ചെന്നൈയിൻ സെൽവൻ; ധോണിപ്പടയ്ക്ക് അഞ്ചാം ഐപിഎൽ കിരീടം

മഴ മൂലം വെട്ടിച്ചുരുക്കിയെങ്കിലും അവസാന പന്ത് വരെ ആവേശം ചോരാത്ത ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സ് ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കിയത് അഞ്ച് വിക്കറ്റിന്.
ചെന്നൈയിൻ സെൽവൻ; ധോണിപ്പടയ്ക്ക് അഞ്ചാം ഐപിഎൽ കിരീടം

അഹമ്മദാബാദ്: ഐപിഎല്ലിൽ പത്താം ഫൈനൽ കളിച്ച ചെന്നൈ സൂപ്പർ കിങ്സ് അഞ്ചാം കിരീടം കൈപ്പിടിയിലൊതുക്കി. മഴ മൂലം വെട്ടിച്ചുരുക്കിയെങ്കിലും ആവേശം ഒട്ടും ചോരാത്ത ഫൈനൽ മത്സരത്തിൽ അവസാന പന്തിലാണ് ഫലം നിശ്ചയിക്കപ്പെട്ടത്. അവസാന രണ്ട് പന്തിൽ പത്ത് റൺസ് വേണ്ടപ്പോൾ മോഹിത് ശർമയെ സിക്സിനും ഫോറിനും പറത്തി രവീന്ദ്ര ജഡേജ ചെന്നൈയെ വിജയ കിരീടം ചൂടിക്കുകയായിരുന്നു. ഇതോടെ ഏറ്റവും കൂടുതൽ ഐപിഎൽ കിരീടമെന്ന മുംബൈ ഇന്ത്യൻസിന്‍റെ റെക്കോഡിനൊപ്പമെത്താനും ചെന്നൈക്കു സാധിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് നേടിയത്. ചെന്നൈ മൂന്നു പന്തിൽ നാലു റൺസെടുത്തു നിൽക്കെ മഴയെത്തിയതിനെത്തുടർന്ന് 15 ഓവറിൽ 171 റൺസായി വിജയലക്ഷ്യം പുനർനിശ്ചയിച്ചു. 15 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി അവർ ലക്ഷ്യവും നേടി. ജഡേജയും (6 പന്തിൽ 15) ശിവം ദുബെയും (21 പന്തിൽ 32) പുറത്താകാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്നെങ്കിലും പതിവുള്ള മികച്ച തുടക്കം തന്നെ ഗുജറാത്തിനു ലഭിച്ചു. ശുഭ്‌മാൻ ഗില്ലിന്‍റെ ക്യാച്ച് വിട്ടുകളഞ്ഞതടക്കം ഗുരുതരമായ ഫീൽഡിങ് വീഴ്ചകൾ ചെന്നൈയുടെ ഭാഗത്തുനിന്നുണ്ടായി. അതിനെയെല്ലാം മറികടക്കുന്ന ഒരു എം.എസ്. ധോണി ക്ലാസിക് സ്റ്റമ്പിങ്ങിൽ ഗിൽ (20 പന്തിൽ 39) പുറത്താകുമ്പോഴേക്കും ഗുജറാത്തിന്‍റെ സ്കോർ ഏഴോവറിൽ 67 റൺസിലെത്തിയിരുന്നു.

ഗില്ലിനെ പുറത്താക്കിയ രവീന്ദ്ര ജഡേജയ്ക്കു മതിയായ പിന്തുണ മറുവശത്തു നിന്നു കിട്ടാതെ വന്നതോടെ ചെന്നൈക്ക് വിക്കറ്റ് കിട്ടാക്കനിയായി. വൃദ്ധിമാൻ സാഹയും ഗില്ലിനു പകരം വന്ന സായ് സുദർശനും ക്രീസിൽ ഉറച്ചു നിന്നെങ്കിലും തുടക്കത്തിൽ റൺ റേറ്റ് നിലനിർത്താൻ ബുദ്ധിമുട്ടി. ഇതിന്‍റെ അമിത ആത്മവിശ്വാസം ചെന്നൈ ബൗളർമാരെ ബാധിച്ചു തുടങ്ങിയപ്പോഴേക്കും സുദർശൻ ടോപ് ഗിയറിലേക്കു മാറിക്കഴിഞ്ഞിരുന്നു.

ടൂർണമെന്‍റിലെ തന്‍റെ രണ്ടാം അർധ സെഞ്ചുറി (39 പന്തിൽ 54) കണ്ടെത്തിയതിനു പിന്നാലെ സാഹ പുറത്തായെങ്കിലും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് സായ് സുദർശൻ വെടിക്കെട്ട് തുടങ്ങി. ഒരു ഘട്ടത്തിൽ നൂറിൽ താഴെ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തിരുന്ന സായിയുടെ ബാറ്റിൽനിന്ന് നാൽപ്പതിനോടടുത്തതോടെ റൺ പ്രവഹിച്ചു തുടങ്ങി. ക്രീസിന്‍റെ ആഴവും പരപ്പും പരമാവധി ഉപയോഗപ്പെടുത്തിയ സായ് ഫീൽഡ് പ്ലേസ്‌മെന്‍റുകൾ അതി വിദഗ്ധമായി അതിജീവിച്ച് ബൗണ്ടറികൾ കണ്ടെത്തിക്കൊണ്ടിരുന്നു.

47 പന്തിൽ എട്ട് ഫോറും ആറു സിക്സും സഹിതം 96 റൺസെടുത്ത സായ് ഇന്നിങ്‌സിലെ അവസാന ഓവറിലാണ് പുറത്തായത്. ഹാർദിക് 12 പന്തിൽ 21 റൺസെടുത്ത് പുറത്താകാതെ നിന്നു. റാഷിദ് ഖാനാണ് (2 പന്തിൽ 0) പുറത്തായ നാലാമത്തെ ബാറ്റ്‌സ്‌മാൻ.

മഴ കാരണം മുടങ്ങിയ ശേഷം അർധരാത്രിയും കഴിഞ്ഞാണ് മത്സരം പുനരാരംഭിക്കുന്നത്. ഋതുരാജ് ഗെയ്‌ക്ക്‌വാദും ഡെവൺ കോൺവെയും ചേർന്ന് തകർപ്പൻ തുടക്കം തന്നെ ചെന്നൈക്കും നൽകി. എന്നാൽ, അഫ്ഗാനിസ്ഥാൻ സ്പിന്നർ നൂർ അഹമ്മദ് എറിഞ്ഞ ഏഴാം ഓവറിൽ കളി മാറി. 6.3 ഓവറിൽ ഗെയ്‌ക്ക്‌വാദ് (16 പന്തിൽ 26) പുറത്താകുമ്പോൾ സ്കോർ 74 എത്തിയിരുന്നു. ഓവറിലെ അവസാന പന്തിൽ കോൺവെയും (25 പന്തിൽ 47) പുറത്തായതോടെ അവർ പരുങ്ങലിലായി.

പ്രത്യാക്രമണത്തിനു മുതിർന്ന അജിങ്ക്യ രഹാനെയെ (13 പന്തിൽ 27) മോഹിത് ശർമയും പുറത്താക്കുമ്പോൾ മറ്റേയറ്റത്ത് ശിവം ദുബെ താളം കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു. റാഷിദ് ഖാന്‍റെ ഒരോവറിൽ രണ്ടു സിക്സുമായി ദുബെ ഫോമിലെത്തിയെന്നു തോന്നിച്ചതിനു പിന്നാലെ മോഹിത് ശർമയുടെ ഒരോവറിൽ രണ്ടു സിക്സും ഒരു ഫോറുമായി അമ്പാടി റായുഡു ചെന്നൈക്കു വീണ്ടും പ്രതീക്ഷ നൽകി. ഐപിഎല്ലിൽ ഇതു തന്‍റെ അവസാന മത്സരമായിരിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന റായുഡു അതേ ഓവറിൽ പുറത്തായതോടെ (8 പന്തിൽ 19) രവീന്ദ്ര ജഡേജയ്ക്കും മൊയീൻ അലിക്കും മുൻപേ ക്യാപ്റ്റന്‍ ധോണി ക്രീസിലേക്ക്. പക്ഷേ, ആദ്യ പന്തിൽ തന്നെ പുറത്ത്. ആർത്തിരമ്പിയ സ്റ്റേഡിയം ശോകമൂകം.

ദുബെയും ജഡേജയും ചേർന്ന് തട്ടിമുട്ടി സ്കോർ ബോർഡ് ചലിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ചെന്നൈയുടെ കടുത്ത ആരാധകർക്കു പോലും പ്രതീക്ഷ മങ്ങി. എങ്കിലും അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് പതിമൂന്ന് റൺസ് മാത്രം. ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പന്തേൽപ്പിക്കുന്നത് ടൂർണമെന്‍റിലെ തന്നെ ഏറ്റവും മികച്ച ഡെത്ത് ബൗളർമാരിലൊരാളായ മോഹിത് ശർമയെ.

ആദ്യ നാലു പന്തിൽ പിറന്നത് മൂന്നു റൺസ് മാത്രം. അഞ്ചാം പന്ത് രവീന്ദ്ര ജഡേജ ബൗളറുടെ തലയ്ക്കു മുകളിലൂടെ ഗ്യാലറിയിലെത്തിച്ചു. ജയിക്കാൻ അവസാന പന്തിൽ നാലു റൺ. ഷോർട്ട് ഫൈൻ ലെഗ് ഫീൽഡറെ മറികടന്ന് ജഡേജയുടെ ഷോട്ട് ബൗണ്ടറിയിലേക്ക്. ആവേശോജ്വലമായ വിജയം ചെന്നൈക്കു സ്വന്തം. പതിവ് നിസംഗതയെ മറയ്ക്കുന്ന വിഷാദവുമായി ഡഗ് ഔട്ടിൽ തല കുനിച്ചിരുന്ന ചെന്നൈയിൻ സെൽവൻ മഹേന്ദ്ര സിങ് ധോണി അപ്പോഴും അമിതാഹ്ളാദമില്ലാതെ പുഞ്ചിരിച്ചു....

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com