
ബെംഗളൂരു: ഐപിഎല്ലിൽ ആര്‍സിബിക്കെതിരെ സിഎസ്‌കെയ്‌ക്ക് 8 റണ്‍സിന്‍റെ മിന്നും ജയം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അടിച്ചു കൂട്ടിയ 227 റണ്‍സ് വിജയലക്ഷ്യം ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫാഫ് ഡുപ്ലസി കൂട്ടുകെട്ടിൽ നിഷ്പ്രയാസം ജയിക്കും എന്ന് കരുതിയെങ്കിലും അവസാന ഓവറുകളില്‍ ചെന്നൈ ആർസിബിയുടെ മുനയൊടിച്ചു. മത്സരം പൂർത്തിയാകുമ്പോൾ ആർസിബിയെ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 218ൽ പിടിച്ചുകെട്ടി.
ത്രില്ലർ പോരാട്ടത്തിൽ ചെന്നൈ വരുത്തിവച്ച ഫീൽഡിങ് പിഴവിൽനിന്ന് രക്ഷപെട്ട ഫാഫ് ഡുപ്ലസിസ് പിന്നീടങ്ങോട്ട് കത്തികയറുകയായിരുന്നു.
ഇംപാക്‌ട് പ്ലെയറായി ഇറങ്ങിയ ആകാശ് സിംഗ് ആദ്യ ഓവറിൽ സ്റ്റാർ പ്ലേയർ വിരാട് കോലി(4 പന്തില്‍ 6) ബൗള്‍ഡായി. രണ്ടാം ഓവറിൽ തുഷാര്‍ ദേശ്‌പാണ്ഡെ ആർസിബിയുടെ മഹിപാല്‍ ലോററെ പുറത്താക്കി. പിന്നീട് ഇറങ്ങിയ മാക്‌സ്‌വെൽ ഫാഫ് ഡുപ്ലസിനെ കൂട്ടുപിടിച്ച് ചെന്നൈ ബൗളേഴ് എറിഞ്ഞ പന്തുകൾ തലങ്ങും വിലങ്ങും പായിച്ചു. ഇരുവരും ചേർന്ന് 126 റൺസിൻ്റെ പാർട്ണർഷിപ്പ് നേടി. മാക്‌സ്‌വെല്‍ 24 പന്തിൽ അര്‍ധസെഞ്ചുറി തികച്ചപ്പോൾ ഫാഫ് 23 ബോളിൽ അര്‍ധസെഞ്ചുറി തികച്ചു.
മാക്‌സ്‌വെല്‍ 36 പന്തില്‍ മൂന്ന് ഫോറും 8 സിക്‌സും സഹിതം 76 റണ്‍സെടുത്തപ്പോൾ ഫാഫ് 33 പന്തില്‍ അഞ്ച് ഫോറും 4 സിക്‌സുമടക്കം 62 റണ്‍സ് നേടി. 13-ാം ഓവറിൽ മഹീഷ് തീക്ഷണയുടെ പന്ത് മാക്‌സ്‌വെൽ ഉയർത്തിയടിച്ചെങ്കിലും ധോണി കൈകളിലൊതുക്കി. മൊയീന്‍ അലിയുടെ 14-ാം ഓവറിലെ അവസാന പന്തില്‍ ഫാഫ് ഡുപ്ലസിസും സമാന രീതിയില്‍ ധോണിയുടെ ക്യാച്ചില്‍ പുറത്തായി. ഇതോടെ ആർസിബിയുടെ സ്കോർ ബോർഡ് പതിഞ്ഞ താളത്തിലായി.
പിന്നീട് ഷഹ്‌ബാസ് അഹമ്മദും ദിനേശ് കാര്‍ത്തിക്കും സ്കോർ ബോർഡ് ചലിപ്പിക്കാൻ ശ്രമിച്ചെങ്കിലും 17-ാം ഓവറില്‍ തുഷാര്‍ ദേശ്‌പാണ്ഡെ ദിനേശ് കാര്‍ത്തിക്കിനെ (28) പുറത്താക്കി. തൊട്ടടുത്ത ഓവറിൽ ഷഹ്‌ബാസ് അഹമ്മദും (12) കീഴടങ്ങി. ഇതോടെ അവസാന രണ്ട് ഓവറില്‍ ബാംഗ്ലൂരിന് ജയിക്കാൻ 31 റണ്‍സ് ബാക്കി. 19-ാം ഓവറിലെ ആദ്യ പന്തില്‍ വെയ്‌ന്‍ പാര്‍നല്‍ പുറത്തായതോടെ വനിന്ദു ഹസരങ്കയും സുയാഷ് പ്രഭുദേശായിയും ചേർന്ന് ലക്ഷ്യം മറികടക്കാൻ പരിശ്രമിച്ചു. എന്നാൽ 8 റൺസകലെ കളിയവസാനിച്ചു. അവസാന പന്തിൽ പ്രഭുദേശായി ജഡേജയുടെ ക്യാച്ചില്‍ പുറത്താവുകയായിരുന്നു.
ചെന്നൈക്കായി തുഷാർ ദേശ്‌പാണ്ഡെ 3 വിക്കറ്റ് നേടിയപ്പോൾ പതിരാന 2 വിക്കറ്റും ആകാശ് സിംഗ്, മോയിൻ അലി, തീക്ഷണ എന്നിവർ ഓരോ വിക്കറ്റും നേടി. ചെന്നൈ ജയത്തോടെ അഞ്ച് മത്സരങ്ങളിൽ 3 വിജയവും 2 തോൽവിയുമടക്കം 6 പോയിന്റുമായി മൂന്നാം സ്ഥാനത്തും ആർസിബി അഞ്ച് മത്സരങ്ങളിൽ 2 വിജയവും 3 തോൽവിയുമടക്കം 4 പോയിന്റുമായി ഏഴാം സ്ഥാനത്താണുള്ളത്.
സതേൺ ഡെർബിയിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 226 റണ്‍സ് അടിച്ചുകൂട്ടി. ദേവോണ്‍ കോണ്‍വേ, ശിവം ദുബെ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവിലാണ് ചെന്നൈ കൂറ്റൻ സ്കോറിലെത്തിയത്. 45 പന്തില്‍ ആറ് സിക്‌സും ആറ് ബൗണ്ടറിയുമടക്കം 83 റണ്‍സെടുത്ത ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ശിവം ദുബെ 27 രണ്ട് ഫോറും അഞ്ച് സിക്‌സുമടക്കം പന്തില്‍ 52 നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് തുടക്കത്തിലേ പ്രഹരമേറ്റെങ്കിലും പിന്നീട് വന്നവരൊക്കെ അടിച്ചു തകർക്കുന്നതാണ് കണ്ടത്. ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടിയ റുതുരാജ് ഗെയ്ക്വാദിനെ ഇന്നിംഗ്സിലെ മൂന്നാം ഓവറില്‍ വെയ്‌ന്‍ പാര്‍നലിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജ് ചെന്നൈയെ ഞെട്ടിച്ചു. എന്നാൽ, പന്നീട് ക്രീസിലൊന്നിച്ച ദേവോണ്‍ കോണ്‍വേയും അജിങ്ക്യ രഹാനെയും പവര്‍പ്ലേയില്‍ സിഎസ്കെയെ 50 കടത്തി. മികച്ച ഫോം തുടര്‍ന്ന രഹാനെയെ എല്‍ബിയില്‍ കുരുക്കി പത്താം ഓവറില്‍ വനിന്ദു ഹസരങ്ക ആര്‍സിബിക്ക് ബ്രേക്ക് ത്രൂ നല്കുമ്പോള് ടീം സ്കോര്‍ 90ലെത്തിയിരുന്നു. രഹാനെ 20 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്ന 37 റണ്‍സ് നേടി. ഇതേ ഓവറില്‍ തന്റെ 32-ാം പന്തില്‍ കോണ്‍വേ ഫിഫ്റ്റി തികച്ചു.
പിന്നീടങ്ങോട്ട് കോണ്‍വേയും ശിവം ദുബെയും ആളിപ്പടരുന്നതാണ് കണ്ടത്. പവര്‍പ്ലേയിലെ രണ്ട് ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങിയെത്തിയ സിറാജിനെ 14-ാം ഓവറില്‍ ഇരുവരും പതിനാല് റണ്‍സടിച്ചു. ഇതോടെ ദോണ്വേ-ദുബെ സഖ്യം 50 റണ്‍സ് കൂട്ടുകെട്ട് പിന്നിട്ടു. വിജയകുമാര്‍ വൈശാഖിനെ കോണ്‍വേ കടന്നാക്രമിച്ചതോടെ 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 165-2 എന്ന ശക്തമായ സ്കോറിലെത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 16-ാം ഓവറില്‍ കോണ്‍വേയെ(45 പന്തില്‍ 83) ഹര്‍ഷല്‍ പട്ടേല്‍ ബൗള്‍ഡാക്കിയാണ് 80 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. 17-ാം ഓവറിലെ ആദ്യ ബോളില്‍ പാര്‍നലിനെ ഗ്യാലറിയില്‍ എത്തിച്ച് ദുബെ ഫിഫ്റ്റി 25 പന്തില്‍ പൂര്‍ത്തിയാക്കി. എന്നാല്‍ വീണ്ടും കൂറ്റനടിക്ക് ശ്രമിച്ച ദുബെ 27 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്സറും സഹിതം 52 റണ്‍സുമായി ബൗണ്ടറിയില്‍ സിറാജിന്റെ ക്യാച്ചില്‍ പുറത്തായി.