ആദ്യ ഇന്നിങ്സ് വെട്ടിപ്പോയി; കളി രണ്ടാമിന്നിങ്സിൽ കാണാം

ജസ്പ്രീത് ബുംറയ്ക്ക് അഞ്ച് വിക്കറ്റ്, ഹാരി ബ്രൂക്ക് 99 റൺസിനു പുറത്ത്. ഇന്ത്യക്ക് ഒന്നാമിന്നിങ്സിൽ ലീഡ് ഏഴ് റൺസ് മാത്രം, രണ്ടാമിന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടം
Bumrah bags 5 wickets as 1st Test enters thrilling stage

അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ

Updated on

ലീഡ്സ്: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ആവേശകരമായ അന്ത്യത്തിലേക്കു നീങ്ങാൻ സാധ്യത തെളിയുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 471 റൺസിനു മറുപടിയായി ഇംഗ്ലണ്ട് 465 റൺസെടുത്തു. ഇതോടെ സന്ദർശകരുടെ ഒന്നാമിന്നിങ്സ് ലീഡ് വെറും ആറ് റൺസിൽ ഒതുങ്ങി. രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 90 റൺസെടുത്തു നിൽക്കുമ്പോൾ 96 റൺസിന്‍റെ ഓവറോൾ ലീഡ് മാത്രമാണുള്ളത്.

47 റൺസുമായി ഓപ്പണർ കെ.എൽ. രാഹുലും ആറ് റൺസുമായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലുമാണ് ക്രീസിൽ. യശസ്വി ജയ്സ്വാളിന്‍റെയും (4) സായ് സുദർശന്‍റെയും (30) വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്.

നേരത്തെ, നാല് ക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ നഷ്ടപ്പെടുത്തിയതിന്‍റെ കൂടി സഹായത്തോടെ 99 റൺസെടുത്ത ഹാരി ബ്രൂക്കിന്‍റെ ഇന്നിങ്സാണ് ഇംഗ്ലണ്ടിനെ ഇന്ത്യൻ സ്കോറിനടുത്തെത്തിച്ചത്. ജാമി സ്മിത്ത് (40), ക്രിസ് വോക്സ് (38), ബ്രൈഡൻ കാർസ് (22) എന്നിവരുടെ കാമിയോകളും ആതിഥേയർക്ക് അനുഗ്രഹമായി.

83 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ തന്നെയാണ് ഇംഗ്ലണ്ടിനെ ലീഡ് നേടുന്നതിൽ നിന്ന് തടഞ്ഞത്. പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ മുഹമ്മദ് സിറാജിന് രണ്ടു വിക്കറ്റ് കിട്ടി. 23 ഓവർ പന്തെറിഞ്ഞ രവീന്ദ്ര ജഡേജയാണ് ഏറ്റവും കുറവ് റൺസ് (68) വഴങ്ങിയതെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല.

ആറോവർ മാത്രം എറിയാൻ കിട്ടിയ ശാർദൂൽ ഠാക്കൂർ 38 റൺസ് വഴങ്ങിയതോടെ അടുത്ത ടെസ്റ്റ് കളിക്കുന്ന കാര്യം സംശയത്തിലായി. അല്ലെങ്കിൽ ഇനി ബാറ്റിങ്ങിലോ, ഇംഗ്ലണ്ടിന്‍റ ഇന്നിങ്സിലോ മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരും. അല്ലാത്ത പക്ഷം നിതീഷ് കുമാർ റെഡ്ഡിക്ക് വഴിമാറി കൊടുക്കേണ്ടിവരും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com