ഇന്ത്യ പൊരുതി; പക്ഷേ, സതാംപ്ടണിലും വീണു, പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്

ഇംഗ്ലണ്ട് ഉയർത്തിയ 258 റൺസ് ഹിമാലയൻ വിജയലക്ഷ‍്യം മുന്നിൽ കണ്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യ 201 റൺസ് അടിച്ചെടുത്തു
india vs england 5th t20 match updates

മത്സരത്തിൽ നിന്ന്

Updated on

സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ ഇന്ത‍്യയ്ക്ക് 56 റൺസ് തോൽവി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നാലു മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് പരമ്പര തൂത്തുവാരി. ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 258 റൺസ് ഹിമാലയൻ വിജയലക്ഷ‍്യം മുന്നിൽ കണ്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യയക്ക് മികച്ച തുടക്കമാണ് ഓപ്പണറായ മലയാളി താരം സഞ്ജു സാംസൺ (14 പന്തിൽ 27) നൽകിയത്.

തുടക്കത്തിലെ തന്നെ ബൗണ്ടറികളും സിക്സറുകളും അടിച്ച് സഞ്ജു ടീമിന് പ്രതീക്ഷ നൽകിയെങ്കിലും മറുവശത്ത് കാഴ്ചക്കാരനായി നിന്ന അഭിഷേക് ശർമയെ (3) ഗുഡ് ലെങ്ത്ത് ഡെലിവറിയിൽ പേസർ ജോഫ്രാ ആർച്ചർ പൂട്ടിയതോടെ ആദ‍്യ വിക്കറ്റ് വീണു. എന്നാൽ സഞ്ജു അൽപ്പം കളി മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും സാം കുറൻ എറിഞ്ഞ പന്തിൽ കവറിൽ ഫീൽഡ് ചെയ്യുകയായിരുന്ന ജേക്കബ് ബെഥേലിന് ക‍്യാച്ച് നൽകി മടങ്ങേണ്ടതായി വന്നു. പിന്നാലെയെത്തിയ ഇഷാൻ കിഷാൻ ക‍്യാപ്റ്റൻ ശ്രേയസ് അയ്യർക്കൊപ്പം (16 പന്തിൽ 28) മൂന്നാം വിക്കറ്റിൽ 50 റൺസ് സഖ‍്യമുണ്ടാക്കി റൺസ് ഉയർത്തി.

<div class="paragraphs"><p>അർധസെഞ്ചുറി നേടിയ തിലക് വർമ</p></div>

അർധസെഞ്ചുറി നേടിയ തിലക് വർമ

പക്ഷേ 10.1 ഓവറിൽ ശ്രേയസും മടങ്ങി. ഇതോടെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 110 റൺസെന്ന നിലയിലായി ഇന്ത‍്യ. രണ്ടോവർ പിന്നിട്ടപ്പോൾ ഇഷാൻ കിഷനും (35 പന്തിൽ 56) മടങ്ങിയതോടെ ടീം പ്രതിരോധത്തിലായി. ഓൾറൗണ്ടർ ശിവം ദുബെയ്ക്ക് ഇത്തവണ തിളങ്ങാനായില്ല. 10 പന്തുകൾ നേരിട്ട താരം ആകെ നേടിയത് 14 റൺസ് മാത്രമാണ്.

കഴിഞ്ഞ മത്സരങ്ങളിലൊന്നും തിളങ്ങാൻ കഴിയാത്തതിനെത്തുടർന്ന് സ്ട്രൈക്ക് റേറ്റിന്‍റെ പേരിൽ പഴി കേട്ട വൈസ് ക‍്യാപ്റ്റൻ തിലക് വർമ ഇത്തവണ 212 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റേന്തിയത്. 25 പന്തിൽ നിന്നും 4 സിക്സും 3 ബൗണ്ടറിയും അടക്കം 53 റൺസ് അടിച്ചെടുക്കാൻ താരത്തിന് സാധിച്ചു. ഇന്ത‍്യയ്ക്ക് വേണ്ടി രണ്ടാം ടി20 മത്സരം കളിച്ച യുവതാരം സൂര‍്യാംശ് ഷെഡ്ഗെ 6 പന്തിൽ നിന്നും 7 റൺസ് നേടി കളം വിട്ടു. അക്ഷർ പട്ടേൽ 3 റൺസെടുത്ത് പുറത്തായപ്പോൾ അർഷ്ദീപ് സിങ്ങും (4) പ്രസിദ്ധ് കൃഷ്ണയും (1) വിക്കറ്റ് കളയാതെ പിടിച്ചു നിന്നു.

ഈ പരമ്പരയിലെ കഴിഞ്ഞ മത്സരങ്ങളെ അപേക്ഷിച്ച് ഇന്ത‍്യൻ ബാറ്റർമാർ മികച്ച പ്രകടനമാണ് അഞ്ചാം ടി20യിൽ പുറത്തെടുത്തത്. ആക്രമണോത്സുക പുറത്തെടുത്ത് റൺസ് കണ്ടെത്തുകയെന്ന ഒറ്റ ലക്ഷ‍്യത്തോടെയാണ് ഇന്ത‍്യൻ ബാറ്റർമാർ കളിച്ചതെന്ന് മത്സരത്തിൽ നിന്നും മനസിലാക്കാം. എന്നാൽ ഇംഗ്ലണ്ടിന്‍റെ കൂറ്റൻ സ്കോർ മറികടക്കാൻ ഈ പ്രകടനം സഹായിച്ചില്ല. 201 റൺസിലൊതുങ്ങുകയായിരുന്നു ഇന്ത‍്യ.

<div class="paragraphs"><p>സെഞ്ചുറി നേടിയ ജോസ് ബട്‌ലർ</p></div>

സെഞ്ചുറി നേടിയ ജോസ് ബട്‌ലർ

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 257 റൺസ് അടിച്ചെടുത്തിരുന്നു. ഒരു വശത്ത് ക്രീസ് ഭരിച്ച് ജോസ് ബട്‌ലർ തകർത്താടിയപ്പോൾ മറുവശത്ത് ബട്‌ലറിനൊപ്പം ചേർന്ന് ക‍്യാപ്റ്റൻ ഹാരി ബ്രൂക്ക് പിന്തുണച്ചു. ഇതോടെ ഇന്ത‍്യൻ ബൗളർമാർക്ക് മറുപടിയില്ലാതായി. 64 പന്തിൽ 12 ബൗണ്ടറിയും 8 സിക്സും അടക്കം 131 റൺസാണ് ജോസ് ബട്‌ലർ അടിച്ചു കൂട്ടിയത്. ക‍്യാപ്റ്റൻ ഹാരി ബ്രൂക്ക് 45 പന്തിൽ 8 സിക്സും 4 ബൗണ്ടറിയും അടക്കം 95 റൺസ് നേടി പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. സ്കോർബോർഡിൽ 8 റൺസ് ചേർക്കുന്നതിനിടെ ആദ‍്യ വിക്കറ്റ് നഷ്ടമായി. ഓപ്പണിങ് ബാറ്റർ ഫിൽ സോൾട്ടാണ് ആ‍ദ‍്യം പുറത്തായത്. 9 പന്തിൽ നിന്നും 6 റൺസ് മാത്രം അടിച്ചെടുത്ത ഫിൽ സോൾട്ടിനെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ 233 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി ബട്‌ലർ- ബ്രൂക്ക് സഖ‍്യം മധുരപ്രതികാരം വീട്ടി. മൂന്നാമനായി ബാറ്റിങ്ങിനെത്തിയ ഹാരി ബ്രൂക്കാണ് കളിയുടെ ഗതി തന്നെ മാറ്റിയത്.

തുടക്കത്തിലെ ആക്രമണോത്സുക പുറത്തെടുത്ത് ബ്രൂക്ക് അടി തുടർന്നപ്പോൾ മറുവശത്ത് കരുതലോടെ നീങ്ങിയ ബട്‌ലറിനും അടിച്ച് കളിക്കാനുള്ള ത്വര വന്നു. ഇതോടെ ഇന്ത‍്യൻ ബൗളർമാരുടെ കാര‍്യം കഷ്ടത്തിലായി. അർഷ്ദീപ് സിങ് മാത്രമാണ് ഇംഗ്ലീഷ് പടയുടെ ബാറ്റിന്‍റെ ചൂട് അറിയാതിരുന്നത്. പ്രിൻസ് യാദവിനെയും അക്ഷർ പട്ടേലിനെയും സൂര‍്യാംശ് ഷെഡ്ഗെയെയും ഇരുവരും കണക്കിന് മർദിച്ചു.

പ്രസിദ്ധ് കൃഷ്ണ 4 ഓവറിൽ നിന്നും 38 റൺസ് വിട്ടുകൊടുത്ത് തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു. പവർപ്ലേ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. സെഞ്ചുറി നേടിയതിനു പിന്നാലെ അക്ഷർ പട്ടേൽ എറിഞ്ഞ ഓവറിൽ ബട്‌ലറുടെ ക‍്യാച്ച് സൂര‍്യാംശ് ഷെഡ്ഗെ വിട്ടുകളഞ്ഞത് പിന്നീട് ഇന്ത‍്യയ്ക്ക് തിരിച്ചടിയായി. തുടർന്ന് മത്സരത്തിന്‍റെ 18.4 ഓവറിലാണ് ശിവം ദുബെയാണ് ബട്‌ലറിനെ പുറത്താക്കുന്നതും അവിശ്വസ്നീയ കൂട്ടുകെട്ട് പൊളിയുന്നതും.

പിന്നാലെയെത്തിയ ജേക്കബ് ബെഥേൽ (0) ആദ‍്യ പന്തിൽ തന്നെ വമ്പൻ അടിക്ക് ശ്രമിച്ച് പുറത്തായത് ഇന്ത‍്യയ്ക്ക് ആശ്വാസമായി. എന്നാൽ ഹാട്രിക് ബോളിൽ സിക്സർ അടിച്ച് വിൽ ജാക്സ് വരവ് അറിയിച്ചു. പ്രിൻസ് യാദവ് എറിഞ്ഞ അവസാന ഓവറിൽ ഒരു ക‍്യാച്ച് ഇഷാൻ കിഷനും കൈവിട്ടു കളഞ്ഞു. ഇതോടെ ഇംഗ്ലണ്ട് 257 റൺസിലെത്തുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com