ചരിത്ര പ്രഖ്യാപനം!! പുരുഷ, വനിതാ ടീമുകൾക്ക് ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി
ന്യൂഡൽഹി: ക്രിക്കറ്റിൽ പുരുഷ, വനിതാ ടി20 ലോകകപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക തുല്യമാക്കി രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐസിസി. ഐസിസിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തുക വനിതാ ചാംപ്യന്‍മാര്‍ക്ക് നല്‍കുന്നത്. ചരിത്രത്തിലാദ്യമായി പുരുഷ ടീമിനു തുല്യമായ സമ്മാനത്തുക വനിതാ ടീമുകള്‍ക്കു ലഭിക്കുന്നു എന്നതും പ്രത്യേകതയാണ്. അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പ് മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും.
2.34 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 19.5 കോടി ഇന്ത്യന്‍ രൂപ) കിരീടം നേടുന്ന ടീമിനു സമ്മാനത്തുകയായി ലഭിക്കുക. 2023ൽ ഇത് 8 കോടി രൂപയായിരുന്നു. ഈ തീരുമാനം നടപ്പിൽ വരുന്നതോടെ 2023ൽ ഓസ്ട്രേലിയയിൽ നടന്ന ടി20 ലേകകപ്പിലേതിനെക്കാൾ 134 ശതമാനമാണ് തുകയിൽ ഉണ്ടാകുന്ന വർധന.
റണ്ണർ അപ്പ് ടീമിന് 14 കോടിയും മൂന്നാം സ്ഥാനക്കാര്‍ക്ക് 6 കോടി രൂപയുമാണ് ലഭിക്കുക. കൂടാതെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുന്ന ടീമുകൾക്കും ഗ്രൂപ്പ് സ്റ്റേജിൽ പുറത്താകുന്ന ടീമുകൾക്കും തുക വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേതിനെക്കാൾ 78 ശതമാനമാണ് വർധന.
എല്ലാ സമ്മാന തുകയും കൂടി ചേർത്താൽ അറുപത്താറര കോടിയോളം രൂപ ഐസിസി ചെലവഴിക്കും. ഇത്തവണ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളാണ് വനിതാ ടി20 ലോകകപ്പിനു വേദിയാകുന്നത്. ഒക്ടോബര്‍ 3 മുതല്‍ 20 വരെയാണ് മത്സരങ്ങൾ. 20നാണ് ഫൈനല്‍.