മുംബൈയെ മുക്കി കില്ലർ ഗിൽ: ഗുജറാത്ത് ഫൈനലിൽ

ഇഷാൻ കിഷന് പകരം ഓപ്പണിംഗ് ബാറ്റിംഗിനിറങ്ങിയ വധേരയെ ആദ്യ ഓവറിൽ പുറത്താക്കിയ ഷമി മൂന്നാം ഓവറിൽ നായകൻ രോഹിത് ശർമയേയും പുറത്താക്കി. ഇത് മുംബൈക്ക് കനത്ത തിരിച്ചടിയായി
മുംബൈയെ മുക്കി കില്ലർ ഗിൽ: ഗുജറാത്ത് ഫൈനലിൽ

അഹമ്മദാബാദ്: മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ. ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ശുഭ്മാൻ ഗില്ലിൻ്റെ സെഞ്ചറിക്കരുത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് 62 റൺസിനാണ് വിജയിച്ചത്. ഗുജറാത്ത് ഉയർത്തിയ 234 കൂറ്റൻ വിജയ ലക്ഷ്യം മുംബൈ 18.2 ഓവറിൽ 171 റൺസിന് ഓൾഔട്ടാവുകയായിരുന്നു. സൂര്യകുമാറിൻ്റെ(38 പന്തിൽ 61) അർദ്ധ സെഞ്ചുറി പ്രകടനം പാഴായി. ഞായറാഴ്‌ച ഫൈനലിൽ ഗുജറാത്ത് ചെന്നൈ സൂപ്പർ കിങ്‌സിനെ നേരിടും.

ഇഷാൻ കിഷന് പകരം ഓപ്പണിംഗ് ബാറ്റിംഗിനിറങ്ങിയ വധേരയെ ആദ്യ ഓവറിൽ പുറത്താക്കിയ ഷമി മൂന്നാം ഓവറിൽ നായകൻ രോഹിത് ശർമയേയും പുറത്താക്കി. ഇത് മുംബൈക്ക് കനത്ത തിരിച്ചടിയായി.

14 പന്തിൽ 43 റൺസെടുത്ത തിലക് വർമയുടെ പ്രകടനം മുംബൈ ആരാധകർക്ക് പ്രതീക്ഷ നൽകിയെങ്കിലും ആ പ്രതീക്ഷകൾക്ക് ആയുസ് കുറവായിരുന്നു. റാഷിദ് ഖാൻ്റെ പന്തിൽ ബൗൾഡ് ആവുകയായിരുന്നു. ഒരു വശത്ത് വിക്കറ്റുകൾ നഷ്ടമാകുമ്പോൾ മറുവശത്ത് സൂര്യകുമാർ സ്കോർ ബോർഡിന് വേഗം കൂട്ടികൊണ്ടിരുന്നു. എന്നാൽ 15-ാം ഓവറിൽ കൂറ്റൻ അടിക്ക് ശ്രമിച്ച സൂര്യകുമാറിനെ മോഹിത് ബൗൾഡാക്കി.

കാമറൂൺ ഗ്രീൻ (20 പന്തിൽ 30) പൊരുതിയെങ്കിലും ജോഷുവ ലിറ്റിലിൻ്റെ പന്തിൽ ബൗൾഡായി. വിഷ്‌ണു വിനോദ് (7 പന്തിൽ 5), ടിം ഡേവിഡ് (3 പന്തിൽ 2), ക്രിസ് ജോർദൻ (5 പന്തിൽ 2) പിയുഷ് ചൗള (2 പന്തിൽ 0) എന്നിവർ നിരാശരാക്കി.

ഗുജറാത്തിനായി മോഹിത് ശർമ 5 വിക്കറ്റ് നേടി. ഷമിയും റാഷിദ് ഖാനും 2 വിക്കറ്റ് വീതവും നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് പതിയെ തുടങ്ങിയെങ്കിലും പിന്നീടങ്ങോട്ട് മുംബൈ ബൗളർമാരെ പഞ്ഞിക്കിടുന്ന കാഴ്ചയാണ്‌ ഗ്രൗണ്ടിൽ കണ്ടത്. ഫീൽഡിങ് തിരഞ്ഞെടുത്ത മുംബൈയുടെ തീരുമാനം തെറ്റായി പോയി എന്നും തോന്നിക്കുംവിധമാണ് ഗുജറാത്ത് തകർത്തടിച്ചത്.

പവർപ്ലേ ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 50 റൺസെന്ന നിലയിലായിരുന്നു ഗുജറാത്ത്. വൃദ്ധിമാൻ സാഹയും ഗില്ലും ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 54 റൺസ് നേടി. ഏഴാം ഓവറിൽ പിയുഷ് ചൗളയുടെ പന്തിൽ സാഹ പുറത്തായി. പിന്നീട് ക്രീസിലെത്തിയ സായ് സുദര്‍ശന്‍ (31 പന്തില്‍ 43) ഗില്ലിന് മികച്ച പിന്തുണ നൽകി. മറുവശത്ത് ഗിൽ പന്തുകൾ ബൗണ്ടറി പായിച്ചുകൊണ്ടിരുന്നു. ഇരുവരും ചേർന്ന് 138 റണ്‍സിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തു.

15-ാം ഓവറില്‍ ഗില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം പിന്നീടങ്ങോട്ട് അറ്റാക്കിങ് വേഗത കൂട്ടിയ ഗില്ലിനെ തടുത്തു നിർത്താൻ മുംബൈ ബൗളർമാർക്ക് കഴിഞ്ഞില്ല. സ്കോർ ബോർഡ് 192ൽ നിൽക്കെ 17-ാം ഓവറിൻ്റെ അവസാന അഞ്ചാം പന്തിൽ ആകാശ് മധ്‌വാൾ ഗില്ലിനെ പുറത്താക്കി മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. ഗിൽ പുറത്താകുമ്പോൾ 10 സിക്‌സും ഏഴ് ഫോറുമടക്കം 60 പന്തിൽ 129 റൺസ് അകൗണ്ടിൽ. ഗില്ലിന് ശേഷം എത്തിയ ഹർദിക് പാണ്ട്യ (13 പന്തില്‍ 28) സ്കോർ ബോർഡ് വേഗത്തിൽ ചലിപ്പിച്ചു. 43ൽ നിൽക്കെ സായ് സുദര്‍ശന്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി പവലിയനിലേക്ക് മടങ്ങി. റാഷിദ് ഖാന്‍ (5) പുറത്താവാതെ നിന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com