
ദുബായ്: ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിങ്ങില്‍ ഇംഗ്ലണ്ടിന്റെ ഇതിഹാസ ബൗളറും നാല്‍പതുകാരനുമായ ജെയിംസ് ആന്ഡേഴ്സണ് ഒന്നാമത്.
ഓസ്ട്രേലിയന്‍ നായകന് പാറ്റ് കമിന്‍സിന് ഒന്നാം റാങ്ക് നഷ്ടമായി. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ മിന്നുന്ന പ്രകടനമാണ് 40കാരനായ ആന്‍ഡേഴ്സണെ വീണ്ടും ഒന്നാമതെത്തിച്ചത്. രണ്ടാം റാങ്കിലുണ്ടായിരുന്ന അശ്വിന് ഒന്നാം സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ റാങ്കിംഗിലും അശ്വിന് രണ്ടാം സ്ഥാനത്ത് തുടരുന്നു.
റാങ്കിംഗില്‍ ഒന്നാമതെത്തിയ ആന്ഡേഴ്സണ് ഒപ്പും പുതിയ ചരിത്രവും കുറിച്ചു. 87 വര്‍ഷത്തിനിടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ ബൗളറെന്ന നേട്ടമാണ് 40 വയസുും 207 ദിവസവും പ്രായമുള്ള ആന്ഡേഴ്സണ് ഇന്ന് സ്വന്തമാക്കിയത്. 1936ല്‍ ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ക്ലാരി ഗ്രിമ്മെറ്റിന് ശേഷം ഈ നേട്ടത്തിലെത്തുന്ന പ്രായം കൂടിയ താരമാണ് ആന്ഡേഴ്സണ്.
കഴിഞ്ഞ 21 വര്‍ഷവും, അതായത് 2003 മുതല്‍ ഓരോ വര്‍ഷവും ടെസ്റ്റ് ക്രിക്കറ്റില്‍ കുറഞ്ഞത് ഒരു വിക്കറ്റെങ്കിലും ആന്ഡേഴ്സണ് നേടിയിട്ടുണ്ട്. ഇതുവരെ 682 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തം പേരില്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇത് ആറാം തവണയാണ് ടെസ്റ്റ് റാങ്കിങ്ങില്‍ ആന്ഡേഴ്സണ് ഒന്നാമതെത്തുന്നത്.
ആന്ഡേഴ്സണ് 35 വയസ് തികിച്ചതിനു ശേഷം മാത്രം 53 ടെസ്റ്റുകളില്‍നിന്ന് 202 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 37 വയസ് പൂര്‍്ത്തിയായ ശേഷം 100 വിക്കറ്റുകളും സ്വന്തമാക്കി. ന്യൂസിലന്‍ഡിനെതിരായ കഴിഞ്ഞ ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ആദ്യ ഇന്നിങ്സില്‍ മൂന്നും രണ്ടാം ഇന്നിങ്സില്‍ നാലും വിക്കറ്റുകള്‍ ആന്ഡേഴ്സണ് സ്വന്താമാക്കി.
2003ല്‍ സിംബാബ്വെക്കതിരെ ടെസ്റ്റില്‍ അരങ്ങേറിയ ആന്ഡേഴ്സണ് ഇത് ആറാം തവണയാണ് ബൗളര്‍മാരിലെ ഒന്നാമനാവുന്നത്. 20 വര്‍ഷം നീണ്ട കരിയറില്‍ 178 ടെസ്റ്റുകളില്‍ കളിച്ച ആന്ഡേഴ്സണ് 682 വിക്കറ്റുമായി ടെസ്റ്റിലെ വിക്കറ്റ് വേട്ടയില്‍ മൂന്നാമതാണ്. ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന് വോണ്‍(708), ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്(800) എന്നിവര്‍ മാത്രമാണ് ആന്ഡേഴ്സണ് മുന്നിലുള്ളത്. 2016ലാണ് ആന്ഡേഴ്സണ് ഐസിസി റാങ്കിംഗില്‍ ഒന്നാമനായത്. 2018ല്‍ അഞ്ച് മാസത്തോളം ഒന്നാം സ്ഥാനത്ത് തുടര്‍ന്നശേഷം ഇതാദ്യമായാണ് വീണ്ടും ഒന്നാമതെത്തുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ ഏഴ് വിക്കറ്റെടുത്തതോടെ കരിയറില്‍ ആദ്യമായി ആന്ഡേഴ്സണ് ബൗളിംഗ് ശരാശരി 26ല്‍ താഴെ എത്തിച്ചിരുന്നു. 2017ല്‍ 35-ാം വയസിലെത്തിയശേഷം കളിച്ച 56 ടെസ്റ്റുകളില്‍ 202 വിക്കറ്റുകളാണ് ആന്ഡേഴ്സണ് വീഴ്ത്തിയത്. ശരാശരിയാകട്ടെ 20.56. ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡും തമ്മിലുള്ള ബൗളിംഗ് കൂട്ടുകെട്ട് ടെസ്റ്റില്‍ 1000 വിക്കറ്റ് നേട്ടവും കഴിഞ്ഞ ടെസ്റ്റില്‍ പിന്നിട്ടിരുന്നു.
അഞ്ച് വര്‍ഷത്തിനുശേഷമാണ് കമിന്‍സിന് ബൗളര്‍മാരിലെ ഒന്നാം സ്ഥാനം നഷ്ടമാവുന്നത്. കൃത്യമായി പറഞ്ഞാല്‍ 1466 ദിവസങ്ങള്‍ക്കു ശേഷം.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും നിറം മങ്ങിയതാണ് കമിന്‍സിന് തിരിച്ചടിയായത്. 20 വര്‍ഷം നീണ്ട കരിയറില്‍ ഇത് ആറാം തവണയാണ് ആന്ഡേഴ്സണ് ഒന്നാം സ്ഥാനത്തെത്തുന്നത്. 2016ലാണ് സഹതാരം സ്റ്റുവര്‍ട്ട് ബ്രോഡിനെ പിന്തള്ളി ആന്ഡേഴ്സണ് ആദ്യം ഒന്നാമതെത്തിയത്. 866 റേറ്റിംഗ് പോയന്റുള്ള ആന്ഡേഴ്സണ് തൊട്ടുപിന്നില്‍ 864 പോയന്റാണ് അശ്വിനുള്ളത്. ഓസ്ട്രേലിയക്കെതിരെ ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ തിളങ്ങിയാല്‍ അശ്വിന് ഒന്നാം സ്ഥാനത്തെത്താനാവും.
പുതിയ റാങ്കിംഗില്‍ 858 റേറ്റിംഗ് പോയന്റുമായി കമിന്‍സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ആറ് സ്ഥാനം മെച്ചപ്പെടുത്തി രവീന്ദ്ര ജഡേജ ഒമ്പതാം സ്ഥാനത്തെത്തി. ജസ്പ്രീത് ബുമ്ര അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും കളിയിലെ താരമായത് ജഡേജയായിരുന്നു. ജഡേജ തന്നെയാണ് ഓള് റൗണ്ടര്‍മാരിലും ഒന്നാമത്. ഓള് റൗണ്ടര്‍മാരില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ അക്സര്‍ പട്ടേല്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ബൗളിംഗ് റാങ്കിംഗില്‍ നേഥന്‍ ലിയോണ്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിനാറാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ മാറ്റമില്ല. റിഷഭ് പന്ത് ആറാം സ്ഥാനത്തും രോഹിത് ശര്‍മ ഏഴാമതുമാണ്. ചേതേശ്വര്‍ പൂജാര ഒരു സ്ഥാനം ഉയര്‍ന്ന് 25-ാമതും വിരാട് കോലി പതിനാറാമതുമാണ്. മാര്‍നസ് ലാബുഷെയ്നും സ്റ്റീവ് സ്മിത്തും തന്നെയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.