ചാംപ്യൻ ചഹർ; ചെന്നൈക്ക് കൂറ്റൻ വിജയം

പതിനാല് മത്സരങ്ങളും പൂർത്തിയാക്കിയ ചെന്നൈക്ക് പതിനേഴ് പോയിന്‍റ്. ഒരു മത്സരം ശേഷിക്കെ ഗുജറാത്ത് 18 പോയിന്‍റുമായി ഒന്നാം സ്ഥാനം ഉറപ്പാക്കി.
ചാംപ്യൻ ചഹർ; ചെന്നൈക്ക് കൂറ്റൻ വിജയം

ന്യൂഡൽഹി: ഡൽഹി ക്യാപ്പിറ്റൽസിനെതിരേ 77 റൺസിന്‍റെ കൂറ്റൻ വിജയം കുറിച്ച ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനം ഉറപ്പാക്കാമെന്ന പ്രതീക്ഷ നിലനിർത്തി. ഇരു ടീമുകളും ലീഗ് ഘട്ടത്തിലെ 14 മത്സരങ്ങളും പൂർത്തിയാക്കി. 10 പോയിന്‍റ് മാത്രമുള്ള ഡൽഹിയുടെ പ്ലേ ഓഫ് സാധ്യത നേരത്തെ തന്നെ അവസാനിച്ചിരുന്നു. നിലവിലുള്ള ചാംപ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് ഒരു മത്സരം ബാക്കി നിൽക്കെ തന്നെ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു.

നേരത്തെ, ഡൽഹിക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 223 റൺസെടുത്തിരുന്നു. ഡൽഹിയുടെ മറുപടി 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസിൽ ഒതുങ്ങി.

ഋതുരാജ് ഗെയ്‌ക്ക്‌വാദ് - ഡെവൺ കോൺവെ സഖ്യം ഒരിക്കൽക്കൂടി തിളങ്ങിയപ്പോൾ, ചെന്നൈ 14.2 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 141 റൺസ് വരെയെത്തി. 50 പന്തിൽ മൂന്നു ഫോറും ഏഴു സിക്സും സഹിതം 79 റൺസെടുത്ത ഗെയ്ക്ക്‌വാദാണ് ആദ്യം പുറത്തായത്. തുടർന്ന് പ്രൊമോട്ട് ചെയ്യപ്പെട്ട ശിവം ദുബെ 9 പന്തിൽ 22 റൺസുമായി റൺ നിരക്ക് ഉയർത്തി.

ദുബെയ്ക്കു പിന്നാലെ, കോൺവെയും (52 പന്തിൽ 87) പുറത്തായെങ്കിലും, ഏഴു പന്തിൽ 20 റൺസെടുത്ത് പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജ റണ്ണൊഴുക്ക് ഉറപ്പാക്കി. ക്യാപ്റ്റൻ എം.എസ്. ധോണി പതിവില്ലാതെ നാലാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയെങ്കിലും നാല് പന്ത് മാത്രമാണ് നേരിടാൻ കിട്ടിയത്. അഞ്ച് റൺസെടുത്ത് പുറത്താകാതെ നിന്നു. ചെന്നൈക്കു നഷ്ടമായ മൂന്നു വിക്കറ്റുകൾ ഖലീൽ അഹമ്മദ്, ആൻറിച്ച് നോർക്കെ, ചേതൻ സക്കറിയ എന്നിവർ പങ്കിട്ടു.

മറുപടി ബാറ്റിങ്ങിൽ ഡൽഹിക്ക് തകർച്ചയോടെയായിരുന്നു തുടക്കം. അഞ്ച് റൺസെടുത്ത പൃഥ്വി ഷാ രണ്ടാം ഓവറിൽ പുറത്ത്, തുഷാർ ദേശ്‌പാണ്ഡെയുടെ പന്തിൽ അമ്പാടി റായുഡുവിന്‍റെ തകർപ്പൻ ക്യാച്ച്. ഫിൽ സോൾട്ടിനെയും (3) റിലീ റൂസോയെയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ സ്വിങ് ബൗളർ ദീപക് ചഹറാണ് ചെന്നൈയുടെ അനായാസ വിജയം ഉറപ്പാക്കിയത്. രണ്ടാം സ്പെല്ലിൽ അക്ഷർ പട്ടേലിനെക്കൂടി (15) പുറത്താക്കിയ ചഹർ നാലോവറിൽ 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മഹീഷ് തീക്ഷണ 23 റൺസിനും മതീശ പതിരണ 22 റൺസിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഒരു വശത്ത് മുറയ്ക്ക് വിക്കറ്റുകൾ വീഴുമ്പോഴും ഡൽഹി ക്യാപ്റ്റൻ ഡേവിഡ് വാർനർ മറുവശത്ത് ഉറച്ചു നിൽക്കുന്നുണ്ടായിരുന്നു. 58 പന്തിൽ ഏഴ് ഫോറും അഞ്ച് സിക്സും സഹിതം 86 റൺസെടുത്ത വാർനർ പത്തൊമ്പതാം ഓവറിലാണ് പുറത്തായത്. എന്നാൽ, വാർനറെ കൂടാതെ അക്ഷർ പട്ടേലും (15) യാഷ് ധുലും (13) മാത്രമാണ് രണ്ടക്കം കണ്ടത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com