അശ്വിനു സെഞ്ചുറി; ഇന്ത്യ കരകയറി

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യയെ വിറപ്പിച്ച് ബംഗ്ലാദേശ് ബൗളിങ് നിര
ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യയെ വിറപ്പിച്ച് ബംഗ്ലാദേശ് ബൗളിങ് നിര | India vs Bangladesh 1st test day 1
അശ്വിനു സെഞ്ചുറി; ഇന്ത്യ കരകയറി
Updated on

ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ പരിചയസമ്പന്നരായ ബാറ്റർമാർ നിരാശപ്പെടുത്തി. എന്നാൽ, ഓപ്പണർ യശസ്വി ജയ്സ്വാളും വാലറ്റത്ത് ആർ. അശ്വിനും രവീന്ദ്ര ജഡേജയും നടത്തിയ ബാറ്റിങ് പ്രകടനങ്ങൾ വൻ തകർച്ചയിൽ നിന്ന് ആതിഥേയരെ കരകയറ്റി.

ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 339 റൺസെടുത്തിട്ടുണ്ട്. 112 പന്തിൽ 102 റൺസെടുത്ത അശ്വിനും 117 പന്തിൽ 86 റൺസെടുത്ത ജഡേജയും ക്രീസിൽ. ജയ്സ്വാൾ 51 റൺസെടുത്തു പുറത്തായി.

ഇന്ത്യൻ രീതികളിൽ നിന്നു വ്യത്യസ്തമായി പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ ടോസ് കിട്ടിയാൽ ബാറ്റ് ചെയ്യാനായിരുന്നു ഇരു ക്യാപ്റ്റൻമാരുടെയും തീരുമാനം. ടോസ് ഭാഗ്യം തുണച്ചത് ബംഗ്ലാ ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്‍റോയെ.

ബൗളിങ് തെരഞ്ഞെടുക്കാനുള്ള ഷാന്‍റോയുടെ തീരുമാനം പിഴച്ചില്ല. 34 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമ (6), ശുഭ്‌മൻ ഗിൽ (0), വിരാട് കോലി (6) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. ന്യൂബോൾ ബൗളർ ഹസൻ മെഹ്മൂദാണ് മൂന്നു പേരെയും തിരിച്ചയച്ചത്.

നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ഓപ്പണർ യശസ്വി ജയ്സ്വാളും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ചേർന്നാണ് ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് രക്ഷപെടുത്തിയത്. വാഹനാപകടത്തെത്തുടർന്ന് 600 ദിവസം ദീർഘിച്ച ഇടവേളയ്ക്കു ശേഷം ടെസ്റ്റ് കളിക്കാനിറങ്ങിയ ഋഷഭ് പന്ത് 52 പന്തിൽ 39 റൺസെടുത്ത് പുറത്തായി.

Yashasvi Jaiswal after completing his half century
അർധ സെഞ്ചുറി തികച്ച യശസ്വി ജയ്സ്വാൾ

ഒരു വശത്ത് തകർച്ച കണ്ടെങ്കിലും മറുവശത്ത് ഉറച്ചുനിന്ന് ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്ത യുവതാരം ജയ്സ്വാൾ 118 പന്തിൽ 56 റൺസെടുത്തു. ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയ കെ.എൽ. രാഹുലിനൊപ്പം (52 പന്തിൽ 16) ഒരു രക്ഷാപ്രവർത്തനത്തിനു കൂടി ജയ്സ്വാൾ ശ്രമം നടത്തിയെങ്കിലും ഏറെ നീണ്ടില്ല.

എന്നാൽ, അതിനു ശേഷം ഒരുമിച്ച ജഡേജയും അശ്വിനും ചേർന്ന് ബംഗ്ലാദേശ് ബൗളർമാർക്കെതിരേ ശക്തമായ പ്രത്യാക്രമണം തന്നെ അഴിച്ചുവിടുകയായിരുന്നു. എഴുപതിനു മുകളിൽ സ്ട്രൈക്ക് റേറ്റിലാണ് ഇരുവരും ബാറ്റ് ചെയ്തത്.

Ravindra Jadeja plays a shot against bangladesh
രവീന്ദ്ര ജഡേജയുടെ ബാറ്റിങ്

58 പന്തിൽ അശ്വിൻ അർധ സെഞ്ചുറി തികച്ചു; 73 പന്തിൽ ജഡേജയും. കൂട്ടുകെട്ട് 114 പന്തിൽ നൂറും കടന്നു. 108 പന്തിലാണ് അശ്വിൻ തന്‍റെ ആറാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 195 റൺസ് പിറന്നു കഴിഞ്ഞു.

ഇന്ത്യ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനുമൊപ്പം മൂന്നാം സീമറായി ആകാശ് ദീപിനെക്കൂടി ഉൾപ്പെടുത്തിയപ്പോൾ ആർ. അശ്വിനും രവീന്ദ്ര ജഡേജയും മാത്രം സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായി ടീമിലെത്തിയപ്പോൾ അക്ഷർ പട്ടേലിനും കുൽദീപ് യാദവിനും അവസരം കിട്ടിയില്ല.

Trending

No stories found.

Latest News

No stories found.