ലങ്കൻ ബൗളർമാരുടെ സ്പിൻ പരീക്ഷണം ഏശിയില്ല; ദേവ്ദത്തിന്‍റെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത‍്യ മികച്ച നിലയിൽ

73 ഓവർ പൂർത്തിയായപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 288 റൺസെടുത്തിട്ടുണ്ട് ഇന്ത‍്യ
india vs sri lanka 1st test match updates

സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കൽ

Updated on

ഗാലെ:ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ‍്യ ദിനം അവസാനിക്കുമ്പോൾ ഇന്ത‍്യ ശക്തമായ നിലയിൽ. 73 ഓവർ പൂർത്തിയായപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 288 റൺസെടുത്തിട്ടുണ്ട് ഇന്ത‍്യ. ഓപ്പണിങ് ബാറ്റർ യശസ്വി ജയ്സ്വാൾ (32), ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ (16) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. 131 റൺസുമായി പുറത്താകാതെ ദേവ്ദത്ത് പടിക്കലും 27 റൺസുമായി മറുവശത്ത് ഋഷഭ് പന്തുമാണ് ക്രീസിൽ.

ദേവ്ദത്ത് പടിക്കലിന്‍റെ സെഞ്ചുറിയുടെയും കെ.എൽ. രാഹുലിന്‍റെ (77 നോട്ടൗട്ട്) അർധസെഞ്ചുറിയുടെയും ബലത്തിലാണ് ഇന്ത‍്യ ശ്രീലങ്കയ്ക്കെതിരേ മികച്ച സ്കോർ ഉയർത്തിയത്. രാഹുൽ റിട്ടേയർഡ് ഹർട്ടായതിനു പിന്നാലെ ക്രീസിലെത്തിയ ശുഭ്മൻ ഗില്ലിന് ദേവ്ദത്തിനൊപ്പം പിടിച്ചുനിൽക്കാനായില്ല.

പ്രഭാത് ജയസൂര‍്യ എറിഞ്ഞ ഓവർ പിച്ച് ഡെലിവറി സ്റ്റെപ്പ് ഔട്ട് ചെയ്ത് ബൗണ്ടറി കടത്താനുള്ള ശ്രമം പാളിയാണ് ഗിൽ പുറത്തായത്. അഞ്ചാമനായി ക്രീസിലെത്തിയ ഋഷഭ് പന്ത് 3 ബൗണ്ടറിയും ഒരു സിക്സും അടിച്ച് ശ്രീലങ്കൻ ബൗളർമാർക്കെതിരേ ആധിപത‍്യം തുടരുകയാണ്.

‌പ്രഭാത് ജയസൂര‍്യയ്ക്കു പുറമെ ശ്രീലങ്കൻ ബൗളർമാർക്ക് ആർക്കും വിക്കറ്റ് വീഴ്ത്താനായില്ല. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത‍്യ തുടക്കം മുതൽ ആധിപത‍്യം ഉറപ്പിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഒന്നാം വിക്കറ്റിൽ 47 റൺസ് കൂട്ടുകെട്ടുണ്ടാക്കാൻ ജയ്സ്വാൾ-രാഹുൽ സഖ‍്യത്തിന് കഴിഞ്ഞു.

പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കൽ രാഹുലിനൊപ്പം ചേർന്ന് 150 റൺസിലധികമാണ് സഖ‍്യമുണ്ടാക്കിയത്. ഇതോടെയാണ് ടീം സ്കോർ ഉയർന്നത്. സ്പിന്നർമാരെ തുണയക്കുന്ന ശ്രീലങ്കൻ പിച്ചുകളിൽ മികച്ച രീതിയിൽ തന്നെയാണ് ഇന്ത‍്യൻ ബാറ്റിങ് നിര ശ്രീലങ്കൻ ബൗളർമാരെ നേരിട്ടത്. ലങ്കൻ ബൗളർമാരുടെ പദ്ധതികളൊന്നും ഇന്ത‍്യൻ ബാറ്റിങ് നിരയ്ക്കെതിരേ നടപ്പായില്ല.

ഇന്ത്യ: കെഎൽ രാഹുൽ, യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, മാനവ് സുതാർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ശ്രീലങ്ക: ലഹിരു ഉദാര, നിഷാൻ മധുഷ്ക, ദിനേഷ് ചന്ദിമൽ, കമിന്ദു മെൻഡിസ്, ധനഞ്ജയ ഡി സിൽവ (ക്യാപ്റ്റൻ), സോണൽ ദിനുഷ, നിരോഷൻ ഡിക്ക്വെല്ല (വിക്കറ്റ് കീപ്പർ), കേശര നുവാന്ത, പ്രഭാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെർണാണ്ടോ.

logo
Metro Vaartha
www.metrovaartha.com