

ലയണൽ മെസിയുടെ അസിസ്റ്റുകളിൽ നിന്ന് എൻസോ ഫെർണാണ്ടസും ലൗട്ടേരോ മാർട്ടിനസും നേടിയ ഗോളുകൾ അർജന്‍റീനയെ ഫിഫ ലോകകപ്പ് 2026 ഫൈനലിലെത്തിച്ചു.
ഗോളടിക്കുന്ന മെസിയെക്കാൾ അപകടകാരിയാണ് ഗോളടിപ്പിക്കുന്ന മെസി എന്ന് ഇംഗ്ലണ്ട് തിരിച്ചറിഞ്ഞ ദിവസം. 85-ാം മിനിറ്റ് വരെ ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിച്ച് അർജന്‍റീന തുടരെ രണ്ടാം ലോകകപ്പ് ഫൈനലിന് യോഗ്യത നേടി. രണ്ട് അസിസ്റ്റും ഒരേയൊരു ലയണൽ മെസിയുടെ വക.
ഫിഫ ലോകകപ്പ് 2026 രണ്ടാം സെമിഫൈനലിന്‍റെ ആദ്യ പകുതിയിൽ കാൽപ്പന്തു കളിയെക്കാൾ ആധിപത്യം കൈയാങ്കളിക്കായിരുന്നു. ഇരു ടീമുകളും പരസ്പരം നിരന്തരം ഫൗളുകൾ ചെയ്തു മുന്നേറിയപ്പോൾ ഇരു ഗോൾ മുഖത്തേക്കും അപകടകരമായ ഒരു ഷോട്ട് പോലുമുണ്ടായില്ല. പക്ഷേ, റഫറി 19 വട്ടം ഫൗൾ വിളിച്ചു, രണ്ടു വട്ടം മഞ്ഞക്കാർഡ് ഉയർത്തി!
റോഡ്രിഗോ ഡിപോളിനു പകരം ഗിലിയാനോ സിമിയോണിയെ ഇറക്കിയ അർജന്‍റീന കോച്ച് ലയണൽ സ്കലോണിയുടെ തന്ത്രം വലതു വിങ്ങിന് വേഗം പകർന്നു. മറുവശത്ത്, ജൂഡ് ബെല്ലിങ്ഹാമിനെ നിയന്ത്രിച്ചു നിർത്താൻ അർജന്‍റീനയുടെ മധ്യനിരയ്ക്കു സാധിച്ചു. ഹാരി കെയ്ൻ ആകട്ടെ, പന്തിന് അടുത്തു പോലും എത്താനാകാതെ തളച്ചിടപ്പെട്ടു.
എന്നാൽ, രണ്ടാം പകുതിയിൽ കളി കൂടുതൽ ക്ലാസിക് രീതിയിലേക്കു മാറി. അർജന്‍റീന തുടക്കം മുതൽ നിയന്ത്രണം പിടിക്കുന്ന കാഴ്ച. എന്നാൽ, ഒഴുക്കിനെതിരേ ഗോളടിച്ചതും ലീഡ് എടുത്തതും ഇംഗ്ലണ്ട്. 55-ാം മിനിറ്റിൽ അർജന്‍റീന ഡിഫൻസിനു പാളിപ്പോയ ഒരു ക്ലിയറങ്ങിൽ നിന്നു കിട്ടിയ പന്ത് മോർഗൻ റോജേഴ്സ് ഗോൾമുഖത്തിനു സമാന്തരമായി ക്രോസ് ചെയ്യുന്നു. ആന്തണി ഗോർഡന്‍ ഫസ്റ്റ് ടച്ചിൽ മനോഹരമായി ഗോൾ വലയിലേക്ക് കണക്റ്റ് ചെയ്യുന്നു. അർജന്‍റീനയുടെ ആരാധകർ തലയിൽ കൈവച്ച നിമിഷം (0-1).
ഗോൾ വീണ ശേഷമാണ് യഥാർഥ അർജന്‍റീനയെയും ജീവൻമരണ പോരാട്ടം നടത്തുന്ന മെസിയെയും കളത്തിൽ കാണാൻ തുടങ്ങിയത്. കളി ഏറെക്കുറെ പൂർണമായി ഇംഗ്ലണ്ടിന്‍റെ പെനൽറ്റി ഏരിയയിലേക്ക് ഒതുങ്ങുന്നു. വലതു വിങ്ങിൽ മെസി നിയന്ത്രണം ഏറ്റെടുക്കുന്നു. സിമിയോണിയുടെയും നിക്കോ ഗോൺസാൽവസിന്‍റെയും മക്അലിസ്റ്ററുടെയുമൊക്കെ ഗോൾ ശ്രമങ്ങൾ ചെറിയ വ്യത്യാസത്തിൽ നഷ്ടപ്പെടുന്നു. ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോർദാൻ പിക്ക്ഫോർഡ് ഈ ടൂർണമെന്‍റിലെ തന്‍റെ ഏറ്റവും മികച്ച സേവുകളിൽ ചിലത് പുറത്തെടുക്കുന്നു.
പരാജയം എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ അർജന്‍റീനയുടെ ആരാധകർ തയാറെടുക്കുന്ന സമയത്താണ് കൊള്ളിയാൻ പോലെ സമനില ഗോൾ ഇംഗ്ലണ്ടിന്‍റെ വലയിൽ പതിക്കുന്നത്. 85-ാം മിനിറ്റ്. ബോക്സിന്‍റെ വലതു മൂലയ്ക്കും പുറത്തു നിന്ന് മെസി ഇടതു ഭാഗത്തേക്ക് ഉയർത്തിക്കൊടുത്ത പന്ത്. മുൻപ് രണ്ട് ലോങ് റേഞ്ച് അറ്റംപ്റ്റുകൾ നഷ്ടപ്പെടുത്തിയ നിരാശ തീർത്ത് എൻസോ ഫെർണാണ്ടസിന്‍റെ ബുള്ളറ്റ് ഷോട്ട് ജോർദാൻ പിക്ക്ഫോർഡിനെ കീഴടക്കുന്നു (1-1). അർജന്‍റീനയുടെ ആരാധകർക്കു ശ്വാസം നേരേ വീണ നിമിഷം.
എതിരാളികൾ ലീഡ് എടുക്കാഞ്ഞിട്ടു പോലും ഇംഗ്ലണ്ട് പകച്ചു നിന്നു. മെസിയും കൂട്ടരും ആവേശം ചോരാതെ ആഞ്ഞടിച്ചു കൊണ്ടിരുന്നു. മെസിയുടെ തന്നെ പാസിൽ നിന്ന് ഏഴ് മിനിറ്റിനുള്ളിൽ രണ്ടാം ഗോളും പിറന്നു. ഇത്തവണ സബ്സ്റ്റിറ്റ്യൂട്ടായിറങ്ങിയ ലൗട്ടേരോ മാർട്ടിനസിന്‍റെ ക്ലോസ് റേഞ്ച് ഹെഡ്ഡർ (2-1). അർജന്‍റീന ജയമുറപ്പിച്ചു. മൂന്നു മത്സരങ്ങളിലായി അർജന്‍റീന പരാജയത്തിന്‍റെ വായിൽ നിന്നു നടത്തിയ തിരിച്ചുവരവുകൾ പോലൊന്ന് ആവർത്തിക്കാൻ ഇംഗ്ലണ്ടിനു കരുത്തുണ്ടായില്ല.
ഗോളി പിക്ക്ഫോർഡ് മധ്യവരയും കടന്നു കളിക്കാനിറങ്ങിയിട്ടും അർജന്‍റീനയുടെ പ്രതിരോധം പിന്നെ കുലുങ്ങിയില്ല. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ പരിചിതമായിക്കഴിഞ്ഞ ആ ആനന്ദക്കണ്ണീർ, ലയണൽ മെസി ഗ്രൗണ്ടിൽ മുട്ടുകുത്തി. അർജന്‍റീനയുടെ താരങ്ങൾ ആരാധനയോടെ അയാൾക്കു ചുറ്റും നിരന്നു നിന്നു. ഇംഗ്ലണ്ടിന്‍റെ കരുത്തൻമാർ കണ്ണീരോടെ കളമൊഴിഞ്ഞു.
ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലിൽ അർജന്‍റീനയും സ്പെയിനും ഏറ്റുമുട്ടും.