന്നെ ഇന്ത്യക്ക് നടത്തേണ്ടിവരും.
മറിച്ചായാല്‍ ശ്രീലങ്ക - ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയുടെ ഫലത്തിനായി കാത്തിരിക്കണം. അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുകയും ന്യൂസീലന്‍ഡിനെതിരായ പരമ്പര ലങ്ക തൂത്തുവാരുകയും ചെയ്താല്‍ ഓസീസിനൊപ്പം ശ്രീലങ്ക ഫൈനലിന് യോഗ്യത നേടും. അതിനാല്‍ നാലാം ടെസ്റ്റ് ജയിച്ച് ഫൈനല്‍ ഉറപ്പിക്കാന്‍ തന്നെ കച്ചകെട്ടിയാകും ഇന്ത്യ ഇറങ്ങുക.
ആദ്യ രണ്ടു ടെസ്റ്റിലും ഇന്ത്യ വിജയിച്ചപ്പോള്‍ സ്പിന്നര്‍മാരെ അമിതമായി പിന്തുണച്ച ഇന്‍ഡോറിലെ പിച്ചില്‍ നേഥന്‍ ലയണടക്കമുള്ള ഓസീസ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളിമറന്നു. ഒമ്പത് വിക്കറ്റ് ജയത്തോടെ ഓസീസ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടി.
ഇന്ത്യ മാറും, ഇഷാന് അരങ്ങേറും
പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റില്‍ വിശ്രമം അനുവദിച്ച മുഹമ്മദ് ഷമി അഹമ്മദാബാദ് ടെസ്റ്റിനുള്ള ടീമില്‍ ഇടംപിടിക്കും. സമീപകാലത്ത് എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ്ക്കായി പന്തെറിയുന്ന മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ച് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. മൂന്നാം ടെസ്റ്റില്‍ തിളങ്ങിയ ഉമേഷ് യാദവ് സ്ഥാനം നിലനിര്‍ത്തിയേക്കും. ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് ഏഴു വിക്കറ്റുകള്‍ ഷമി നേടി. ടീമിലെ ഏറ്റവും നിര്‍ണായകമായ മാറ്റം വിക്കറ്റ് കീപ്പര്‍ ഭരതിനു പകരം ഇഷാന് കിഷന് ടീമിലെത്തും എന്നതാണ്. അങ്ങനെയെങ്കില്‍ ഇഷാന് ഇത് അരങ്ങേറ്റമാകും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 48 മത്സരങ്ങള്‍ കളിച്ച ഇഷാന് 38.76 ശരാശരിയില്‍ 2985 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ആറ് സെഞ്ചുറിയും 16 അര്‍ധസെഞ്ചുറിയുമുണ്ട്.
മൂന്ന് ടെസ്റ്റിലും അവസരം ലഭിച്ചിട്ടും കാര്യമായി തിളങ്ങാന്‍ കെ.എസ്. ഭരതിനു സാധിച്ചിരുന്നില്ല. വിക്കറ്റിനു പിന്നില്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനമായിരുന്നു ഭരതിന്റേതെങ്കിലും ബാറ്റിങ്ങില്‍ കാര്യമായ സംഭാവനകള്‍ ഭരതില്‍ നിന്നുണ്ടായിരുന്നില്ല. ഇടംകൈയന്‍ ബാറ്ററാണെന്നത് ഇഷാന് മുന്‍തൂക്കം നല്കുന്ന ഘടകമാണ്.
മോശം ഫോം കാരണം ഇഡോര്‍ ടെസ്റ്റില്‍ നിന്ന് മാറ്റിനിര്‍ത്തിയ കെ.എല്‍ രാഹുല്‍, അഹമ്മദാബാദ് ടെസ്റ്റിലും പുറത്തിരിക്കും. രാഹുലിന് പകരമെത്തിയ ശുഭ്മാന്‍ ഗില്ലിന് ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും താരത്തിന് ടീം മാനേജ്മെന്റ് വീണ്ടും അവസരം നല്‍കും. രോഹിത്തിനൊപ്പം ഗില്‍ ഓപ്പണറായി ഇറങ്ങും. വണ്‍ ഡൗണായി പൂജാരയും നാലാം നമ്പറില്‍ കോലിയും ഇറങ്ങുമെന്ന കാര്യത്തില്‍ സംശയങ്ങളില്ല. മോശം ഫോമിലുള്ള കോലി ഈ ടെസ്റ്റിലെങ്കിലും ഫോമിലായില്ലെങ്കില്‍ ടെസ്റ്റ് കരിയര്‍ തന്നെ വലിയ പ്രതിസന്ധിയിലാകും.
സൂര്യകുമാറിന് പകരം രണ്ടും മൂന്നും ടെസ്റ്റുകളില്‍ കളിച്ചെങ്കിലും ശ്രേയസിന് കാര്യമായ പ്രകടനം പുറത്തെടുക്കാനായിട്ടില്ല. എങ്കിലും നാലാം ടെസ്റ്റില്‍ ശ്രേയസിന് തന്നെയാണ് സാധ്യത. സ്പിന്നര്‍മാരായി ജഡേജയും അശ്വിനും അക്സറും ഇറങ്ങും.
അതേ ഓസീസ്
ആദ്യ രണ്ട് ടെസ്റ്റുകളിലെ നിരാശയ്ക്ക് ശേഷം മൂന്നാം ടെസ്റ്റില്‍ വിജയം നേടി ഓസ്ട്രേലിയ അതേ ടീമിനെ തന്നെ നാലാം ടെസ്റ്റിലും നിലനിര്‍ത്തിയേക്കും. പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്ത് തന്നെയാണ് ടീമിനെ നയിക്കുക. ഉസ്മാന്ഖവാജയും ട്രാവിസ് ഹെഡും ഓപ്പണര്‍മാരായെത്തും. ബാറ്റര്‍മാര്‍ ഫോമിലല്ല എന്നത് ഓസീസ് ക്യാംപിനെ അലട്ടുന്നുണ്ട്. ഉസ്മാന് ഖവാജ മാത്രമാണ് അല്പമെങ്കിലും മികവ് പുലര്‍ത്തുന്ന ബാറ്റര്‍. ലബുഷെയ്ന് ഫോമിന്റെ ഏഴയലത്തുപോലും എത്തുന്നില്ല. ലോകചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നതിനാല്‍ ഓസ്ട്രേലിയയ്ക്ക് സമ്മര്‍ദമില്ലാതെ കളിക്കാനിറങ്ങാം എന്നത് അവര്‍ക്ക് ആത്മവിശ്വാസമേകുന്ന ഘടകമാണ്. നേഥന്‍ ലയണും മാത്യു കുനെമാനും അടങ്ങുന്ന സ്പിന്‍ നിരയുടെ കരുത്തും ഓസീസിന്റെ മേന്മയാണ്.
ഈ പിച്ചും സ്പിന്നര്‍മാരുടേത്
പരമ്പരാഗതമായി സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണ് അഹമ്മദാബാദിലേത്. 2021ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ അവസാനമായി ഇവിടെ ടെസ്റ്റ് കളിച്ചത്. ആര് അശ്വിന്, അക്സര്‍ പട്ടേല്‍ എന്നിവര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കി. അവസാനം നടന്ന ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യദിനം തന്നെ ഇംഗ്ലണ്ട് 205ന് പുറത്തായി. ഇന്ത്യൻ സ്പിന്നര്‍മാര്‍ എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. അക്സര്‍ നാലെണ്ണം വീഴ്ത്തിയപ്പോല്‍ അശ്വിന് മൂന്ന് പേരെയും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി. രണ്ടാം ഇന്നിംഗ്സില്‍ അശ്വിനും അക്സറും അഞ്ച് വിക്കറ്റ് വീതം നേടി ഇംഗ്ലണ്ടിനെ 135ന് പുറത്താക്കി. മൂന്ന് ദിവസം മാത്രമാണ് ഈ ടെസ്റ്റ് നീണ്ടത്. ഇന്ത്യ ഇന്നിംഗ്സിനും 25 റണ്‍സിനും ജയിച്ചു. ഈ പരമ്പരയിലെ മൂന്നാം ടെസ്റ്റും അഹമ്മദാബാദിലായിരുന്നു. അന്ന് ഇംഗ്ലണ്ടിന്റെ 19 വിക്കറ്റും വീഴ്ത്തിയത് സ്പിന്നര്‍മാരായിരുന്നു.
കണക്കിലെ കളി
അഹമ്മദാബാദില്‍ ഇതുവരെ 14 ടെസ്റ്റുകളാണ് നടന്നിട്ടുള്ളത്. ഇതില്‍ 247 വിക്കറ്റുകളും സ്പിന്നര്‍മാര്‍ പേരിലാക്കിയപ്പോള്‍ പേസര്‍മാര്‍ക്ക് കിട്ടിയത് 166 വിക്കറ്റുകളാണ്. ആദ്യം ബാറ്റ് ചെയ്തവരും രണ്ടാമത് ബാറ്റ് ചെയ്തവരും നാല് വീതം മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ആറ് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. അഹമ്മദാബാദില്‍ ഏത് തരത്തിലുള്ള പിച്ചായിരിക്കും എന്ന് വ്യക്തമായിട്ടില്ലെങ്കിലും ടോസ് നേടുന്നവര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കാനാണ് സാധ്യത. ഇന്ത്യയും ഓസ്ട്രേലിയയും ചരിത്രത്തില്‍ ഇതുവരെ 105 ടെസ്റ്റ് മത്സരങ്ങളിലാണ് മുഖാമുഖം വന്നത്. ഇതില്‍ ഇന്ത്യ 32 കളികളില്‍ ജയിച്ചപ്പോള്‍ ഓസീസിന് 44 വിജയങ്ങളുണ്ട്. 28 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
സാധ്യതാ ടീം
ഇന്ത്യ : ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ചേതേശ്വര്‍ പുജാര, വിരാട് കോലി, ഇഷാന് കിഷന്, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ആര്. അശ്വിന്, അക്ഷര്‍ പട്ടേല്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.
ഓസ്ട്രേലിയ: ഉസ്മാന് ഖവാജ, ട്രാവിസ് ഹെഡ്, മാര്‍നസ് ലബുഷെയ്ന്, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, അലക്സ് കാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥന്‍ ലയണ്‍, ടോഡ് മര്‍ഫി, മാത്യു കുനെമാന്.
നരേന്ദ്രമോദി ടോസ് ഇടും?
പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ടെസ്റ്റില്‍ ടോസ് ചെയ്യുന്നതെന്നു റിപ്പോര്‍ട്ട്. ഇന്നു തുടങ്ങുന്ന ടെസ്റ്റ് മത്സരം കാണുന്നതിനായി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും ഇന്ന് ഗാലറിയിലെത്തും. ഒരു മണിക്കൂര്‍ നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയും മത്സരം വീക്ഷിക്കും.