
ഇൻഡോർ: ഇന്ത്യക്കായി ഒരിക്കല്‍ക്കൂടി ബൗളിംഗ് ഓപ്പണ്‍ ചെയ്ത് സ്പിന്‍ ബൗളര്‍മാര്‍. സ്പിന്നര്‍മാരായ അശ്വിനും ജഡേജയുമായിരുന്നു ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്കായി ബൗളിങ് ഓപ്പണ്‍ ചെയ്തത്. 2012-13 സീസണില്‍ ഇംഗ്ലണ്ടിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കായി അശ്വിനും പ്രജ്ഞാന് ഓജയും ബൗളിംഗ് ഓപ്പണ്‍ ചെയ്തിരുന്നു. അതിനുശേഷം പേസ് കരുത്തില്‍ ഇന്ത്യ ഏറെ വളര്‍ന്നു. ഷമിയും ബുമ്രയും ഉമേഷും സിറാജുമെല്ലാം എതിരാളികളെ പേസ് കൊണ്ട് വിറപ്പിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ സ്പിന്നര്‍മാരെക്കൊണ്ട് ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്ന കാര്യം തന്നെ മറന്നുപോയി.
എന്നാല്‍ ഇന്‍ഡോറിലെ സ്പിന്‍ പിച്ചില്‍ ഓസീസ് സ്പിന്നര്‍മാരുടെ വിളയാട്ടം കണ്ട രോഹിത് ഇത്തവണ അശ്വിനെയും ജഡേജയെയും ബൗളിംഗ് ഓപ്പണ്‍ ചെയ്യിക്കുകയായിരുന്നു. തുടക്കത്തില്‍ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് വീഴ്ത്തി ജഡേജ രോഹിത്തിന്റെ തീരുമാനത്തെ ന്യായീകരിച്ചെങ്കിലും പിന്നീട് മാര്‍നസ് ലാബുഷെയ്നും ഉസ്മാന് ഖവാജയും പിടിച്ചു നിന്നതോടെ ലഞ്ചിനുശേഷമുള്ള സെഷനില്‍ ഓസ്ട്രേലിയ ആധിപത്യം നേടി. ഇന്നലെ നിലം പതിച്ച ഓസ്ട്രേലിയയുടെ എല്ലാ വിക്കറ്റുകളും നേടിയത് ജഡേജയായിരുന്നു.
1963-64ല്‍ ഇംഗ്ലണ്ടിനെതിരെ കാണ്‍പൂരില്‍ എം എല്‍ ജയസിംഹയും സലീം ദുറാനിയുമാണ് ഇന്ത്യക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത ആദ്യസ്പിന് ജോഡികള്‍. പിന്നീട് 2012-2013ല്‍ അശ്വിനും ഓജയും ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്നതുവരെ ഈ റെക്കോര്‍ഡ് തകര്‍ന്നിരുന്നില്ല. ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി ഇന്ത്യ 109 റണ്‍സിന് ഓള് ഔട്ടായപ്പോള്‍ പിച്ച് ആയിരുന്നു ചര്‍ച്ചാവിഷയം. ടെസ്റ്റിന്റെ ആദ്യ സെഷനില്‍ അസാധരണമായി പന്ത് കുത്തിത്തിരിയുന്ന പിച്ച് ഓസ്ട്രേലിയക്കാര്‍ മാത്രമല്ല, ഇന്ത്യന്‍ ബാറ്റര്‍മാര്‍ പോലും അമ്പരന്നു. ഏഴാം ഓവറില്‍ സ്പിന്നറെ പന്തേല്‍പ്പിക്കാനുള്ള ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ തീരുമാനമാണ് കളിയിലെ വഴിത്തിരിവായത്.