ചാംപ്യൻ ടീം ഇന്ത്യ അയർലൻഡിനോട് തോറ്റു!

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. ഇന്ത്യ 148 റൺസിന് ഓൾഔട്ട്; തോൽവി 34 റൺസിന്.
India vs Ireland 1st T20

ഇന്ത്യൻ വംശജനായ അയർലൻഡ് പേസ് ബൗളർ ജയ് മൂന്ദ്രയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ.

Updated on

ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 34 റൺസ് തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് എടുത്തത്. ഇന്ത്യ 18.5 ഓവറിൽ 148 റൺസിന് ഓൾഔട്ടായി. ടി20 ലോകകപ്പ് നേടിയ ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ അന്താരാഷ്ട്ര ടി20 മത്സരമാണിത്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസി അരങ്ങേറ്റം തോൽവിയോടെയുമായി. ഏത് ഫോർമാറ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യ അയർലൻഡിനോട് തോൽക്കുന്നത് ഇതാദ്യം.

തകർച്ചയെ അതിജീവിച്ച് മികച്ച സ്കോർ കെട്ടിപ്പടുത്ത അയർലൻഡിനെതിരേ ഇന്ത്യയുടെ തുടക്കം തന്നെ പാളി. സഞ്ജു സാംസൺ രണ്ടാം ഓവറിൽ വീണു. നാല് പന്തിൽ അഞ്ച് റൺസെടുത്ത സഞ്ജു, ഇന്ത്യൻ വംശജനായ ഇടങ്കയ്യൻ പേസർ ജയ് മൂന്ദ്രയുടെ പന്തിൽ ബൗൾഡായി. പിന്നാലെ ഇഷാൻ കിഷനും (1) ശ്രേയസ് അയ്യരും (3) കൂടി മടങ്ങിയതോടെ ഇന്ത്യ 60/3 എന്ന നിലയിലായി. ഇതിനകം അഭിഷേക് ശർമ താളം കണ്ടെത്തിയിരുന്നു. എന്നാൽ, 20 പന്തിൽ 50 റൺസെടുത്ത് മടങ്ങി. പിന്നാലെ തിലക് വർമയും (19) വീണതോടെ ഇന്ത്യ 90/5.

India vs Ireland 1st T20

ഇന്ത്യക്കെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെ ബാറ്റിങ് തകർച്ചയിൽ നിന്നു കരകയറ്റിയ ലോർക്കൻ ടക്കർ.

വാഷിങ്ടൺ സുന്ദർ (9), ശിവം ദുബെ (25), അക്ഷർ പട്ടേൽ (15) എന്നിങ്ങനെ ശേഷിച്ച അംഗീകൃത ബാറ്റർമാരെല്ലാം നിരാശപ്പെടുത്തിയപ്പോൾ പൊരുതാൻ പോലുമാകാതെ കീഴടങ്ങുകയായിരുന്നു ലോക ചാംപ്യൻമാർ. ഇന്ത്യൻ സ്പിന്നർമാർ തല്ല് വാങ്ങിക്കൂട്ടിയ പിച്ചിൽ, അയർലൻഡിനു വേണ്ടി ന്യൂബോൾ എടുത്ത സ്പിന്നർ മാത്യു ഹംഫ്രീസ് മൂന്ന് വിക്കറ്റ് നേടി. മാറ്റ് ഹൊളാർഡും മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ജയ് മൂന്ദ്രയ്ക്ക് രണ്ട് വിക്കറ്റ്. ഹൊളാർഡിനും മൂന്ദ്രയ്ക്കും ഇത് അരങ്ങേറ്റ മത്സരമായിരുന്നു.

നേരത്തെ, തകർച്ചയോടെയായിരുന്നു അയർലൻഡിന്‍റെയും തുടക്കം. രണ്ടാം ഓവറിൽ ആദ്യ വിക്കറ്റ് വീണെങ്കിലും അപ്പോഴേക്കും സ്കോർ ബോർഡിൽ 20 റൺസ് എത്തിയിരുന്നു. 7.1 ഓവർ ആകുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിൽ ഐറിഷ് ടോപ് ഓർഡർ തകർന്നു.

എന്നാൽ, ലോർക്കൻ ടക്കറുടെ അർധ സെഞ്ചുറി അവരെ കരകയറ്റി. നാലാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയ ടക്കർ 36 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 50 റൺസെടുത്താണ് പുറത്തായത്. ഗാരത് ഡിലനി 32 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 49 റൺസും നേടി.

പരുക്കിൽനിന്ന് മുക്തനായി ടീമിൽ തിരിച്ചെത്തിയ ഹർഷിത് റാണയാണ് അർഷ്ദീപ് സിങ്ങിനൊപ്പം ന്യൂബോൾ എടുത്തത്. നാലോവറിൽ 24 റൺസ് വഴങ്ങിയ ഹർഷിത് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. അർഷ്ദീപ് 28 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

India vs Ireland 1st T20

ഇന്ത്യൻ പേസ് ബൗളർമാർ ഹർഷിത് റാണയും അർഷ്ദീപ് സിങ്ങും അയർലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിനിടെ.

ജന്മദിനത്തിൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിയ ശിവം ദുബെ ആകെ മൂന്നോവറിൽ വഴങ്ങിയത് 18 റൺസ് മാത്രം. എന്നാൽ, തല്ലുകൊള്ളിയെന്ന പേരുദോഷം മാറ്റാൻ കഴിയാത്ത പ്രസിദ്ധ് കൃഷ്ണ നാലോവറിൽ 57 റൺസാണ് ലീക്ക് ചെയ്തത്. 17ാം ഓവറിൽ മാത്രം മൂന്ന് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 27 റൺസ് വീണു.

ടീമിലുണ്ടായിരുന്ന രണ്ട് സ്പിന്നർമാരും നന്നായി അടിവാങ്ങി. വാഷിങ്ടൺ സുന്ദറിന്‍റെ ഒരോവറിൽ 19 റൺസ് പിറന്നു. അക്ഷർ പട്ടേൽ ആദ്യ രണ്ടോവറിൽ 26 റൺസ് വിട്ടുകൊടുത്തെങ്കിലും പിന്നീട് ഗംഭീരമായി തിരിച്ചുവന്നു. ആകെ നാലോവറിൽ 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

logo
Metro Vaartha
www.metrovaartha.com