
അഹമ്മദാബാദില്‍നിന്ന്, സി.കെ. രാജേഷ്കുമാര്‍
ഇന്നാണ് ആ ദിവസം, മഹാത്മാഗാന്ധിജിയുടെ നാട്ടില്‍, ലോകകപ്പ് ക്രിക്കറ്റിന് കലാശക്കൊട്ട്. പന്തും ബാറ്റും തമ്മിലുരസിയ ഒന്നരമാസത്തെ പോരാട്ടങ്ങള്‍ക്ക് ഇന്ന് അവസാനമാകും. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ, ഓസ്ട്രേലിയയ്ക്കെതിരേ, മത്സരം ഉച്ചകഴിഞ്ഞ് രണ്ടിന്. ഇരുടീമുകളും തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഹൈ വോള്‍ട്ടേജ് മത്സരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഒന്നരലക്ഷത്തോളം വരുന്ന ആരാധകര്‍ ആര്‍ത്തിരമ്പുന്ന സ്റ്റേഡിയത്തിനു നടുവില്‍ രോഹിതിന്‍റെ ടീം ഇന്ത്യ, കൊമ്പുകോര്‍ക്കുമ്പോള്‍ 130 കോടി ജനങ്ങള്‍ മറ്റൊരു ലോകകിരീടം കൂടി പ്രതീക്ഷിക്കുകയാണ്. ഈ ടൂര്‍ണമെന്‍റിലുടനീളം കണ്ട വിജയഭേരി, മൈറ്റി ഇന്ത്യയെ സൃഷ്ടിച്ചുകഴിഞ്ഞു.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണിതെന്നുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ മുമ്പുള്ളതിനേക്കാള്‍ ആത്മവിശ്വാസത്തിലാണ് ആരാധകവൃന്ദം. എന്നാല്‍, എതിരാളികള്‍ ഓസ്ട്രേലിയയാണ് അവരെ ഒരിക്കലും എഴുതിത്തള്ളാനാവില്ല. അഞ്ചു വട്ടം ചാംപ്യന്മാരായ ഓസീസ് ആദ്യത്തെ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട ശേഷം തുടര്‍ച്ചയായി എട്ടു മത്സരങ്ങള്‍ വിജയിച്ചാണ് എത്തിയിരിക്കുന്നത്. ചെറിയ പിഴവുപോലും വലിയ നഷ്ടത്തില്‍ കലാശിക്കുമെന്നതിനാല്‍ അതീവ ശ്രദ്ധയോടെ ഗൃഹപാഠം ചെയ്താണ് ഇരുടീമും ഇറങ്ങുന്നത്.
മൈറ്റി ഇന്ത്യ
രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ ഈ ടൂര്‍ണമെന്‍റിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ് നിര, രോഹിത് തരുന്ന മികച്ച തുടക്കത്തില്‍നിന്ന് കെട്ടിപ്പടുത്ത ഇന്നിങ്സുകളാണ് ലോകകപ്പിലുടനീളം നാം കണ്ടത്. പിന്നാലെ ഗില്ലും കോലിയും ശ്രേയസും രാഹുലും അടിച്ചുതകര്‍ക്കുന്നു. ഇവര്‍തന്നെയാണ് കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ മുന്‍നിരക്കാര്‍. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ ബാറ്റര്‍മാരാണ് ആദ്യ പത്തിലുള്ളത്. 711 റണ്ണുമായി വിരാട് കോലി ഒന്നാമത് നില്‍ക്കുന്നു. ക്യാപ്റ്റന്‍ രോഹിതിന് 550 റണ്ണുണ്ട്. തുടര്‍ച്ചയായ രണ്ട് സെഞ്ചുറികളുമായി ശ്രേയസ് അയ്യര്‍ക്ക് 576 റണ്ണായി. കെ.എല്‍. രാഹുല്‍ (386) കിട്ടിയ അവസരങ്ങളില്‍ തിളങ്ങി.
ഇന്ത്യന്‍ പേസര്‍മാര്‍ തീ തുപ്പുകയാണ്. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമടങ്ങുന്ന പേസ് ത്രയം നമ്മുടെ അഭിമാനയിക്കഴിഞ്ഞു. അവസരത്തിനൊത്തുയരുന്ന കുല്‍ദീപും ജഡേജയും കൂടി ചേരുമ്പോള്‍ ഇന്ത്യയുടെ ടീം കോംപിനേഷന്‍ ബഹുകേമം. ദൗര്‍ബല്യമായി പറയാവുന്നത് ആറാംബൗളറില്ലാത്തത് ഇപ്പോഴും മുഴച്ചുനില്‍ക്കുന്നു എന്നതാണ്. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ടീം സന്തുലനത്തെ ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ബൗളിങ് വിഭാഗത്തില്‍. ന്യൂസിലന്‍ഡുമായുള്ള സെമിയുടെ ഒരു ഘട്ടത്തില്‍ ബൗളിങ് പാടേ മങ്ങിയത് അപകട സൂചന നല്‍കിയിരുന്നു.
മൈറ്റി ഓസ്ട്രേലിയ
എട്ടു തുടര്‍ജയങ്ങളുമായി എത്തുന്ന ഓസീസും സെറ്റായ ടീം തന്നെ, വാര്‍ണറും ട്രാവിസ് ഹെഡ്ഡിനു മികച്ച തുടക്കം ലഭിച്ചാല്‍ പിന്നെ അവരെ പിടിച്ചാല്‍ കിട്ടില്ല. ട്രവിസ് ഹെഡിന്‍റെ തിരിച്ചുവരവ് ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയുടെ കരുത്ത് ഇരട്ടിയാക്കിയിട്ടുണ്ട്. ഹെഡും ഡേവിഡ് വാര്‍ണറും നല്‍കുന്ന തുടക്കം നിര്‍ണായകമാണ്. സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അത് കൃത്യമായി. വണ്‍ ഡൗണായി മിച്ചല്‍ മാര്‍ഷും നാലാമനായി സ്റ്റീവ് സ്മിത്തും. പിന്നെ ലാബുഷെയ്നും മാക്സ് വെല്ലും ഇന്‍ഗ്ലിസും..എല്ലാവരും മികച്ച ഫോമിലാണ്. സെമി ഫൈനലോടെ കമിന്‍സും സ്റ്റാര്‍ക്കും കൂടി ഫോമിലായതോടെ ഹെയ്സല്‍വുഡിന് വലിയ വിയര്‍പ്പൊഴുക്കേണ്ടിവരില്ല. ആഡം സാംപ മിന്നുന്ന ഫോമിലുള്ള സപിന്നറാണ്. ഒരു കൈ നോക്കാന്‍ മാക്സ് വെല്ലിലെ സ്പിന്നറും റെഡി.
എന്നാല്‍, സെമിയിലൊഴികെ ഓസീസ് പേസ് ത്രയത്തിന് മികവുകാട്ടാനായില്ല എന്നത് വസ്തുതയാണ്. മിച്ചല്‍ല്‍ സ്റ്റാര്‍ക്-പാറ്റ് കമ്മിന്‍സ്-ജോഷ് ഹെയ്സല്‍വുഡ് സഖ്യം പഴയപോലെ അപകടകാരികളില്ല. ബൗളിങ് അനുകൂലമായ പിച്ചില്‍ മാത്രമാണ് നേട്ടം. അഹമ്മദാബാദിലെ പിച്ച് പേസര്‍മാര്‍ക്ക് ആ ആനുകൂല്യം നല്‍കുന്നില്ല.
ഇന്ത്യ സാധ്യതാ ടീം:
രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.
ഓസ്ട്രേലിയ സാധ്യതാ ടീം:
ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലാബുഷെയ്ന്‍, ഗ്ലെന്‍ മാക്സ് വെല്‍, ജോഷ് ഇന്‍ഗ്ലിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമിന്‍സ്, ആഡം സാംപ, ജോഷ് ഹെയ്സല്‍വുഡ്.
""എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തമാണിത്. രാജ്യത്തിന്‍റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനാകുമെന്നാണ് പ്രതീക്ഷ. സമ്മര്‍ദത്തിനടിപ്പെടാതെ കളിക്കാനുള്ള കഴിവ് ഓരോ കളിക്കാര്‍ക്കുമുണ്ട്. ഓരോ താരത്തിനും അദ്ദേഹത്തിന്‍റെ കഴിവിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. അതനുസരിച്ച് കളിക്കാനുമറിയാം. ഇന്നത്തെ പ്രാധാന്യത്തെക്കുറിച്ച് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. രാഹുല്‍ ദ്രാവിഡിനെപ്പോലെ ഒരു പരിശീലകന്‍ ഈ ടീമിന്‍റെ വലിയ മുതല്‍ക്കൂട്ടാണ്. പിച്ചിന്‍റെ സംവ്ഭാവമനുസരിച്ച് ഇന്നു മാത്രമേ അന്തിമ ഇലവനെ തീരുമാനിക്കൂ.""
രോഹിത് ശര്‍മ
(ഇന്ത്യന്‍ നായകന്‍)
""ഒരു ലക്ഷത്തിലേറെ കാണികളുടെ മുന്നില്‍ കളിക്കുക വെല്ലുവിളിയാണ് എന്നാല്‍, അത് അതിജീവിക്കാന്‍ പഠിച്ചവരാണ് ഓരോ കളിക്കാരും. പക്ഷപാതിത്വത്തോടെ അവര്‍ പെരുമാറും. ആ സാഹചര്യം എങ്ങനെ നേരിടണമെന്ന് കളിക്കാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. സ്പോര്‍ട്സില്‍ ആര്‍ത്തലയ്ക്കുന്ന കാണികളെ നിശബ്ദരാക്കുന്നതില്‍പ്പരം സംതൃപ്തി മറ്റൊന്നിലുമില്ല. എന്ത് സംഭവിച്ചാലും ബാധിക്കില്ലെന്ന് ഉറപ്പുണ്ട്. രണ്ടു തോല്‍വിയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റവരാണ് ഞങ്ങള്‍. എല്ലാ ടീമുകളോടും കടുത്ത പോരാട്ടം നടത്തിയാണ് മുന്നേറിയത്. സമ്പൂര്‍ണമായ ഒരു കളി ഞങ്ങള്‍ക്ക് ഈ ലോകകപ്പില്‍ കളിക്കാനായിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍, ഇന്ന് അതു സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.""
പാറ്റ് കുമ്മിൻസ്
(ഓസ്ട്രേലിയൻ ക്യാപ്റ്റൻ)