കിരീടത്തിനു 3 പോയിന്‍റ് അകലെ സിറ്റി

പ്രീമിയർ ലീഗിൽ തുടർച്ചയായ 11 വിജയം നേടിക്കഴിഞ്ഞ ടീം, എല്ലാ ടൂർണമെന്‍റുകളിലുമായി പരാജയമറിയാതെ 21 മത്സരങ്ങളും പൂർത്തിയാക്കി
കിരീടത്തിനു 3 പോയിന്‍റ് അകലെ സിറ്റി

ലിവർപൂൾ: തുടർച്ചയായ മൂന്നാമത്തെ പ്രീമിയർ ലീഗ് കിരീടത്തിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി മൂന്ന് പോയിന്‍റ് മാത്രം അകലെ. പെപ് ഗാർഡിയോളയ്ക്കു കീഴിൽ ആറാം സീസൺ കളിക്കുന്ന ടീം ഇതിനകം നാല് കിരീടങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞു.

ഇക്കുറി കിരീട പോരാട്ടത്തിൽ ആഴ്സനലിൽനിന്നാണ് സിറ്റി പ്രധാന വെല്ലുവിളി നേരിട്ടത്. എന്നാൽ, മൈക്കൽ ആർട്ടേറ്റയുടെ ടീം സമ്മർദത്തിനടിപ്പെട്ട് ബ്രൈറ്റനോട് എതിരില്ലാത്ത മൂന്നു ഗോളിനു തോറ്റതോടെ കിരീടത്തിനു മേൽ സിറ്റിക്കുള്ള പിടി ഒന്നുകൂടി മുറുകുകയായിരുന്നു. സാങ്കേതികമായി ഉറപ്പിക്കാറായിട്ടില്ലെങ്കിലും, അസാധാരണമായ തകർച്ച നേരിട്ടാൽ മാത്രമേ അവരുടെ കൈയിൽ നിന്ന് ഇനി കിരീടം വഴുതിപ്പോകൂ.

ഇപ്പോൾ ഏഴു മത്സരങ്ങളിൽ അഞ്ചാം തവണയാണ് പോയിന്‍റ് നഷ്ടപ്പെടുത്തി ആഴ്സനൽ പടിക്കൽ കലമുടയ്ക്കുന്നത്. അതേസമയം, എവർട്ടണെതിരേ സിറ്റി നേടിയ 3-0 വിജയം അവരുടെ ആത്മവിശ്വാസത്തിനു തെളിവുമായി. പ്രീമിയർ ലീഗിൽ തുടർച്ചയായ 11 വിജയം നേടിക്കഴിഞ്ഞ ടീം, എല്ലാ ടൂർണമെന്‍റുകളിലുമായി പരാജയമറിയാതെ 21 മത്സരങ്ങളും പൂർത്തിയാക്കി.

ഏപ്രിലിന്‍റെ തുടക്കത്തിൽ സിറ്റിക്കു മേൽ എട്ട് പോയിന്‍റ് ലീഡുണ്ടായിരുന്നു ആഴ്സനലിന്. സീസണിന്‍റെ ഏറിയ പങ്കും പോയിന്‍റ് പട്ടികയിൽ ലീഡ് നിലർത്തിയതും അവർ തന്നെ. എന്നാൽ, ആറാഴ്ചയ്ക്കുള്ളിൽ കാര്യങ്ങൾ തലകീഴായി മറിഞ്ഞു. ഈ സമയം കൊണ്ട് 12 പോയിന്‍റ് ആനുകൂല്യ ഗാർഡിയോളയുടെ കുട്ടികൾ നേടിയെടുത്തു.

സിറ്റിയുമായുള്ള രണ്ടു മത്സരങ്ങളും തോറ്റിട്ടും ആഴ്സനൽ ലീഡ് വിട്ടുകൊടുത്തിരുന്നില്ല. എന്നാൽ, ലിവർപൂളിനും വെസ്റ്റ് ഹാമിനുമെതിരേ രണ്ടു ഗോൾ ലീഡ് കളഞ്ഞുകുളിച്ച് സമനില വഴങ്ങിയതോടെ യഥാർഥ തിരിച്ചടി തുടങ്ങി. അവസാന സ്ഥാനക്കാരായ സതാംപ്ടണോടും സമനില വഴങ്ങിയതോടെ അതു പൂർത്തിയാകുകയും ചെയ്തു.

ഞായരാഴ്ച ചെൽസിയെ തോൽപ്പിച്ചാൽ അന്നു സിറ്റിയുടെ കിരീടധാരണ‌മാണ്. നോട്ടിങ്ങാം ഫോറസ്റ്റിനോട് ആഴ്സനൽ തോറ്റാൽ അതു കുറച്ചു നേരത്തേ നടക്കും.

സിറ്റിക്ക് ഇപ്പോൾ 85 പോയിന്‍റാണുള്ളത്, ആഴ്സനലിന് 81 പോയിന്‍റും. ലീഗിൽ ആദ്യ പത്തു കളിയിൽ ഒമ്പതും ജയിച്ച ശേഷമാണ് ഈ വീഴ്ച.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com