
ഋഷഭ് പന്ത്
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ‍്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത‍്യയുടെ ഒന്നാമിന്നിങ്സ് 471 റൺസിൽ അവസാനിച്ചു. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് എന്ന നിലയിൽ ശക്തമായി തിരിച്ചടിക്കുന്നു.
359/3 എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ ക്യാപ്റ്റന്‍ ശുഭ്മൻ ഗില്ലും വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തും ചേർന്ന് 430 റൺസ് വരെ എത്തിച്ചു. 209 റൺസാണ് മൂന്നാം വിക്കറ്റ് സഖ്യം കൂട്ടിച്ചേർത്തത്.
എന്നാൽ, 147 റൺസെടുത്ത ഗിൽ പുറത്തായ ശേഷം വെറും 41 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഇന്ത്യ ഓൾഔട്ടാകുകയായിരുന്നു. ഏഴാം ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയ ഋഷഭ് പന്ത് 178 പന്തിൽ 12 ഫോറും ആറ് സിക്സും സഹിതം 134 റൺസെടുത്താണ് പുറത്തായത്. പിന്നെ വന്നവരിൽ രവീന്ദ്ര ജഡേജയ്ക്കു (11) മാത്രമാണ് ഇരട്ട അക്ക സ്കോർ കണ്ടെത്താനായത്.
എട്ടു വർഷത്തിനു ശേഷം ടീമിൽ തിരിച്ചെത്തിയ കരുൺ നായർ പൂജ്യത്തിനു പുറത്തായി. ഇംഗ്ലണ്ടിനു വേണ്ടി ബെൻ സ്റ്റോക്സും ജോഷ് ടങ്ങും നാല് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ജസ്പ്രീത് ബുംറ തുടക്കത്തിൽ തന്നെ പ്രഹരമേൽപ്പിച്ചു. നാല് റൺസെടുത്ത സാക് ക്രോളിയെ ഫസ്റ്റ് സ്ലിപ്പിൽ കരുൺ നായരുടെ കൈയിലെത്തിക്കുകയായിരുന്നു ബുംറ. എന്നാൽ, അവിടെ ബെൻ ഡക്കറ്റിനൊപ്പം ചേർന്ന ഒലി പോപ്പ് 122 റൺസിന്‍റെ കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിന് അടിത്തറ നൽകി.
ഡക്കറ്റിനെയും (62) ജോ റൂട്ടിനെയും (28) കൂടി ബുംറ തന്നെ പുറത്താക്കിയെങ്കിലും, ഒലി പോപ്പിന്‍റെ സെഞ്ചുറി ഇംഗ്ലണ്ടിനെ നല്ല രീതിയിൽ രണ്ടാം ദിവസം അവസാനിപ്പിക്കാൻ സഹായിച്ചു. ഹാരി ബ്രൂക്ക് ഇതിനിടെ ബുംറയുടെ നാലാമത്തെ ഇരയായെന്നു തോന്നിച്ചെങ്കിലും നോബോളായിരുന്നു. 100 റൺസുമായി പോപ്പും റണ്ണൊന്നുമെടുക്കാതെ ബ്രൂക്കും ക്രീസിൽ.