
പാരീസ്: ലോകം കണ്ട മികച്ച ഫുട്ബോളര്മാരില് ഒരാളായിരുന്ന ഫ്രഞ്ച് ഇതിഹാസം ജസ്റ്റ് ഫൊണ്ടൈന്‍ (89) അന്തരിച്ചു. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഫൊണ്ടൈന്റെ പേരിലാണ്. 1958-ലെ ലോകകപ്പില്‍ 13 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. പെലെയുടെ ഗംഭീര പ്രകടനത്തില്‍ ബ്രസീല്‍ കപ്പുയര്‍ത്തിയെങ്കിലും ഫൊണ്ടൈന്റെ ഗോള്‍നേട്ടത്തെ മറികടക്കാന്‍ ആര്‍ക്കുമായില്ല. ആ റെക്കോര്‍ഡ് ഇന്നും മറ്റാര്‍ക്കും മറികടക്കാനായിട്ടുമില്ല. ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ സ്കോറര്‍മാരില്‍ ഒരാളായാണ് ജസ്റ്റ് ഫൊണ്ടൈന്‍ വിലയിരുത്തപ്പെടുന്നത്.
1933-ല്‍ മൊറോക്കോയില്‍ ജനിച്ച ഫൊണ്ടൈന്‍ മൊറോക്കന്‍ ക്ലബ്ബ് യുഎസ്എം കസബ്ലാങ്ക, ഫ്രഞ്ച് ക്ലബ്ബുകളായ നീസ്, സ്റ്റേഡ് ഡി റെയിംസ് എന്നീ ക്ലബ്ബുകള്‍ക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. 1950-കളില്‍ റെയിംസിന്റെ സുവര്‍ണകാലഘട്ടത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു ഫൊണ്ടൈന്‍. ടീമിനായി മൂന്ന് ഫ്രഞ്ച് ഡിവിഷന് 1, കൂപ്പ് ഡി ഫ്രാന്‍സ് ട്രോഫിയും നേടിയിട്ടുണ്ട്.
രാജ്യാന്തര ഫുട്ബോളില്‍ ഫ്രാന്‍സിനായി 21 മത്സരങ്ങള്‍ കളിച്ച ഫൊണ്ടൈന്‍ 30 ഗോളുകളും നേടി. 1958- ലോകകപ്പില്‍ 13 ഗോളുകള്‍ നേടിയ ഫൊണ്ടൈന്‍ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കി. ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന് 2003-ല്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തെ മികച്ച ഫ്രഞ്ച് താരമായും തെരഞ്ഞെടുത്തിട്ടുണ്ട്. ലോകകപ്പിലെ റെക്കോഡ് ഇന്നും ആര്‍ക്കും മറികടക്കാനാകാതെയിരിക്കുന്നതു തന്നെ അദ്ദേഹത്തിന്റെ പ്രതിഭയുടെ തെളിവാണ്. ലോകമെമ്പാടുമുള്ള നിരവധി ഫുട്ബോള്‍ ആരാധകരകും താരങ്ങളും ജസ്റ്റ് ഫൊണ്ടെയ്ന്റെ നിര്യാണത്തില്‍ അനുശോചിച്ചു. (French football legend Just Fontaine passes away)