പ്രഭ്‌സിമ്രനു സെഞ്ചുറി; പഞ്ചാബിനു ജയം

പഞ്ചാബ് കിങ്സ് 20 ഓവറിൽ 167/7, ഡൽഹി ക്യാപ്പിറ്റൽസ് 20 ഓവറിൽ 136/8
പ്രഭ്‌സിമ്രനു സെഞ്ചുറി; പഞ്ചാബിനു ജയം

ന്യൂഡൽഹി: പ്ലേഓഫിൽ കടക്കാൻ സാധ്യത മങ്ങിയ രണ്ടു ടീമുകൾ തമ്മിലുള്ള ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ കീഴടക്കി പഞ്ചാബ് കിങ്സ്. 31 റൺസിനാണ് പഞ്ചാബിന്‍റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് മാത്രമാണ് നേടാനായത്. ഇതിൽ 103 റൺസും നേടിയത് ഓപ്പണർ പ്രഭ്‌സിമ്രൻ സിങ്. 65 പന്തിൽ പത്ത് ഫോറും ആറു സിക്സും ഉൾപ്പെട്ട ഇന്നിങ്സ്. എന്നാൽ, മറുവശത്ത് പിന്തുണ കൊടുക്കാൻ ആരുമുണ്ടായില്ല. 24 പന്തിൽ 20 റൺസെടുത്ത സാം കറന്‍റെ പേരിലാണ് രണ്ടാമത്തെ ഉയർന്ന സ്കോർ!

അക്ഷർ പട്ടേലും പ്രവീൺ ദുബെയും ചേർന്നാണ് മധ്യ ഓവറുകളിൽ പഞ്ചാബിന്‍റെ റൺ നിരക്ക് പിടിച്ചുനിർത്തിയത്. ഇരുവരും ഓരോ വിക്കറ്റും നേടി. 27 റൺസിന് രണ്ട് വിക്കറ്റെടുത്ത വെറ്ററൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ ഒരിക്കൽക്കൂടി കരുത്ത് കാട്ടി.

മറുപടി ബാറ്റിങ്ങിൽ ഡേവിഡ് വാർനർ - ഫിൽ സോൾട്ട് ഓപ്പണിങ് സഖ്യം മികച്ച ഫോമിൽ തുടരുന്ന കാഴ്ചയായിരുന്നു. 6.2 രണ്ടോവറിൽ 69 റൺസ് പിറന്ന ശേഷമാണ് ഡൽഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 21 റൺസെടുത്ത സോൾട്ട് മടങ്ങിയ ശേഷവും വാർനർ ആക്രമണം തുടർന്നു.

മിച്ചൽ മാർഷിനെയും (3) റിലീ റൂസോയെയും (5) വേഗത്തിൽ നഷ്ടമായതോടെ ഡൽഹിയുടെ ചെയ്‌സ് അടിതെറ്റി. 27 പന്തിൽ 54 റൺസെടുത്ത വാർനർ കൂടി പുറത്തായതോടെ ഡൽഹിയുടെ സാധ്യത അസ്തമിക്കുകയായിരുന്നു. 20 ഓവർ പൂർത്തിയാകുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുക്കാനേ അവർക്കായുള്ളൂ.

നാലോവറിൽ 30 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യൻ സ്പിന്നർ ഹർപ്രീത് ബ്രാറാണ് ഡൽഹി ബാറ്റിങ് നിരയെ തകർത്തുകളഞ്ഞത്. വാർനർ, സോൾട്ട്, റൂസോ, മനീഷ് പാണ്ഡെ എന്നിവരുടെ നിർണായക വിക്കറ്റുകളാണ് ബ്രാർ നേടിയത്. നഥാൻ എല്ലിസും രാഹുൽ ചഹറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com