
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള് ബ്ലാസ്റ്റേഴ്സ് ഇന്നു സ്വന്തം മൈതാനത്ത് ബൂട്ടുകെട്ടും. പോയിന്റ് നിലയില്‍ നാലാമതുള്ള ബ്ലാസ്റ്റേഴ്സ് മൂന്നാമതെത്താമെന്ന പ്രതീക്ഷയിലാണ് ഇറങ്ങുന്നുത്. 15 റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നു കളത്തിലിറങ്ങുമ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍.
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. പ്രതിരോധ നിരയിലെ പ്രധാന താരങ്ങളുടെ അഭാവമാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്ന പ്രധാന പ്രശ്നം. റൈറ്റ് ബാക്ക് സന്ദീപ് സിംഗ് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലാണ്. എഫ് സി ഗോവയ്ക്ക് എതിരായ മത്സരത്തിനിടെ സന്ദീപ് സിംഗിന്റെ വലത് കാല് കുഴയ്ക്ക് പൊട്ടല്‍ സംഭവിച്ചിരുന്നു. സെന്റര്‍ ഡിഫെന്‍ഡര്‍ മാര്‍ക്കൊ ലെസ്കോവിച്ച് പരുക്കിനു ശേഷമുള്ള വിശ്രമം കഴിഞ്ഞ് പരിശീലനം നടത്തി. എന്നാല്‍, മത്സരം കളിക്കാന്‍ സജ്ജമായതായി അറിയില്ല. ലെഫ്റ്റ് ബാക്ക് ജെസെല്‍ കര്‍ണെയ്റൊയും നിഷു കുമാറും പ്രതിരോധത്തില്‍ തുടരും. ഗോള്‍ കീപ്പര്‍ സ്ഥാനം പ്രഭ്സുഖന്‍ സിംഗ് ഗില്ലിനു തന്നെ ആയിരിക്കും. സീസണില്‍ ഇതുവരെ നാല് ക്ലീന്‍ ഷീറ്റ് ഉണ്ട്. എന്നാല്‍, അവസാനം കളിച്ച രണ്ട് കളിയില്‍ നിന്ന് ഏഴ് ഗോള്‍ പ്രഭ്സുഖന്‍ സിംഗ് ഗില്‍ വഴങ്ങി.
മിഡ് ഫീല്‍ഡില്‍ ഇവാന് കലിയൂഷ്നി, സഹല്‍ അബ്ദുള്‍ സമദ്, കെ.പി. രാഹുല്‍, ജീക്സണ് സിംഗ് എന്നിവരും ആക്രമണത്തിന് അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമാന്റകോസ് എന്നിവരും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കളിക്കാനാണ് സാധ്യത.ലീഗില്‍ 14 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നാലാം സ്ഥാനത്താണ്. അവസാന രണ്ട് കളിയിലും മഞ്ഞപ്പടയ്ക്ക് തോല്‍വിയായിരുന്നു ഫലം. അതിനാല്‍ ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണ്. 15 മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി ഏറ്റവും പിന്നില്‍ ആണ്. സ്വന്തം തട്ടകത്തില്‍ ജയം നേടി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തുക എന്ന ലക്ഷ്യവുമായി ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇറങ്ങുന്നത്. 16 മത്സരങ്ങളില്‍ 26 പോയിന്റുള്ള എഫ് സി ഗോവ ആണ് നിലവില്‍ മൂന്നാം സ്ഥാനത്ത്. ഐഎസ്എല്ലില്‍ പ്ലേഓഫിലെത്താന്‍ തീവ്രമായി പരിശ്രമിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസ്. രണ്ട് മത്സരം തോറ്റ സാഹചര്യത്തില്‍ അടുത്ത മത്സരം നിര്‍ണായകമാണെന്നും കൊച്ചിയിലെ ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും ദിമിത്രിയോസ് പറഞ്ഞു.
സാധ്യത ടീം
ഗോള്‍ കീപ്പര്‍ : പ്രഭ്സുഖന്‍ സിംഗ് ഗില്‍.
പ്രതിരോധം : ഹര്‍മന്‍ജോത് സിംഗ് ഖബ്ര, റൂയിവ ഹോര്‍മിപാം, വിക്ടര്‍ മോംഗില്‍ / മാര്‍ക്കൊ ലെസ്കോവിച്ച്, ജെസെല്‍ കര്‍ണെയ്റൊ / നിഷു കുമാര്‍. മധ്യനിര : കെ. പി. രാഹുല്‍, ഇവാന് കലിയൂഷ്നി, ജീക്സണ് സിംഗ്, സഹല്‍ അബ്ദുള്‍ സമദ്. മുന്നേറ്റം : അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമാന്റകോസ്.-