

ഐപിഎല്ലിൽ കന്നി അർധ സെഞ്ചുറി കുറിച്ച ചെന്നൈ സൂപ്പർ കിങ്സ് താരം കാർത്തിക് ശർമ.
ചെന്നൈ: ഐപിഎൽ ഹോം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് തോറ്റ മുംബൈ ഇന്ത്യൻസിന് എവേ മത്സരത്തിലും പകരം വീട്ടാനായില്ല. രണ്ടാം വട്ടവും ചെന്നൈയോടു തോറ്റതോടെ, ഒമ്പത് മത്സരങ്ങളിൽ രണ്ടു ജയവുമായി പോയിന്‍റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണവർ. മുൻ ചാംപ്യൻമാർ പ്ലേ ഓഫ് കാണാതെ പുറത്താകാനുള്ള സാധ്യത ഇതോടെ ശക്തമായി.
അതോസമയം, മുംബൈക്കെതിരായ എട്ട് വിക്കറ്റ് വിജയത്തോടെ ചെന്നൈ പോയിന്‍റ് ആറാം സ്ഥാനത്തേക്ക് ഉയർന്നു. ഒമ്പത് മത്സരങ്ങളിൽ നാലാം ജയമാണ് ചെന്നൈ കണ്ടെത്തിയത്.
നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ ഇന്ത‍്യൻസിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 18.1 ഓവറിൽ ചെന്നൈ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം നേടി. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്‌വാദും (48 പന്തിൽ 67) യുവതാരം കാർത്തിക് ശർമയും (40 പന്തിൽ 54) അർധ സെഞ്ചുറികളുമായി പുറത്താകാതെ നിന്നു. സഞ്ജു സാംസൺ (11) മാത്രമാണ് ചെന്നൈ ആരാധകരെ നിരാശപ്പെടുത്തിയത്. സഞ്ജുവിനെ കൂടാതെ ഉർവിൽ പട്ടേലിന്‍റെ (12 പന്തിൽ 24) വിക്കറ്റാണ് ചെന്നൈക്കു നഷ്ടമായത്.
37 പന്തിൽ 4 ബൗണ്ടറിയും 3 സിക്സും അടക്കം 57 റൺസടിച്ച നമൻ ധിറാണ് മുംബൈയുടെ ടോപ് സ്കോറർ. ഓപ്പണർ റിയാൻ റിക്കിൾടൺ 24 പന്തിൽ 37 റൺസെടുത്ത് പുറത്തായി. ദീർഘ നാളായി ഫോം വീണ്ടെടുക്കാനാകാത്ത മുംബൈ ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവ് ഇത്തവണ 12 പന്തിൽ 21 റൺസ് നേടി തിരിച്ചുവരവിന്‍റെ പ്രതീക്ഷ നൽകി.
തിലക് വർമയ്ക്കും ഹാർദിക് പാണ്ഡ‍്യയ്ക്കും തിളങ്ങാനായില്ല. തിലക് 8 പന്തിൽ നിന്നും 5 റൺസെടുത്ത് മടങ്ങിയപ്പോൾ ഹാർദിക് 23 പന്തിൽ 18 റൺസെടുത്ത് പുറത്താവാതെ നിന്നു.
ചെന്നൈയ്ക്കു വേണ്ടി അൻഷുൽ കാംഭോജ് മൂന്നു വിക്കറ്റ് വീഴ്ത്തിയ, പർപ്പിൾ ക്യാപ്പ് പോരാട്ടത്തിൽ ഭുവനേശ്വർ കുമാറിനെ മറികടന്നു. നൂർ അഹമ്മദ് രണ്ടും ഐപിഎല്ലിൽ കന്നി മത്സരം കളിച്ച രാമകൃഷ്ണ ഘോഷ് ഒരു വിക്കറ്റും വീഴ്ത്തി. പേസർ ജാമി ഓവർടണും ഒരു വിക്കറ്റ് വീഴ്ത്തി.
മത്സരത്തിൽ നിന്ന്
ആദ‍്യം ബാറ്റ് ചെയ്ത മുംബൈ പവർപ്ലേ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റൺസാണു നേടിയത്. ഇതിനിടെ റിക്കിൾട്ടിന്‍റെ അഞ്ചെണ്ണം അടക്കം ഏഴു സിക്സറുകൾ വന്നെങ്കിൽ 19 പന്ത് ഡോട്ട് ബോളായത് മുംബൈയുടെ സ്കോറിങ് നിരക്ക് പിടിച്ചു നിർത്തി.
രണ്ടാം വിക്കറ്റിൽ നമാൻ ധിർ റിക്കിൾടൺ സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിലാണ് റൺസ് ഉയർന്നത്. എന്നാൽ പിന്നീട് വിക്കറ്റുകൾ നഷ്ടമായതും മധ‍്യനിരയിലിറങ്ങിയ താരങ്ങൾക്ക് റൺസ് കണ്ടെത്താൻ സാധിക്കാതെ വന്നതുമാണ് മുംബൈയ്ക്ക് തിരിച്ചടിയായത്.
ഹിറ്റർമാരുടെ അഭാവം മുംബൈ ടീമിൽ ഉടനീളം പ്രകടമാണ്. കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് ഒരു മാറ്റവുമായാണ് മുംബൈ ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്. അശ്വിനി കുമാറിനു പകരം കൃഷ് ഭഗതിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്.
അതേസമയം, ചെന്നൈ ഗുർജൻപ്രീത് സിംഗിന് പകരം രാമകൃഷ്ണ ഘോഷ് അരങ്ങേറ്റം കുറിച്ചു. മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തിൽ വിജയശിൽപ്പിയായ സ്പിന്നർ അക്കീൽ ഹുസൈനു പകരം പ്രശാന്ത് വീറിനെയാണ് കളിപ്പിച്ചത്.
മറുപടി ബാറ്റിങ്ങിൽ സഞ്ജുവിനെ (11) വേഗത്തിൽ നഷ്ടമായെങ്കിലും ഗെയ്ക്ക്‌വാദും ഉർവിൽ പട്ടേലും ചേർന്ന് റൺ റേറ്റ് ഉയർത്തി. ഉർവിൽ മടങ്ങിയ ശേഷം കാർത്തിക്കിനെ കൂട്ടുപിടിച്ച് ഗെയ്ക്ക്‌വാദ് ശാന്തമായി ടീമിന്‍റെ വിജയം പൂർത്തിയാക്കുകയായിരുന്നു.