സഞ്ജു തുടങ്ങി, ധീർ തീർത്തു; ഇന്ത്യക്ക് റെക്കോഡ് ജയം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് അടിച്ചെടുത്തു. ഫിൻ അലൻ 40 പന്തിൽ പുറത്താകാതെ 82 റൺസ്.
India vs New Zealand 1st T20

ന്യൂസിലൻഡിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്‍റെ ലോഫ്റ്റഡ് സ്ട്രെയ്റ്റ് ഡ്രൈവ്.

Updated on: 

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശകരമായ വിജയം. സഞ്ജു സാംസൺ തുടങ്ങി വച്ച കൂറ്റൻ റൺ ചേസ് വീരോചിതമായി പൂർത്തിയാക്കിയത് നമൻ ധീർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് അടിച്ചെടുത്തു. ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ 230 റൺസിലെത്തി. ടി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിജയകരമായ റൺ ചേസാണിത്.

കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യക്ക് സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 5.4 ഓവറിൽ ഇവർ 99 റൺസ് കൂട്ടിച്ചേർത്തു. വെറും 12 പന്തിൽ 29 റൺസെടുത്ത അഭിഷേകാണ് ആദ്യം പുറത്തായത്. രണ്ട് ഫോറും മൂന്ന് സിക്സും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്സ്. പിന്നാലെ സഞ്ജുവും മടങ്ങിയതോടെ ഇന്ത്യ അൽപ്പസമയം ബാക്ക് ഫുട്ടിലായി. 33 പന്ത് നേരിട്ട സഞ്ജു എട്ട് ഫോറും നാല് സിക്സും സഹിതം 67 റൺസെടുത്തു. ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ട സഞ്ജു തന്നെയാണ് പ്ലെയർ ഒഫ് ദ മാച്ച് ആയും തെരഞ്ഞെടുക്കപ്പെട്ടത്.

India vs New Zealand 1st T20

ന്യൂസിലൻഡിനെതിരായ ഇന്ത്യൻ വിജയം ഉറപ്പാക്കിയ നമൻ ധീറിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ.

തിലക് വർമയും (6) ഇഷാൻ കിഷനും (1) ക്ഷണത്തിൽ മടങ്ങിയത് തിരിച്ചടിയായി. പിന്നാലെ അക്ഷർ പട്ടേലിനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പോരാട്ടം. 14 പന്തിൽ 24 റൺസെടുത്ത അക്ഷർ മടങ്ങിയതോടെ നമൻ ധീറിന്‍റെ ഊഴം. പുതുമുറക്കാരന്‍റെ പരിഭ്രമങ്ങളില്ലാതെ കളിച്ച നമൻ ധീറിന്, രണ്ടോവറിൽ 16 റൺസ് മാത്രം മതിയെന്ന നിലയിലേക്ക് ഇന്ത്യയെ അടുപ്പിക്കാൻ സാധിച്ചു. എന്നാൽ, അവിടെ വച്ച് ശ്രേയസ് വീണു. 28 പന്തിൽ 42 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്.

19-ാം ഓവറിൽ ഒരു ബൗണ്ടറി കൂടി നേടിയ ധീർ, അവസാന ഓവറിൽ ഇക്വേഷൻ എട്ട് റൺസിലേക്കു ചുരുക്കി. ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ ധീർ സമ്മർദം മാറ്റ് ഹെൻറിക്കു മുകളിലാക്കി. നാലാം ഓവറിൽ ടോപ് എഡ്ജ് ചെയ്ത സിക്സറോടെ വിജയവും ഇന്ത്യക്ക്. 15 പന്ത് മാത്രം നേരിട്ട നമൻ ധീർ 42 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ, ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം ടീമിൽ തിരിച്ചെത്തിയ സ്വിങ് കിങ് ഭുവനേശ്വർ കുമാറാണ് ഇന്ത്യക്കു വേണ്ടി ന്യൂബോൾ എടുത്തത്. ആദ്യ ഓവറിൽ നന്നായി തുടങ്ങിയെങ്കിലും തുടർന്നുള്ള ഓവറുകളിൽ കനത്ത ശിക്ഷ ഏറ്റുവാങ്ങി. ആദ്യ ഓവറിൽ 4 റൺസ് മാത്രം വിട്ടുകൊടുത്ത ഭുവി നാലോവർ ക്വോട്ട തികയ്ക്കുമ്പോൾ 49 റൺസ് വഴങ്ങിയിരുന്നു; വിക്കറ്റൊന്നും കിട്ടിയതുമില്ല.

India vs New Zealand 1st T20

ഇന്ത്യക്കെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് ബാറ്റർ ഗ്ലെൻ ഫിലിപ്സിന്‍റെ ഷോട്ട്.

അർഷ്‌ദീപ് സിങ്ങും ആദ്യ ഓവർ നന്നായി തുടങ്ങിയ ശേഷം നാലോവറിൽ ഒരു വിക്കറ്റ് നേടാൻ 45 റൺസ് വഴങ്ങി. മായങ്ക് യാദവാണ് ടിം സീഫർട്ടിനെ (17 പന്തിൽ 24) വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്‍റെ കൈകളിലെത്തിച്ച് ന്യൂസിലൻഡിന്‍റെ ഓപ്പണിങ് സഖ്യം പൊളിച്ചത്. അക്ഷർ പട്ടേലിന്‍റെ പന്തിൽ തിലക് വർമയ്ക്ക് ക്യാച്ച് നൽകി മടങ്ങും മുൻപ് ഫിൻ അലൻ 24 പന്തിൽ 45 റൺസും നേടി.

ഡാരിൽ മിച്ചലും (19 പന്തിൽ 28) ബെവൺ ജേക്കബ്സും (16 പന്തിൽ 31) കത്തിക്കയറിയപ്പോൾ ഗ്ലെൻ ഫിലിസ്പ്സ് തനതായ ശൈലിയിൽ ബാറ്റിങ് വെടിക്കെട്ട് തന്നെ പുറത്തെടുത്തു. 40 പന്ത് നേരിട്ട ഫിലിപ്സ് എട്ട് ഫോറും മൂന്ന് സിക്സും സഹിതം 82 റൺസെടുത്ത് പുറത്താകാതെ നിന്നു.