
ബാഴ്സലോണ: അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി തന്റെ പഴയ ക്ലബ്ബായ ബാഴ്സലോണയിലേക്ക് മടങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായി. താരത്തിന്റെ തിരിച്ചുവരവ് സംബന്ധിച്ച് ക്ലബ് പ്രസിഡന്റ് ലാപോര്‍ട്ടയും മെസിയുടെ പിതാവ് ജോര്‍ജെ മെസിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മെസിയുടെ പിതാവിന്റെ ഡിമാന്റുകള്‍ ലാപോര്‍ട്ട അംഗീകരിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെസിയും പിഎസ്ജിയും തമ്മില്‍ നടത്തുന്ന കരാര്‍ പുതുക്കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും കരാര്‍ തുക സംബന്ധിച്ചുള്ള മെസിയുടെ പിതാവിന്റെ നിലപാടുകളില്‍ പിഎസ്ജി തൃപ്തരല്ല എന്നാണ് വിവരം. ഈ സാഹചര്യത്തില്‍ മെസിയുടെ പിതാവുമായുള്ള ലാപോര്‍ട്ടയുടെ ചര്‍ച്ച വളരെ പ്രതീക്ഷയോടെയാണ് ബാഴ്സ പരിശീലകന് സാവിയും ആരാധകരും നിരീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം മെസി ബാഴ്സലോണയിലുണ്ടായിരുന്നു. സുഹൃത്തുക്കളായ ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്ക്വെറ്റ്സ് എന്നിവരുമൊത്തുള്ള ചിത്രം മെസി പങ്കുവച്ചിരുന്നു. മെസിയുടെ ബാഴ്സലോണ സന്ദര്‍ശനത്തിന് പിന്നില്‍ ക്ലബ്ബിലേക്ക് തിരിച്ചു വരാനുള്ള യാതൊരു പദ്ധതിയൊന്നും ഇല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ആ സന്ദര്‍ശനം മെസി ബാഴ്സയിലേക്ക് അടുക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
മെസിക്ക് തിരിച്ചെത്താനുള്ള ആഗ്രഹമുണ്ടെന്നുള്ളത് തീര്‍ച്ചയാണ്. അതുമാത്രമല്ല, ബാഴ്സ കോച്ച് സാവിയും മെസിയുടെ മടങ്ങിവരവില്‍ താല്പര്യം കാണിക്കുന്നുണ്ട്. ഇരുവരും തമ്മില്‍ ദീര്‍ഘകാലമായുള്ള സൗഹൃദവും തിരിച്ചുവരവിന് പിന്നിലുണ്ടെന്നാണ് കാറ്റലോണിയ റേഡിയോ പുറത്തുവിടുന്നു. മാത്രമല്ല, മെസി തിരിച്ചെത്തുകയാണെങ്കില്‍ വേതനം കുറയ്ക്കാന്‍ ആല്‍ബയും ബുസിയും തയ്യാറാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.
പിഎസ്ജിയിലെ ഒത്തൊരുമയില്ലായ്മയും മെസിയെ ക്ലബ് വിടാന്‍ പ്രേരിപ്പിക്കുന്നുണ്ട്. മെസിക്കൊപ്പം നെയ്മര്‍, കിലിയന്‍ എംബാപ്പേ, സെര്‍ജിയോ റാമോസ്, ഡോണറുമ്മ, മാര്‍കോ വെറാറ്റി തുടങ്ങിയ കിട്ടാവുന്നതില്‍ വച്ചേറ്റവും മികച്ച താരങ്ങളെ സ്വന്തമാക്കിയിട്ടും പ്രതീക്ഷയ്ക്കൊത്ത് കളിക്കാന്‍ പിഎസ്ജിക്ക് കഴിയുന്നില്ല.
ഫ്രഞ്ച് കപ്പില്‍ നിന്ന് പുറത്തായി. ലീഗ് വണ്ണില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബയേണ്‍ മ്യൂണിക്കിനോടും തോറ്റു. രണ്ടാംപാദത്തിലും പരാജയപ്പെട്ടാല്‍ പിഎസ്ജി ക്വാര്‍ട്ടര്‍ കാണാതെ പുറത്താവും. മെസിയും നെയ്മറും തമ്മില്‍ മികച്ച സൗഹൃദമാണുള്ളത്.