ഐപിഎൽ: ചെന്നൈ ഫൈനലിൽ

ആദ്യ ക്വാളിഫയറിൽ പരാജയപ്പെട്ട ഗുജറാത്ത് ടൈറ്റൻസിന് ഒരവസരം കൂടി
ഐപിഎൽ: ചെന്നൈ ഫൈനലിൽ

ചെന്നൈ: ഐപിഎല്ലിന്‍റെ പതിനാറാം സീസൺ ഫൈനലിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പർ കിങ്സ്. ചൊവ്വാഴ്ച നടന്ന ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ 15 റൺസിനു പരാജയപ്പെടുത്തിയാണ് ചെന്നൈയുടെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി 172 റൺസെടുത്തപ്പോൾ ഗുജറാത്ത് ടൈറ്റൻസ് ഇരുപതാം ഓവറിലെ അവസാന പന്തിൽ 157 റൺസിന് ഓൾഔട്ടായി.

ഇനി മുംബൈ ഇന്ത്യൻസ് - ലഖ്നൗ സൂപ്പർ ജയന്‍റ്സ് എലിമിനേറ്റർ മത്സരത്തിൽ ജയിക്കുന്ന ടീമുമായി ഗുജറാത്തിന് ഒരു മത്സരം കൂടി ലഭിക്കും. ഇതിൽ ജയിക്കുന്നവരായിരിക്കും ഫൈനലിൽ ചെന്നൈയെ നേരിടുക.

ഋതുരാജ് ഗെയ്‌ക്ക്‌വാദും ഡെവൺ കോൺവെയും ചേർന്ന് ചെന്നൈക്ക് ഒരിക്കൽക്കൂടി മികച്ച തുടക്കമാണു നൽകിയത്. 10.3 ഓവറിൽ ഇവർ 87 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, 44 പന്തിൽ 60 റൺസെടുത്ത ഗെയ്‌ക്ക്‌വാദ് പുറത്തായ ശേഷം തുടരെ വിക്കറ്റുകൾ വീണത് അവരുടെ റൺ നിരക്കിനെ ബാധിച്ചു.

ശിവം ദുബെയ്ക്കും (1) അജിങ്ക്യ രഹാനെയ്ക്കും (17) പിന്നാലെ കോൺവെയും (40) മടങ്ങിയതോടെ തകർച്ചയായി. പിന്നീട് അമ്പാടി റായുഡുവും (17) രവീന്ദ്ര ജഡേജയും (22) കാഴ്ചവച്ച കാമിയോകളുടെ ബലത്തിൽ ഭേദപ്പെട്ട സ്കോറിലെത്തുകയായിരുന്നു ചെന്നൈ.

ഗുജറാത്തിനു വേണ്ടി 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ മുഹമ്മദ് ഷമി ഒരിക്കൽക്കൂടി തിളങ്ങി.

മറുപടി ബാറ്റിങ്ങിൽ ഗുജറാത്തിന്‍റെ തുടക്കം മെല്ലെയായിരുന്നു. മൂന്നാം ഓവറിൽ വൃദ്ധിമാൻ സാഹയെയും (12) ആറാം ഓവറിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെയും (8) നഷ്ടപ്പെട്ടതോടെ ഇൻഫോം ഓപ്പണർ ശുഭ്‌മാൻ ഗിൽ പ്രതിരോധത്തിലേക്കു വലിയാൻ നിർബന്ധിതനായി. ദാസുൻ ശനകയും (17) ഡേവിഡ് മില്ലറും (4) കൂടി നിരാശപ്പെടുത്തിയതോടെ പതിവുള്ള ഒരു ലോവർ മിഡിൽ ഓർഡർ വെടിക്കെട്ടിൽ മാത്രമായി പ്രതീക്ഷ.

എന്നാൽ, വിജയ് ശങ്കറും (14) രാഹുൽ തെവാത്തിയയും (3) ചെന്നൈ ഫീൽഡർമാരെ അധികം ബുദ്ധിമുട്ടിച്ചില്ല. റാഷിദ് ഖാന്‍റെ (16 പന്തിൽ 30) പ്രത്യാക്രമണം മത്സരഫലത്തിൽ സ്വാധീനം ചെലുത്താൻ പര്യാപ്തവുമായില്ല.

നാലോവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ചെന്നൈ ബൗളർമാരിൽ ഏറ്റവും മികവ് കാട്ടിയത്. ദീപക് ചഹറും മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com