
മ്യൂണിക്: ജപ്പാനോട് ഖത്തര്‍ ലോകകപ്പില്‍ തോറ്റതിനേക്കാള്‍ വലിയ തോല്‍വി ഏറ്റുവാങ്ങി ജര്‍മനി. സ്വന്തം സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ പോരാട്ടത്തില്‍ ജര്‍മനിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ജപ്പാന്‍ വീഴ്ത്തിയത്. ജപ്പാന്‍ ലോകകപ്പില്‍ നേടിയത് അട്ടിമറി വിജയമായിരുന്നില്ലെന്ന് തെളിയിച്ചുകൊണ്ടാണ് ഇവിടെ ജര്‍മനിയെ ജപ്പാന്‍ തകര്‍ത്തു തരിപ്പണമാക്കിയത്. യൂറോ ചാംപ്യന്‍ഷിപ്പിനുള്ള യോഗ്യതാ പോരാട്ടങ്ങള്‍ ആരംഭിക്കാനിരിക്കവെയാണ് ജര്‍മനിയുടെ നാണംകെട്ട പരാജയം.
അടുത്ത വര്‍ഷം യൂറോ കപ്പിന് ആതിഥേയരാകുന്ന ജര്‍മനിയുടെ ഞെട്ടിക്കുന്ന തോല്‍വി ആരാധകരെയും നിരാശരാക്കി. അവസാനം കളിച്ച 17 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ജര്‍മനിക്ക് ജയിക്കാനായത്. ഭാവനാരഹിതമായ മുന്നേറ്റങ്ങളും ജപ്പാന്‍റെ നിരന്തരമുള്ള ആക്രമണങ്ങളും ജര്‍മനിക്ക് വിനയായി. 11ാം മിനിറ്റില്‍ ജുന്യ ഇട്ടോയുടെ ഗോളിലൂടെയാണ് ജപ്പാന്‍ മുന്നിലെത്തിയത്. എന്നാല്‍, എട്ടു മിനിറ്റുകള്‍ക്കു ശേഷം 19-ാം മിനിറ്റില്‍ ലിറോയ് സാനെയുടെ ഗോളിലൂടെ ജര്‍മനി സമനില സ്വനന്തമാക്കി. ഇതോടെ മത്സരത്തിലേക്ക് ജര്‍മനി തിരിച്ചെത്തിയെന്നു തോന്നിപ്പിച്ചു.
എന്നാല്‍, നീല സമുറായികളുടെ പടയോട്ടത്തില്‍ ജര്‍മന്‍ ടാങ്കറുകള്‍ തകര്‍ന്നു. മൂന്ന് മിനിറ്റിനകം അയാസെ യുവേഡ വീണ്ടും ജപ്പാനെ മുന്നിലെത്തിച്ചു. സമനില ഗോളിനായുള്ള ജര്‍മനിയുടെ ശ്രമങ്ങളെല്ലാം ഫലപ്രദമായി തടഞ്ഞ ജപ്പാന്‍ കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ 90ാം മിനിറ്റില്‍ ടാകുമ അസാനോയിലൂടെ മൂന്നാം ഗോള്‍ നേടി വിജയം ഉറപ്പിച്ചു. ഇഞ്ചുറി ടൈമില്‍ ടനാക ജര്‍മനിയുടെ പതനം പൂര്‍ത്തിയാക്കി നാലാം ഗോളും നേടിയതോടെ നാണക്കേടിന്‍റെ പടുകുഴിയില്‍ വീണ് ജര്‍മനി മൈതാനത്തിരുന്നു. നാലു തവണ ലോക ചാമ്പ്യന്‍മാരായ ജര്‍മനി സ്വന്തം കാണികള്‍ക്ക് മുമ്പില്‍ നാണംകെടുന്ന കാഴ്ചയാണ് കണ്ടത്. ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിലെത്താന്‍ വിജയം അനിവാര്യമായ ഗ്രൂപ്പ് പോരാട്ടത്തില്‍ ജപ്പാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജര്‍മനി തോറ്റ് പുറത്തായിരുന്നു.
എന്നാല്‍, അത് ഒരു ഫ്‌ളൂക്ക് എന്ന രീതിയിലായിരുന്നു പലരും നിരീക്ഷിച്ചത്. എന്നാല്‍, തങ്ങള്‍ ആധികാരികമായി തന്നെയായിരുന്നു അന്നും ജയിച്ചത് എന്ന് ജാപ്പനീസ് താരങ്ങള്‍ തെളിയിച്ചു. അന്ന് ജപ്പാന്‍റെ വിജയഗോളടിച്ച അസാനോ തന്നെയാണ് ഇവിടെയും ജപ്പാന്‍റെ വിജയം ഉറപ്പിച്ച മൂന്നാം ഗോള്‍ നേടിയത്. 2020ല്‍ നേഷന്‍സ് ലീഗില്‍ സ്‌പെയിനോട് 6-0ന് തോറ്റശേഷം ജര്‍മനി വഴങ്ങുന്ന ഏറ്റവും കനത്ത തോല്‍വിയാണിത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാലിലും ജര്‍മനി തോല്‍വി വഴങ്ങി.