

സ്മരൺ രവിചന്ദ്രൻ
തിരുവനന്തപുരം: കർണാടകയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ബാറ്റിങ് തകർച്ച. രണ്ടാം ദിനം അവസാനിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ് കേരളം. ഓപ്പണിങ് ബാറ്റർ കൃഷ്ണപ്രസാദ് (4), എം.ഡി. നിധീഷ് (0), വൈശാഖ് ചന്ദ്രൻ (0) എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.
കർണാടകയ്ക്കു വേണ്ടി വിദ്വത് കവേരപ്പ രണ്ടും വൈശാഖ് വിജയകുമാർ ഒരു വിക്കറ്റും വീഴ്ത്തി. 11 റൺസുമായി എൻ.പി. ബേസിലും 6 റൺസുമായി അക്ഷയ് ചന്ദ്രനുമാണ് ക്രീസിൽ.
ഇരട്ട സെഞ്ചുറി നേടിയ കരുൺ നായരുടെ ആഹ്ലാദ പ്രകടനം
നേരത്തെ കർണാടക ഒന്നാം ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 586 റൺസെന്ന നിലയിൽ ഡിക്ലെയർ ചെയ്യുകയായിരുന്നു. 389 പന്തുകൾ നേരിട്ട് 233 റൺസ് നേടിയ കരുൺ നായരായിരുന്നു ടീമിന്‍റെ ടോപ് സ്കോറർ.
കരുണിനു പുറമെ സ്മരൺ രവിചന്ദ്രനും ഇരട്ട സെഞ്ചുറി നേടി. 390 പന്തിൽ നിന്നും 16 ബൗണ്ടറിയും 3 സിക്സും ഉൾപ്പടെ 220 റൺസ് നേടി താരം. നാലാം വിക്കറ്റിൽ 343 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. ഇരുവർക്കും പുറമെ കൃഷ്ണൻ ശ്രീജിത്ത് അർധസെഞ്ചുറി നേടി. കരുണിനെ എൻ.പി. ബേസിലും പിന്നാലെ ക്രീസിലെത്തിയ അഭിനവ് മനോഹറിനെ (20) വൈശാഖ് ചന്ദ്രനുമാണ് പുറത്താക്കിയത്. ഏഴാമനായി ക്രീസിലെത്തിയ ശ്രേയസ് ഗോപാൽ സ്മരണിനൊപ്പം ബാറ്റ് ചെയ്യവെയാണ് ക‍്യാപ്റ്റൻ മായങ്ക് അഗർവാൾ ഇന്നിങ്സ് ഡിക്ലെയർ ചെയ്തത്.