

ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ പന്തെറിയുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഗുർനൂർ ബ്രാർ.
ലഖ്നൗ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നു മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ തുടരെ രണ്ടാം മത്സരവും ജയിച്ചാണ് 2-0 എന്ന അപരാജിത ലീഡ് ആതിഥേയർ കൈവരിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 402 റൺസിന് ഓൾഔട്ടായി. അഫ്ഗാനിസ്ഥാൻ 44.3 ഓവറിൽ 232 റൺസിന് പുറത്തായതോടെ ഇന്ത്യക്ക് 170 റൺസ് ജയം.
ഏകദിന ക്രിക്കറ്റിൽ തന്‍റെ ഒമ്പതാം സെഞ്ചുറി കുറിച്ച ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും രണ്ടാം സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനുമാണ് ഇന്ത്യൻ ഇന്നിങ്സിനു കരുത്ത് പകർന്നത്. ഓപ്പണിങ് റോൾ ത്യജിച്ച് മൂന്നാം നമ്പറിലാണ് ഗിൽ ബാറ്റ് ചെയ്തത്. രോഹിത് ശർമയ്‌ക്കൊപ്പം യശസ്വി ജയ്സ്വാൾ ഇന്നിങ്സ് തുറന്നു. എന്നാൽ, ഒമ്പത് പന്തിൽ നാല് റൺസുമായി ജയ്സ്വാൾ മടങ്ങിയതോടെ, മൂന്നാം ഓവറിൽ തന്നെ ഗിൽ ക്രീസിലെത്തി.
സെഞ്ചുറി നേടിയ ശുഭ്മൻ ഗിൽ.
രോഹിതും ഗില്ലും ചേർന്ന് 87 റൺസ് കൂട്ടുകെട്ടും ഉയർത്തി. 39 പന്തിൽ നാല് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 48 റൺസെടുത്താണ് ഹിറ്റ് മാൻ മടങ്ങിയത്. തുടർന്ന് ഇഷാൻ കിഷൻ ക്രീസിലെത്തിയതോടെ റണ്ണൊഴുക്ക് കൂടുതൽ ശക്തമായി. 223 സെഞ്ചുറി കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ പിറന്നത്. ഗിൽ 77 പന്തിലും കിഷൻ 71 പന്തിലും മൂന്നക്കമെത്തി. കിഷൻ 79 പന്തിൽ 14 ഫോറും 7 സിക്സും സഹിതം 125 റൺസെടുത്ത് പുറത്തായി. ഗിൽ ആകെ 110 പന്തിൽ 22 ഫോറും രണ്ട് സിക്സും സഹിതം 154 റൺസും നേടി.
അഫ്ഗാനിസ്ഥാനെതിരേ സെഞ്ചുറി നേടിയ ഇന്ത്യൻ ബാറ്റർ ഇഷാൻ കിഷൻ.
ഇരുവരും പുറത്തായ ശേഷം വലിയ സ്കോറുകൾ നേടാൻ മറ്റു ബാറ്റർമാർക്കു സാധിച്ചില്ല. ശ്രേയസ് അയ്യർ 24 പന്തിൽ 26 റൺസെടുത്തപ്പോൾ, 19 പന്ത് നേരിട്ട വാഷിങ്ടൺ സുന്ദർ 19 റൺസും നേടി.
മറുപടി ബാറ്റിങ്ങിൽ അഫ്ഗാൻ ബാറ്റർമാരിൽ പലരും ശരാശരിക്കു മുകളിലുള്ള പ്രകടനം നടത്തിയെങ്കിലും ഇന്ത്യ ഉയർത്തിയ ഹിമാലയൻ വിജയലക്ഷ്യം പിന്തുടരാൻ അതൊന്നും പര്യാപ്തമായില്ല. ഓപ്പണർ റഹ്മാനുള്ള ഗുർബാസ് (41), സെദിക്കുള അടൽ (42) എന്നിവർ ചെറഉത്തുനിൽപ്പിനു ശ്രമിച്ചപ്പോൾ, 79 റൺസെടുത്ത റഹ്മത്ത് ഷായാണ് അഫ്ഗാന്‍റെ ടോപ് സ്കോററായത്.
ഇന്ത്യക്കു വേണ്ടി അർഷ്‌ദീപ് സിങ്ങും ഗുർനൂർ ബ്രാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പ്രിൻസ് യാദവിന് രണ്ട് വിക്കറ്റ് കിട്ടിയപ്പോൾ വാഷിങ്ടൺ സുന്ദറിന് ഒരു വിക്കറ്റ്. പത്തോവറിൽ 42 റൺസേ വഴങ്ങിയുള്ളെങ്കിലും കുൽദീപ് യാദവിന് വിക്കറ്റൊന്നും കിട്ടിയില്ല. ഒരോവർ എറിഞ്ഞ ജയ്സ്വാൾ മൂന്ന് റൺസ് മാത്രമാണ് വഴങ്ങിയത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ ഫാസ്റ്റ് ബൗളർ പ്രിൻസ് യാദവ്.
പരമ്പരയിലെ നിർണായക മത്സരത്തിൽ ഇരു ടീമുകളും തങ്ങളുടെ പ്ലേയിംഗ് ഇലവനിൽ മൂന്ന് വീതം മാറ്റങ്ങൾ വരുത്തിയിരുന്നു. ഇന്ത്യക്കു വേണ്ടി പ്രിൻസ് യാദവ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. യശസ്വി ജയ്‌സ്വാൾ, കുൽദീപ് യാദവ് എന്നിവരും ടീമിൽ ഇടം പിടിച്ചപ്പോൾ, ഹർഷ് ദുബെ, പ്രസിദ്ധ് കൃഷ്ണ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ പുറത്തായി. നിതീഷ് കുമാർ റെഡ്ഡിക്ക് ഇടത് തുടയ്ക്ക് പരിക്കേറ്റതിനാലാണ് പുറത്തിരിക്കേണ്ടി വന്നതെന്ന് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാൻ ബാറ്റർ ദർവിഷ് റസൂലിയും അരങ്ങേറ്റം കുറിച്ചു. എന്നാൽ, ആറ് റൺസെടുത്ത് നിൽക്കെ പരുക്കേറ്റ് പുറത്തായി. നങ്ഗിയാല ഖരോട്ടെ, ബിലാൽ സമി എന്നിവരാണ് ടീമിലെ മറ്റ് പുതിയ താരങ്ങൾ. അസുഖബാധിതനായ മുഹമ്മദ് നബി, പരിശീലനത്തിനിടെ പരുക്കേറ്റ അസ്മത്തുള്ള ഒമർസായ്, സിയാവുർ റഹ്മാൻ എന്നിവർ ടീമിൽ നിന്ന് പുറത്തായി.