കാൺപുർ: മഴ കാരണം രണ്ടു ദിവസം പൂർണമായി നഷ്ടപ്പെട്ടെങ്കിലും, ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ജയിച്ചേ തീരൂ എന്ന വാശിയിൽ ഇന്ത്യ. നാലാം ദിവസം രാവിലെ സന്ദർശകരുടെ ആദ്യ ഇന്നിങ്സ് 233 റൺസിൽ അവസാനിപ്പിച്ച ആതിഥേയർ, 9 വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്ത് വെല്ലുവിളി നടത്തിയിരിക്കുകയാണ്, ബംഗ്ലാദേശിനെതിരേയും മഴക്കെതിരേയും.
107/3 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലാദേശിന് മൊമിനുൾ ഹക്കിന്‍റെ സെഞ്ചുറി (107 നോട്ടൗട്ട്) കരുത്ത് പകർന്നു. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ആർ. അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. രവീന്ദ്ര ജഡേജയ്ക്കാണ് ശേഷിച്ച ഒരു വിക്കറ്റ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ഓപ്പണർമാർ എതിരാളികളെയും കാണികളെയും ഒരുപോലെ അമ്പരപ്പിക്കുന്നതാണ് പിന്നീട് കാണുന്നത്. ട്വന്‍റി20 മോഡിൽ ബാറ്റ് വീശിയ യശസ്വി ജയ്സ്വാളും (51 പന്തിൽ 72) ക്യാപ്റ്റൻ രോഹിത് ശർമയും (11 പന്തിൽ 23) ചേർന്ന് നാലോവർ തികയും മുൻപ് സ്കോർ അമ്പത് കടത്തി.
രോഹിത് ശർമ പുറത്തായ ശേഷം വന്ന ശുഭ്മാൻ ഗില്ലും അറ്റാക്കിങ് മോഡിൽ തന്നെയായിരുന്നു. 36 പന്തിൽ 39 റൺസാണ് ഗിൽ നേടിയത്. വിരാട് കോലിക്കും മുൻപേ നാലാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ട ഋഷഭ് പന്ത് (11 പന്തിൽ 9) നിരാശപ്പെടുത്തി. എന്നാൽ, പിന്നീട് വന്ന കോലിയും (35 പന്തിൽ 47) കെ.എൽ. രാഹുലും (43 പന്തിൽ 68) ചേർന്ന് റൺ നിരക്ക് ഉയർത്തി. വെറും 34.4 ഓവറിലാണ് ഇന്ത്യ 285 റൺസെടുത്തത്.
നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ, രണ്ടാം ഇന്നിങ്സ് ആരംഭിച്ച ബംഗ്ലാദേശിന് 26 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. ബൗളിങ് ഓപ്പൺ ചെയ്ത അശ്വിനാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.