മെസിക്ക് ആദ്യ ലോകകപ്പ് ഹാട്രിക്; അൾജീരിയയെ മുക്കി അർജന്‍റീന

ഫിഫ ലോകകപ്പ് ഫുട്ബോളിൽ അൾജീരിയക്കെതിരായ അർജന്‍റീനയുടെ ഗ്രൂപ്പ് ജെ മത്സരത്തിൽ ഇതിഹാസ താരം ലയണൽ മെസി ഹാട്രിക് നേടി.
Argentina vs Algeria FIFA world cup football 2026

ഇരുനൂറാം അന്താരാഷ്ട്ര മത്സരത്തിൽ ഗോളടിച്ച അർജന്‍റീനയുടെ ഇതിഹാസ താരം ലയണൽ മെസി.

Updated on

ലോകത്തെ ഏറ്റവും വിലപിടിച്ച ഇടങ്കാലിൽ നിന്നുതിർന്ന മിന്നിൽപ്പണർ, ലൂക്ക സിദാന്‍റെ കൈവിരൽത്തുമ്പുകളെ ഹ്രസ്വമായൊരു ചുംബനത്താൽ ചുട്ടുപൊള്ളിച്ചുകൊണ്ട് അൾജീരിയൻ ഗോൾ പോസ്റ്റിന്‍റെ വലതു മൂലയ്ക്ക് തീപിടിപ്പിക്കുമ്പോൾ സ്കോർ ബോർഡിൽ തെളിഞ്ഞു, 1-0. അർജന്‍റീനയുടെ കുപ്പായത്തിൽ ലയണൽ മെസിയുടെ ഇരുനൂറാമത്തെ മത്സരത്തിൽ 118-ാം അന്താരാഷ്ട്ര ഗോളിനു വേണ്ടി 17 മിനിറ്റ് മാത്രമേ ആരാധകർക്ക് കാത്തിരിക്കേണ്ടി വന്നുള്ളൂ.

മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ വലയിലേക്ക് ലോബ് ചെയ്തിട്ട പന്തിന് ഒരു നിഴലടയാളത്തിന്‍റെ വ്യത്യാസത്തിൽ ഓഫ് സൈഡ് വിധിക്കപ്പെട്ടപ്പോൾ ഉയർന്ന നിരാശയുടെ നെടുനിശ്വാസങ്ങൾ അവിടെ ആഘോഷാരവങ്ങൾക്കു വഴിമാറുകയായിരുന്നു. അതു പക്ഷേ, അവസാനമായിരുന്നില്ല. പിന്നെയും രണ്ടു വട്ടം കൂടി സ്റ്റേഡിയവും ആർത്തിരമ്പി; ഞരമ്പുകളിൽ ഇളംനീല രക്തം തിളച്ചു പൊങ്ങി- അറുപതാം മിനിറ്റിലും എഴുപത്തിയാറാം മിനിറ്റിലും.

അങ്ങനെ മെസി ഹാട്രിക് തികച്ചു. ലോകകപ്പിൽ പതിവുള്ള പതിഞ്ഞ തുടക്കത്തിൽ നിന്ന് മോചനം നേടിയ അർജന്‍റീന, പൊരുതിക്കളിച്ച അൾജീരിയയെ നിഷ്പ്രഭരാക്കി. സ്കോർ 3-0.

നൂലിൽ കൊരുത്ത മുത്ത് പോലെ അർജന്‍റീനക്കാരുടെ കാലുകളിലൂടെ മാത്രം പന്തോടുന്നതു കണ്ടായിരുന്നു ആദ്യ പകുതിയുടെ തുടക്കം. ടൈറ്റ് മാർക്കിങ്ങിനെ പ്രതിഭയുടെ ധാരാളിത്തം കൊണ്ട് നിരന്തരം ഭേദിച്ചുകൊണ്ടിരുന്നു മെസി. ആവശ്യം വന്നപ്പോൾ ഡീപ്പ് ഡിഫൻസിലേക്കിറങ്ങി പ്രതിരോധിക്കാനും മെസിയുണ്ടായിരുന്നു. അലക്സി മക്അലിസ്റ്ററുമായി ചേർന്ന് അൾജീരിയൻ ഗോൾ മുഖത്ത് അയാൾ നിരന്തരം ഭീതി വിതച്ചുകൊണ്ടിരുന്നു. പക്ഷേ, ലൗട്ടേരോ മാർട്ടിനസ് പതിവുപോലെ അവസരങ്ങൾ പാഴാക്കാൻ തന്നോടു തന്നെ മത്സരിച്ചുകൊണ്ടിരുന്നു.

രണ്ടാം പകുതിയിൽ മാർട്ടിനസിനെയും തിയാഗോ അൽമാഡയെയും പിൻവലിച്ച് ജൂലിയൻ അൽവാരസിനെയും നിക്കോ ഗോൺസാൽവസിനെയും കളത്തിലിറക്കിയ കോച്ച് ലയണൽ സ്കലോണിയുടെ തന്ത്രം അർജന്‍റീനയുടെ കളിവേഗം കൂട്ടി. ഇതിനു ശേഷമാണ് മെസിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകൾ പിറന്നതും.

സന്തത സഹചാരിയും ഇന്‍റർ മയാമിയിലെ സഹതാരവുമായ റോഡ്രിഗോ ഡി പോൾ നൽകിയ പാസിൽ നിന്നായിരുന്നു ആദ്യ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ മക്അലിസ്റ്ററുടെ ഗ്രൗണ്ടർ പിടിച്ചെടുക്കാൻ സിദാനു കഴിയാതെ വന്നപ്പോൾ കിട്ടിയ റീബൗണ്ടിൽ നിന്ന് രണ്ടാമത്തെ ഗോൾ. പെനാൽറ്റി ബോക്സിന് തൊട്ടുമുന്നിൽ നിന്ന് ഗോളിക്ക് ഒരവസരവും നൽകാത്ത തകർപ്പൻ ഷോട്ടിലൂടെ മൂന്നാമത്തെ ഗോളും. ഹാട്രിക് തികച്ചതിനു പിന്നാലെ, 79-ാം മിനിറ്റിൽ കോച്ച് അദ്ദേഹത്തെ പിൻവലിക്കുകയും ചെയ്തു. ഗ്യാലറി ഒന്നാകെ എഴുന്നേറ്റു നിന്നു കൈയടിച്ചു.

ഈ മൂന്ന് ഗോളുകളോടെ ലോകകപ്പ് കരിയറിൽ 16 ഗോളുകളായി മെസിയുടെ അക്കൗണ്ടിൽ. അടുത്തയാഴ്ച 39 വയസ് തികയുന്ന മെസി, ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി- ലോകകപ്പ് കരിയറിലെ ആദ്യ ഹാട്രിക്! ഇതോടെ, ഏറ്റവും കൂടുതൽ ലോകകപ്പ് ഗോൾ എന്ന ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പം അദ്ദേഹം എത്തി. കൂടാതെ, അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടിയ പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേട്ടത്തിനൊപ്പവും മെസി എത്തിയിരിക്കുകയാണ്. ലോകകപ്പ് അരങ്ങേറ്റത്തിന്‍റെ ഇരുപതാം വാർഷിക ദിനത്തിലാണ് ഈ തകർപ്പൻ പ്രകടനം.

അഞ്ചാം മിനിറ്റിൽ മെസിയുടെ ഷോട്ട് ഓഫ് സൈഡ് വിധിക്കപ്പെട്ട് രണ്ട് മിനിറ്റിനുള്ളിൽ കഴിഞ്ഞ ലോകകപ്പിന്‍റെ ഓർമകൾ ഉണർത്തിക്കൊണ്ട് അൾജീരിയയുടെ ഫാറസ് ചൈബി തൊടുത്ത ഷോട്ട് എമിലിയാനോ മാർട്ടിനസിനെ മറികടന്ന് അർജന്‍റീനയുടെ വലയിൽ പതിച്ചിരുന്നു. VAR പരിശോധനയ്ക്കു ശേഷം ഓഫ്സൈഡ് ഫ്ളാഗ് ഉയർന്നതോടെ അർജന്‍റൈൻ ആരാധകർക്ക് ആശ്വാസം. നാല് വർഷം മുൻപ് ഖത്തറിൽ സൗദി അറേബ്യയോട് തോറ്റുകൊണ്ടായിരുന്നു അർജന്‍റീനയുടെ തുടക്കം.

ഓസ്ട്രിയയാണ് ഗ്രൂപ്പ് ജെയിൽ അർജന്‍റീനയുടെ അടുത്ത എതിരാളികൾ. മത്സരം തിങ്കളാഴ്ച; ജൂൺ 27-ന് ജോർദാനെയും നേരിടും. അൾജീരിയ തിങ്കളാഴ്ച സാന്താ ക്ലാരയിൽ ജോർദാനെ നേരിടും.

logo
Metro Vaartha
www.metrovaartha.com